| Wednesday, 27th November 2019, 7:53 pm

ഗോഡ്‌സെ ദേശഭക്തനെന്ന് ലോക്‌സഭയിലും ആവര്‍ത്തിച്ച് പ്രജ്ഞാസിംഗ് ഠാക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി എം.പി പ്രജ്ഞാസിംഗ് ഠാക്കൂര്‍. ലോകസഭയില്‍ ചര്‍ച്ചക്കിടെയാണ് പ്രജ്ഞാസിംഗ് വീണ്ടും തന്റെ നിലപാട് ആവര്‍ത്തിച്ചത്.

എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചക്കിടെ ഡി.എം.കെയുടെ എം.പിയായ എ രാജ മഹാത്മഗാന്ധിയെ എന്ത് കൊണ്ട് താന്‍ വധിച്ചു എന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. ഗാന്ധിജിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‌സെ തന്നെ പറഞ്ഞിരുന്നതായി എ രാജ പ്രതികരിച്ചു. ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു.

ഇതിനിടെ രാജയെ തടഞ്ഞുകൊണ്ട് പ്രജ്ഞാസിംഗ് രംഗത്ത് എത്തുകയും ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ല എന്നും പറയുകയായിരുന്നു. ഇതോടെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തി.

തുടര്‍ന്ന് സഭ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്തു. അതേസമയം പ്രജഞാ സിംഗ് ഠാക്കൂറിനെ പിന്തിരിപ്പിച്ച് സീറ്റില്‍ ഇരുത്താനായിരുന്നു ബി.ജെ.പി അംഗങ്ങളുടെ ശ്രമം.

നേരത്തെയും പ്രജ്ഞാസിംഗ് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് രംഗത്ത് എത്തിയിരുന്നു. ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംഗ്.

അന്ന് പ്രജ്ഞാസിങിന്റെ പ്രസ്താവനയില്‍ ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രജ്ഞാസിംഗിനെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രജ്ഞാ സിംഗ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി മോദിക്ക് പറയേണ്ടി വന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more