| Thursday, 16th May 2019, 1:24 pm

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുന്‍ ജഡ്ജിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തി പ്രജ്ഞാ സിങ് താക്കൂര്‍; മോദി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജിവെച്ചതെന്ന് മുന്‍ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ജഡ്ജിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ദേവാസ് മഹേന്ദ്ര സോളങ്കിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തി മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് താക്കൂര്‍. ബി.ജെ.പി ആവശ്യപ്പെട്ടതു പ്രകാരം ജഡ്ജി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടുവന്നയാളാണ് താനെന്നാണ് സോളങ്കി പറയുന്നത്.

ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികൂടിയാണ് പ്രജ്ഞ. ഈ കേസില്‍ സെഷന്‍സ് കോടതി പ്രജ്ഞയെ കുറ്റവിമുക്തയാക്കിയിരുന്നു. കേസിപ്പോള്‍ ഭോപ്പാല്‍ എന്‍.ഐ.എ കോടതിയുടെ പരിഗണനയിലാണ്.

തനിക്കുവേണ്ടി പ്രജ്ഞാ സിങ് പ്രചാരണം നടത്തുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് 35 കാരനായ സോളങ്കി പറയുന്നത്. ഇരുകേസുകളിലും കോടതി പ്രജ്ഞയെ കുറ്റവിമുക്തയാക്കിയതാണെന്നാണ് സോളങ്കിയുടെ അവകാശവാദം.

‘ 1999ലാണ് ഞാന്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പിന്നീട് ഞാന്‍ എ.ബി.വി.പിയില്‍ ചേരുകയും പിന്നീട് ബി.ജെ.പിയിലേക്ക് പോകുകയും ചെയ്തു. ഞാനൊരു ദേശീയവാദിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നെ വിളിച്ചിരുന്നു. എന്നെപ്പോലുള്ള സത്യസന്ധന്മാര്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരമാണ് ഞാന്‍ രാജിവെച്ചത്.’ അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ബി.ജെ.പി അനുഭാവം കോടതി വിധികളെ ബാധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ‘ഒരു ജഡ്ജിയെന്ന നിലയില്‍ ഞാന്‍ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട്. എനിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള ഏതെങ്കിലുമൊരു ഉദാഹരണം നിരത്തിയാല്‍ ഞാന്‍ ലോക്‌സഭയില്‍ നിന്നും രാജിവെക്കും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രചരണത്തിന്റെ ഭാഗമായി ബുധനാഴ്ച ഷാജാപൂരില്‍ റോഡ് ഷോ നടത്താന്‍ പ്രജ്ഞ അനുമതി തേടിയിരുന്നു. എന്നാല്‍ ഇതേസമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അവിടെ പരിപാടി നടത്തുന്നതിനാല്‍ പ്രജ്ഞയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

സോളങ്കയ്ക്കു വേണ്ടി പ്രജ്ഞ അഷ്തയില്‍ പ്രചാരണം നടത്തിയെങ്കിലും തൊണ്ടയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് പ്രസംഗിക്കാന്‍ തയ്യാറായിരുന്നില്ല.

We use cookies to give you the best possible experience. Learn more