| Sunday, 21st April 2019, 7:44 am

ഇന്നലെ ഞാന്‍ എനിക്കു തന്നെയാണ് മാപ്പ് നല്‍കിയത്; ഹേമന്ത് കര്‍ക്കറയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് പ്രജ്ഞ സിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ച് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് പ്രജ്ഞ പറഞ്ഞത്. എന്നാല്‍ പിന്നീട് സംഭവം വിവാദമായതിന് പിന്നാലെ പ്രജ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിക്കാന്‍ അവരുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രജ്ഞ സിങ്ങ് കയര്‍ക്കുകയായിരുന്നു. സംഭവത്തില്‍ താന്‍ തന്നോട് തന്നെയാണ് മാപ്പ് ചോദിച്ചതെന്നായിരുന്നു പ്രജ്ഞയുടെ വിശദീകരണം. ‘എന്നെ ഒമ്പത് വര്‍ഷം പീഢിപ്പിച്ചവരില്‍ നിന്നും നിങ്ങള്‍ എനിക്ക് മാപ്പ് നേടിത്തരുമോ. ഇന്നലെ ഞാന്‍ എനിക്കു തന്നെയാണ് മാപ്പ് നല്‍കിയത്. എന്നെ പീഢിപ്പിച്ചവരില്‍ നിന്നും ക്ഷമാപണം നേടിത്തരാന്‍ ഞാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു’- എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പ്രജ്ഞയുടെ മറുപടി.

2008ലെ മലേഗാവ്‌സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞാണ് പ്രജ്ഞ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചത്.

സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നതെന്നും മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചോദിച്ചിരുന്നു.

കര്‍ക്കറെ പലതവണ തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തി ശല്യം ചെയ്തുകൊണ്ടിരുന്നു. തനിക്ക് ആ സംഭവവുമായി യാതൊരു ബന്ധമില്ലാത്തതിനാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. കസ്റ്റഡിയില്‍ താന്‍ രേിട്ട പീഡനത്തിനും ഭീഷണിക്കുമാണ് കര്‍ക്കറെയെ ശപിച്ചത്. ‘അയാള്‍ ഇല്ലാതാകട്ടെയെന്ന് ഞാന്‍ ശപിച്ചു’ എന്നാണ് പ്രജ്ഞ പറഞ്ഞത്.

സ്ഫോടനം നടത്തിയെന്ന ആരോപണം നേരിടുന്ന ഹിന്ദു ഭീകരവാദ ഗ്രൂപ്പിന്റെ ഭാഗമായ പ്രജ്ഞ സിങ് താക്കൂറിനെ മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റു ചെയ്യുകയായിരുന്നു. കേസിലെ മുഖ്യ പ്രതിയാണ് പ്രജ്ഞ. സ്ഫോടന വസ്തുക്കള്‍ ഘടിപ്പിക്കാന്‍ പ്രജ്ഞയുടെ ബൈക്കായിരുന്നു ഉപയോഗിച്ചിരുന്നത്.

കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രജ്ഞ ബി.ജെ.പിയില്‍ ചേരുകയും ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു.

അതേസമയം പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയിയെ സമീപിച്ചിരുന്നു.

വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിന്റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more