മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവുംമ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.
കര്‍ക്കറെയ്‌ക്കെതിരായ പരാമര്‍ശം വലിയ തെറ്റ് തന്നെയാണെന്നും മാപ്പ് പറഞ്ഞെങ്കിലും തെറ്റ് തെറ്റ് തന്നെയാണെന്നും ഫട്‌നാവിസ് പറഞ്ഞു.
” പ്രജ്ഞാ സിങ് ഠാക്കൂര്‍ ഒരിക്കലും ഇത്തരത്തിലുള്ള പ്രസ്താവന നടത്തരുതായിരുന്നു. തോന്നുന്നത് വിളിച്ചുപറയരുത്. അങ്ങേയറ്റം സത്യസന്ധനും സമര്‍ത്ഥനുമായ ഒരു ഉദ്യോഗസ്ഥനായിരുന്നു കര്‍ക്കറെ. രാജ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ പ്രജ്ഞാ സിങ് ഓര്‍ക്കേണ്ടതായിരുന്നു”- ഫട്‌നാവിസ് പറഞ്ഞു.
ഹേമന്ത് കര്‍ക്കറെ കസ്റ്റഡിയില്‍ വെച്ച് ഉപദ്രിച്ചെന്ന ഠാക്കൂറിന്റെ പരാതിക്കെതിരെയും ഫട്‌നാവിസ് രംഗത്തെത്തി. കസ്റ്റഡിയില്‍ നടന്ന ടോര്‍ച്ചറിങ്ങുമായി ബന്ധപ്പെട്ടൊക്കെ ഔദ്യോഗികമായ പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്നും ഇത്തരം പരാതികളൊന്നും അന്ന് ഉയര്‍ന്നിരുന്നില്ലെന്നും ഫ്ടനാവിസ് പറഞ്ഞു.
അതേസമയം ബി.ജെ.പി ദേശീയതയില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനത്തേയും ഫട്‌നാവിസ് പ്രതിരോധിച്ചു. ദേശീയത എല്ലായിടത്തും വിഷയമാണ്. അമേരിക്ക മുതല്‍ ജര്‍മനി വരെ. ഇന്ത്യ അതില്‍ നിന്നും വ്യത്യസ്തമല്ല- എന്നായിരുന്നു ഫ്ടനാവിസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പി. ഉള്‍പ്പെടെ ആരുടെ പിന്തുണയും വേണ്ടെന്നും ഫ്ടനാവിസ് പറഞ്ഞു.