| Tuesday, 28th March 2023, 8:16 pm

'ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ കാശില്ലാതെ, പാല്‍ വിറ്റുനടന്നിരുന്ന ഒരു രോഹിത് ശര്‍മയുണ്ടായിരുന്നു, അത് പറയുമ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ക്രിക്കറ്റില്‍ രോഹിത് ശര്‍മ ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഏകദിനത്തില്‍ ഏറ്റവും തവണ ഇരട്ട സെഞ്ച്വറിയടിച്ച താരമെന്ന നേട്ടമുള്‍പ്പെടെ നിരവധി റെക്കോഡുകളാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്.

എന്നാല്‍ നാഗ്പൂരില്‍ നിന്നുള്ള ഒരു സാധാരണക്കാരന്‍ ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ ക്രിക്കറ്ററായി വളര്‍ന്നതിന് പിന്നില്‍ കഷ്ടപ്പാടുകളുടെ കൂടി കഥയുണ്ട്. സ്വന്തം കഠിനാധ്വാനത്തില്‍ കെട്ടിപ്പടുത്ത ക്രിക്കറ്റ് കരിയറില്‍ ആരാധകര്‍ കാണാത്തതും കേള്‍ക്കാത്തതുമായ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ജീവിതത്തിലെ അത്തരമൊരു സംഭവത്തെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും മുംബൈ ഇന്ത്യന്‍സിനൊപ്പവും ഇന്ത്യന്‍ നാഷണല്‍ ടീമിലും രോഹിത് ശര്‍മക്കൊപ്പം കളിച്ച താരം കൂടിയായിരുന്നു ഓജ.

ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു രോഹിത് ശര്‍മയുടെ ബാല്യമെന്നും ക്രിക്കറ്റ് കിറ്റ് വാങ്ങിക്കാന്‍ വേണ്ടി പാല്‍ പാക്കറ്റുകള്‍ എത്തിച്ചു നല്‍കുന്ന ജോലി രോഹിത് ചെയ്തിരുന്നുവെന്നും ഓജ പറഞ്ഞു. ജിയോ സിനിമാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഓജ ഇക്കാര്യം പറഞ്ഞത്.

‘അണ്ടര്‍ 15 നാഷണല്‍ ക്യാമ്പില്‍ വെച്ചാണ് ഞാന്‍ രോഹിത് ശര്‍മയെ ആദ്യമായി കാണുന്നത്. അവന്‍ സ്‌പെഷ്യലായ ഒരു താരമാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അന്ന് ഞാന്‍ അവനൊപ്പം കളിക്കുകയും അവന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

രോഹിത് ശര്‍മ അധികമൊന്നും സംസാരിക്കാത്ത, എന്നാല്‍ കളിക്കുമ്പോള്‍ തീര്‍ത്തും അഗ്രസ്സീവായ ഒരു ടിപ്പിക്കല്‍ ബോംബേ പയ്യനായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം അറിയുക പോലുമില്ലാത്ത ഒരു സമയത്ത് അവന്‍ എന്നോട് ഗ്രൗണ്ടില്‍ അഗ്രസ്സീവായി പെരുമാറിയത് എന്നെ സംബന്ധിച്ച് സര്‍പ്രൈസായിരുന്നു. എന്നാല്‍ അതിന് ശേഷം ഞങ്ങളുടെ സുഹൃത് ബന്ധം വളര്‍ന്നു.

അവനൊരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുമായിരുന്നു വന്നത്. ക്രിക്കറ്റ് കിറ്റ് പോലും വാങ്ങാന്‍ സാധിക്കാത്ത തരത്തില്‍ ജീവിതത്തില്‍ പ്രയാസമുണ്ടായതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അവന്‍ ഏറെ വികാരാധീനനായിരുന്നു. ക്രിക്കറ്റ് കിറ്റ് വാങ്ങുന്നതിന് വേണ്ടി പാല്‍ പാക്കറ്റുകള്‍ എത്തിക്കുന്ന ജോലികളടക്കം അവന്‍ ചെയ്തിരുന്നു. ഇതൊക്കെ ഒരുപാട് കാലം മുമ്പാണ്.

എന്നാല്‍, അദ്ദേഹത്തിന്റെ യാത്ര എവിടെ നിന്ന് തുടങ്ങി, ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ഏറെ അഭിമാനം തോന്നാറുണ്ട്,’ ഓജ പറഞ്ഞു.

Content Highlight: Pragyan Ojha about Rohit Sharma

We use cookies to give you the best possible experience. Learn more