| Saturday, 11th March 2023, 11:20 pm

രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണം: പ്രജ്ഞാ സിങ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാ സിങ് താക്കൂര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ മൈക്കുകള്‍ ഓഫ് ചെയ്യുന്നുണ്ടെന്ന്
രാഹുല്‍ ഗാന്ധി ലണ്ടനില്‍വെച്ച് നടത്തിയ പരമാര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു അവര്‍.

‘നിങ്ങള്‍ വിദേശത്തിരുന്ന് പറയുന്നു, ഞങ്ങള്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ല എന്ന്. ഇതിലും നാണക്കേട് മറ്റൊന്നില്ല. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ അവസരം നല്‍കരുത്. രാജ്യത്തുനിന്ന് പുറത്താക്കണം,’ഭോപ്പാല്‍ എം.പിയായ പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു.

आप विदेश में बैठकर कहते हैं कि हमें संसद में बोलने का अवसर नहीं मिल रहा, इससे शर्मनाक और कुछ नहीं हो सकता। इनको राजनीति का अवसर नहीं देना चाहिए और देश से निकालकर फेंक देना चाहिए: कांग्रेस सांसद राहुल गांधी द्वारा दिए गए बयान पर भाजपा नेत्री प्रज्ञा सिंह ठाकुर, भोपाल pic.twitter.com/nUxdqplEIh

— ANI_HindiNews (@AHindinews) March 11, 2023

വിദേശ വനിതയുടെ മകനായ രാഹുലിന് ഒരിക്കലും രാജ്യത്തിന്റെ ഭരണാധികാരിയാകാന്‍ കഴിയില്ലെന്നും പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു.

‘നിങ്ങളുടെ അമ്മ ഇറ്റലിയില്‍ നിന്നുള്ളവരാണെങ്കിലും, നിങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളരാണെന്ന് ഞങ്ങള്‍ വെറുതെ നിനച്ചുപോയി.

ഒരു വിദേശ വനിതക്ക് ജനിച്ച മകന്‍ ഒരിക്കലും രാജ്യസ്നേഹിയാവാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി അത് ശരിയാണെന്ന് തെളിയിച്ചു,’ പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദത്തെ മൈക്ക് ഓഫ് ചെയ്ത് സര്‍ക്കാര്‍ നേരിടുന്നുവെന്ന് രാഹുല്‍ പറഞ്ഞത്.

അതിനിടെ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി. രാഹുലിന്റെ ആരോപണം സത്യമല്ലെന്ന് ധന്‍കര്‍ പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പാര്‍ലമെന്റില്‍ മൈക്കുകള്‍ ഓഫ് ചെയ്യുന്നതായി ചില ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനേക്കാള്‍ അസത്യമായ മറ്റൊന്നുമില്ല,’ എന്നായിരുന്നു ജഗ്ദീപ് ധന്‍കര്‍ പറഞ്ഞത്.

Content Highlight: Pragya Singh Thakur says Rahul Gandhi should be expelled from the country

We use cookies to give you the best possible experience. Learn more