മുംബൈ: അഭിഭാഷകനോട് രോഷം പ്രകടിപ്പിച്ച് മാലേഗാവ് സ്ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായ ഭോപ്പാല്‍ എം.പി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. കോടതിമുറിയില്‍ തനിക്ക് നല്ല കസേര കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പ്രജ്ഞാ സിംഗിന്റെ രോഷപ്രകടനം.
ജസ്റ്റിസ് വി.എസ് പദാല്‍ക്കര്‍ കോടതിമുറി വിട്ടുപോയതിനു ശേഷമാണ് പ്രജ്ഞാ അഭിഭാഷകനോട് കയര്‍ത്തു സംസാരിച്ചത്. ഇരിക്കാന്‍ നല്‍കിയ കസേര പൊട്ടിയതും അഴുക്കുപിടിച്ചതുമാണെന്നും കോടതി മുറി വൃത്തിഹീനമാണെന്നും പറഞ്ഞായിരുന്നു രോഷപ്രകടനം.
തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനാണെങ്കിലും കോടതിയില്‍ വരുമ്പോള്‍ ഇരിക്കാന്‍ നല്ല കസേര തരണമെന്ന് പ്രജ്ഞാ സിംഗ് പറഞ്ഞു.
താനൊരു എം.പിയാണെന്നും പ്രതികള്‍ക്ക് ഇരിക്കാന്‍ നല്ല കസേര തരാത്തത് മനുഷ്യാവകാശ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടുമെന്നു പറഞ്ഞായിരുന്നു പ്രജ്ഞാ സിംഗ് ദേഷ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ രഞ്ജീത് സാംഗ്ലെ പറഞ്ഞു.
എം.പിയായതുകൊണ്ട് പ്രത്യേക ഇരിപ്പിടം കിട്ടണമെന്നില്ലെന്നും കസേരയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ ജഡ്ജിയോട് പറയാമായിരുന്നല്ലോ എന്നും എന്‍.ഐ.എ അഭിഭാഷകന്‍ അവിനാഷ് റസല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കോടതിമുറിയില്‍ സൗകര്യാനുസരണം നില്‍ക്കാനുള്ള അനുവാദം പ്രജ്ഞാ സിംഗിന് ലഭിക്കുമായിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു.
മലേഗാവ് കേസില്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രജ്ഞ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ആവശ്യം കോടതി മുഖവിലയ്‌ക്കെടുത്തികരുന്നില്ല. വാദം കേള്‍ക്കാന്‍ ഈ ആഴ്ചതന്നെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസ് വാദം കേള്‍ക്കുന്നതിനായി ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാകണമെന്ന് പ്രജ്ഞാ സിംഗിനോട് കോടതി നിര്‍ദേശിച്ചു. മലേഗാവ് കേസിന്റെ വിചാരണ വേളയില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍.ഐ.എയ്ക്കു കൈമാറിയത്.