Advertisement
national news
ഹേമന്ത് കര്‍ക്കരെയ്‌ക്കെതിരായ പരാമര്‍ശം പ്രഗ്യാസിങ് പിന്‍വലിച്ചു; മാനസിക വിഷമം കൊണ്ട് പറഞ്ഞു പോയതാണെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 19, 02:31 pm
Friday, 19th April 2019, 8:01 pm

ഭോപാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന പ്രസ്താവന തിരുത്തി പ്രഗ്യാസിങ് താക്കൂര്‍. ആ സമയത്തെ മാനസിക വിഷമം കൊണ്ട് താന്‍ പറഞ്ഞു പോയതാണെന്ന് പ്രഗ്യാ സിങ് പറഞ്ഞു.

ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും കര്‍ക്കരയുടെ കുടുംബം അടക്കം നശിച്ചുപോകുമെന്ന് ശപിച്ചിരുന്നുവെന്നും ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ഥി കൂടിയായ ഠാക്കൂര്‍ പറഞ്ഞിരുന്നു.

താന്‍ ശപിച്ച് പതിനഞ്ച് ദിവസത്തിനകം മഹാരാഷ്ട്ര എ.ടി.എസ്. തലവന്‍ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടു. സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചേദിച്ചിരുന്നു.

2008 സപ്റ്റംബറില്‍ മാലേഗാവില്‍ നടന്ന സ്‌ഫോടനം അന്വേഷിച്ചത് മഹാരാഷ്ട്ര എ.ടി.എസ്. തലവന്‍ ഹേമന്ത് കര്‍ക്കരെയായിരുന്നു. സ്‌ഫോടനത്തിനു ഉപയോഗിച്ച ബൈക്ക് പ്രഗ്യാസിങ്ങിന്റേതാണെന്ന് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് കര്‍ക്കരെയായിരുന്നു.