| Thursday, 28th November 2019, 1:11 pm

ദേശഭക്തന്‍ എന്നുവിളിച്ചത് ഗോഡ്‌സെയെ അല്ല, മറ്റൊരാളെ; വിവാദ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് പ്രജ്ഞാ സിങ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഥുറാം ഗോഡ്‌സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ച പ്രസ്താവന വിവാദമായതിനു ശേഷം മലക്കംമറിഞ്ഞ് ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍. താന്‍ ഗോഡ്‌സെയെ അല്ല ഉദ്ദേശിച്ചതെന്നും ഉദ്ധം സിങ്ങിനെയാണെന്നും പ്രജ്ഞ ന്യായീകരിച്ചു.

ട്വിറ്ററിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ഉദ്ധം സിങ്ങിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും പ്രജ്ഞ പറഞ്ഞു.

ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരംവീട്ടാനായി ബ്രിട്ടീഷ് ഗവര്‍ണര്‍ ഒ. ഡയറിനെ വെടിവെച്ചു കൊന്നത് ഉദ്ധം സിങ്ങായിരുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ 21-ാം വാര്‍ഷിക ദിനത്തില്‍ ലണ്ടനില്‍ വെച്ചായിരുന്നു ഈ സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതില്‍ 1940 ജൂണ്‍ 12-ന് ലണ്ടനിലെ പെന്റോണ്‍ വില്ല ജയിലില്‍ ഉദ്ധം സിങ്ങിനെ തൂക്കിക്കൊല്ലുകയായിരുന്നു.

പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ ബി.ജെ.പി അവര്‍ക്കെതിരെ നടപടിയുമായി രംഗത്തെത്തിയിരുന്നു.

പ്രജ്ഞയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

പ്രസ്താവന അപലപനീയമാണെന്നും അത്തരം പ്രസ്താവനകളെയോ ആശയത്തെയോ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും നഡ്ഡ വ്യക്തമാക്കി.

ഇന്നലെ ലോക്‌സഭയില്‍ എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രജ്ഞ വിവാദ പ്രസ്താവന നടത്തിയത്. ഡി.എം.കെ അംഗമായ എ. രാജ മഹാത്മാ ഗാന്ധിയെ എന്തുകൊണ്ടു താന്‍ വധിച്ചുവെന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു.

ഗാന്ധിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹത്തോടു വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗോഡ്‌സെ പറഞ്ഞതായി രാജ പറഞ്ഞിരുന്നു. ഇതിനിടെ രാജയെ ഖണ്ഡിച്ചുകൊണ്ടാണ് പ്രജ്ഞ രംഗത്തെത്തിയത്. ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്തു. അതേസമയം പ്രജ്ഞയെ പിന്തിരിപ്പിച്ച് സീറ്റില്‍ ഇരുത്താനായിരുന്നു ബി.ജെ.പി അംഗങ്ങളുടെ ശ്രമം.

We use cookies to give you the best possible experience. Learn more