| Monday, 17th June 2019, 6:01 pm

പേരിനൊപ്പം ആത്മീയ നാമവും ഗുരുവിന്റെ പേരും ചേര്‍ത്ത് പ്രജ്ഞയുടെ സത്യപ്രതിജ്ഞ; ചോദ്യം ചെയ്ത് പ്രതിപക്ഷം; ഒടുവില്‍ തിരുത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്‌സഭയില്‍ ബഹളം. പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്റെ പേരും പറഞ്ഞാണ് പ്രജ്ഞ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ പ്രതിപക്ഷം പ്രതികരിച്ചതോടെയാണ് സഭയില്‍ ബഹളമായത്.

സംസ്‌കൃതത്തിലായിരുന്നു പ്രജ്ഞയുടെ സത്യപ്രതിജ്ഞ. ‘ഞാന്‍ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ പൂര്‍ണ് ചേത്‌നന്ദ് അവദേശാനന്ദ ഗിരി’ എന്നുപറഞ്ഞാണ് പ്രജ്ഞ സത്യപ്രതിജ്ഞ ആരംഭിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വച്ചത്. പ്രജ്ഞ അവരുടെ ഗുരു സ്വാമി അവദേശാനന്ദ ഗിരിയുടെ പേരാണ് സ്വന്തം പേരിനൊപ്പം ചേര്‍ത്തതെന്നും ഇത് തെരഞ്ഞെടുപ്പ് രേഖയില്‍ ഇല്ലാത്തതാണെന്നും പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രേഖകളില്‍ ഇല്ലാത്ത പേര് സത്യപ്രതിജ്ഞയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നതും പ്രതിപക്ഷം ഉന്നയിച്ചു. കേരള എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ നിരയാണ് ബഹളം വച്ചത്.

പേര് പറയണമെങ്കില്‍ ഗുരുവിന്റെ പേരല്ല മറിച്ച് അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്‌സഭാ ഉദ്യോഗസ്ഥര്‍ പ്രജ്ഞാ സിങിനോട് ആവശ്യപ്പെട്ടു. ഇത് തന്റെ യഥാര്‍ത്ഥ പേരാണെന്നായിരുന്നു പ്രജ്ഞയുടെ വാദം. ബഹളം കനത്തതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കാമെന്ന് പ്രൊടെം സ്പീക്കര്‍ വിരേന്ദ്രകുമാര്‍ അറിയിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രജ്ഞാ സിങ് ഠാക്കൂര്‍ എന്ന പേര് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് രണ്ട് വട്ടം തടസപ്പെട്ട സത്യ പ്രതിജ്ഞാവാചകം മൂന്നാം തവണയാണ് പ്രജ്ഞ പൂര്‍ത്തിയാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെയാണ് പ്രജ്ഞ പരാജയപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more