ന്യൂദല്‍ഹി: പ്രവാചക നിന്ദയില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂര്‍. സത്യം പറയുന്നത് കലാപമാണെങ്കില്‍ ഞാനും ഒരു കലാപകാരിയാണ് എന്നാണ് താക്കൂര്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു താക്കൂറിന്റെ പ്രതികരണം.
സത്യം പറയുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ആയുധമെടുക്കുമെന്നും, എന്നാല്‍ ഇതേ ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെല്ലാം ഹിന്ദുക്കള്‍ സഹിക്കുകയാണെന്നും താക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും സനാതന ധര്‍മ്മം ഇവിടെ നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്യാന്‍വാപി വിഷയത്തേയും പ്രഗ്യാ സിങ് പരാമര്‍ശിച്ചു. ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെടുത്തത് ശിവലിംഗമാണെന്നും താക്കൂര്‍ ആരോപിച്ചു. ശിവലിംഗത്തെ ഫൗണ്ടന്‍ ആണെന്ന് പറയുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും താക്കൂര്‍ പറഞ്ഞു.
ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.