ഒടുവില്‍ പ്രജ്ഞ സിങ് കോടതിയില്‍; വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തിരികെ പോകണമെന്ന് ആവശ്യം, നടപടികള്‍ പൂര്‍ത്തിയാവാതെ കോടതി വിട്ടു പോകരുതെന്ന് താക്കീത്
Malegaon Blast
ഒടുവില്‍ പ്രജ്ഞ സിങ് കോടതിയില്‍; വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തിരികെ പോകണമെന്ന് ആവശ്യം, നടപടികള്‍ പൂര്‍ത്തിയാവാതെ കോടതി വിട്ടു പോകരുതെന്ന് താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 5:08 pm

മുംബൈ: നാടകീയതകള്‍ക്കൊടുവില്‍ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഇന്ന് എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരായി. ഇന്നലെ ഹാജരവേണ്ടിയിരുന്ന പ്രജ്ഞ വയറു വേദനയാണെന്ന് അവകാശപ്പെട്ട് കോടതിയില്‍ നിന്ന് ഇളവ് സമ്പാദിക്കുകയായിരുന്നു.

വാദം കേള്‍ക്കലിനിടെ ഇതു വരെ എത്ര സാക്ഷികളെ കോടതി വിസ്തരിച്ചു എന്ന ജഡ്ജിന്റെ ചോദ്യത്തിന്, തനിക്കറിയില്ല എന്നായിരുന്നു പ്രജ്ഞയുടെ മറുപടി. മലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് ചോദിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവരുടെ പ്രതികരണം.

ഇതുവരെ 116 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. ഉച്ചയ്ക്ക് കോടതി പിരിഞ്ഞതിന് ശേഷം രണ്ടു സാക്ഷികളെക്കൂടെ ഹാജരാക്കാനുണ്ടായിരുന്നു. അതിനു കാത്തു നില്‍ക്കാതെ കോടതിയില്‍ നിന്നും തിരിച്ചു പോകാന്‍ പ്രജ്ഞ അനുമതി തേടിയിരുന്നു. എന്നാല്‍ കോടതി നടപടികള്‍ അവസാനിക്കുന്നതു വരെ കോടതി വിട്ടു പോകരുതെന്നായിരുന്നു പ്രജ്ഞയ്ക്ക് ലഭിച്ച മറുപടി.

വ്യാഴാഴ്ചയായിരുന്നു മുംബൈ കോടതിയില്‍ പ്രജ്ഞ ഹാജരാവേണ്ടിയിരുന്നത്. എന്നാല്‍ തലേദിവസം രാത്രി ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രോഗവിവരം പറഞ്ഞ് കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും പ്രജ്ഞ ഇളവു തേടുകയും ചെയ്തിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ഇവര്‍ രജപുത് സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു പരിപാടി. മഹാറാണാ പ്രതാപിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ ബി.ജെ.പി ഭോപ്പാല്‍ ജില്ലാ പ്രസിഡന്റ് വികാസ് വിരാണിയും മേയര്‍ അലോക് വര്‍മ്മയും പങ്കെടുത്തിരുന്നു.

രോഗം മാറിയോ എന്ന് ചോദിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അതിനുശേഷം അവര്‍ ആശുപത്രിയിലേക്ക് തന്നെ പോയെന്നുമാണ് പ്രജ്ഞയുടെ സഹായി പറഞ്ഞത്.

അസുഖത്തെക്കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഇന്നും കോടതിയില്‍ ഹാജരായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയായിരുന്നു കോടതി പ്രജ്ഞയ്ക്ക് ഒരു ദിവസത്തെ സമയം അനുവദിച്ചത്.

2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറിയത്.