| Friday, 30th September 2022, 9:36 pm

അക്കാര്യം ആലോചിച്ച് തല പുണ്ണാക്കണ്ട എന്ന് സച്ചിന്‍ പറഞ്ഞു; ആ വാക്കുകള്‍ എനിക്ക് മറക്കാനാകില്ല: പ്രഗ്യാന്‍ ഓജ

സ്പോര്‍ട്സ് ഡെസ്‌ക്

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം കളിക്കുക എന്നത് സ്വപ്‌നമായി ഉള്ളില്‍ കൊണ്ടുനടന്നവരാണ് അദ്ദേഹത്തിന്റെ തലമുറയിലെ ഓരോ ക്രിക്കറ്ററും. ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും ആ സ്വപ്‌നം കണ്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ടീമിലുണ്ടായിരുന്ന സമയത്ത് സച്ചിനൊപ്പം കളിക്കാനായില്ലെങ്കിലും ഇപ്പോള്‍ അതിനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഓജ. ലെജന്‍ഡ്‌സ് ലീഗിലാണ് സച്ചിനൊപ്പം കളിക്കാന്‍ ഓജക്ക് അവസരം കിട്ടിയിരിക്കുന്നത്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണ്‍ നടക്കുകയാണ് ഇപ്പോള്‍.

സച്ചിനൊപ്പം കളിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ ഓജ അദ്ദേഹം തനിക്ക് നല്‍കുന്ന നിര്‍ദേശങ്ങളെ കുറിച്ചും വാചാലനായി. സച്ചിനില്‍ നിന്നും ഒരു ക്രിക്കറ്റര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നും ഓജ പറയുന്നു.

‘സച്ചിനൊപ്പം കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അതാണ് ഇപ്പോള്‍ സത്യമായി തീര്‍ന്നിരിക്കുന്നത്. എന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഏറെ വൈകിയാണ് ഇത് സംഭവിക്കുന്നതെങ്കിലും. ഇപ്പോഴെങ്കിലും ഇത് നടന്നത് ഭാഗ്യമായി തന്നെയാണ് ഞാന്‍ കരുതുന്നത്. അതിലെനിക്ക് ഏറെ സന്തോഷമുണ്ട്.

അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഒരാള്‍ക്ക് പഠിക്കാനാകും. നമ്മുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റോ കളിയില്‍ ചെറിയ അബദ്ധമോ പറ്റിയാല്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞ് തന്നിട്ടുണ്ട്.

അത്തരം അബദ്ധങ്ങള്‍ ആലോചിച്ച് തല പുണ്ണാക്കരുതെന്നും വരാന്‍ പോകുന്ന മാച്ചുകളില്‍ ശ്രദ്ധിക്കൂവെന്നുമാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്.

ഓസ്‌ട്രേലിയ ലെജന്‍ഡ്‌സിനെതിരെ നടന്ന കളിയില്‍ കൂടി അദ്ദേഹം എന്നോട് അക്കാര്യം പറഞ്ഞു. ഞാനാകെ ടെന്‍ഷന്‍ അടിച്ചിരിക്കുകയായിരുന്നു. റിലാക്‌സ് ചെയ്യാനും കൂടുതലായി ചിന്തിച്ച് സമ്മര്‍ദം കൂട്ടാതിരിക്കാനും അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എനിക്ക് ഏറെ വിലപ്പെട്ടതാണ്. ഒരിക്കലും മറക്കില്ല,’ ഓജ പറഞ്ഞു.

2010ല്‍ സിംബാവെ പര്യടനത്തിലാണ് പ്രഗ്യാന്‍ ഓജ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. എന്നാല്‍ സീനിയര്‍ താരങ്ങളെല്ലാവരും വിശ്രമത്തിലായിരുന്ന സമയമായതിനാല്‍ ആ സമയത്ത് സച്ചിനൊപ്പം കളിക്കാന്‍ ഓജക്കായില്ല.

പിന്നീട് അധികം നാള്‍ ദേശീയ ടീമില്‍ തുടര്‍ന്നില്ലെങ്കിലും ഐ.പി.എല്ലില്‍ ഓജ സജീവമായിരുന്നു. പക്ഷെ അപ്പോഴും ഈ ഇടം കയ്യന്‍ സ്പിന്നര്‍ക്ക് മുംബൈ ഇന്ത്യന്‍സില്‍ അവസരം ലഭിക്കാത്തതുകൊണ്ട് സച്ചിനൊപ്പം കളിക്കാനായില്ല.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലായിരുന്നു ഓജ കളിച്ചത്.

ഇപ്പോള്‍ ലെജന്‍ഡ്‌സ് ലീഗിലൂടെ ഏറെ നാളായി ഉള്ളില്‍ കൊണ്ടുനടന്ന സ്വപ്‌നം സഫലമായതിന്റെ ആവേശിലാണ് പ്രഗ്യാന്‍ ഓജ.

Content Highlight: Pragyan Ojha about Sachin Tendulkar

We use cookies to give you the best possible experience. Learn more