ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യയില്‍ നിന്നുള്ള ചരിത്രത്തിലെ രണ്ടാമന്‍, പ്രഗ്നാനന്ദക്ക് ലഭിക്കുന്ന സമ്മാനമെന്ത്?
Sports News
ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യയില്‍ നിന്നുള്ള ചരിത്രത്തിലെ രണ്ടാമന്‍, പ്രഗ്നാനന്ദക്ക് ലഭിക്കുന്ന സമ്മാനമെന്ത്?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th August 2023, 7:33 pm

ചന്ദ്രനെ വീണ്ടും കീഴടക്കിയ ഇന്ത്യ തൊട്ടടുത്ത ദിവസം ലോക ചെസ്സിനെ ഒരിക്കല്‍ക്കൂടി കീഴടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ആര്‍. പ്രഗ്നാനന്ദ എന്ന 18 വയസുകാരന്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന് നല്‍കിയ പ്രതീക്ഷകള്‍ അത്രത്തോളം വലുതായിരുന്നു.

ലോക ഒന്നാം നമ്പര്‍ താരവും നോര്‍വീജയന്‍ ഗ്രാന്‍ഡ്മാസ്റ്ററുമായ മാഗ്നസ് കാള്‍സണ് മുമ്പില്‍ തോല്‍ക്കാന്‍ മനസില്ലാതിരുന്നിട്ടും ഒടുവില്‍ പൊരുതി തോല്‍ക്കാനായിരുന്നു പ്രഗ്നാനന്ദയുടെ വിധി.

നന്നേ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഇതിഹാസ താരങ്ങളായ ഗാരി കാസ്പറോവിനെയും അനറ്റോലി കാര്‍പോവിനെയും വിറപ്പിച്ച കാള്‍സണിന്റെ അനുഭവസമ്പത്തിന് മുമ്പില്‍ അത്രപെട്ടെന്നൊന്നും തോല്‍വി വഴങ്ങാന്‍ കൂട്ടാക്കാതെ ടൈ ബ്രേക്കറിലാണ് പ്രഗ്നാനന്ദ പരാജയം സമ്മാനിച്ചത്.

 

ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെയാണ് പ്രഗ്നാനന്ദ അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്നും തിരികെ വരുന്നത്. നിരവധി ഗ്രാന്‍ഡ്മാസ്റ്റര്‍മാരുള്ള ഇന്ത്യയില്‍ നിന്നും ചരിത്രനേട്ടത്തില്‍ കയ്യൊപ്പ് പതിപ്പിച്ച രണ്ടാമനായാണ് താരം മടങ്ങുന്നത്.

ചെസ്സിന്റെ ലോകത്ത് ഇന്ത്യക്ക് ഒരു ഐഡന്‍ഡിറ്റിയുണ്ടാക്കിക്കൊടുത്ത വിശ്വനാഥന്‍ ആനന്ദിന് ശേഷം ഫിഡെ വേള്‍ഡ് കപ്പിന്റെ ഗ്രാന്‍ഡ് സ്റ്റേജിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത് ഗ്രാന്‍ഡ്മാസ്റ്റര്‍ മാത്രമാണ് പ്രഗ്നാനന്ദ.

ഈ ചെറിയ പ്രായത്തില്‍ ഈ നേട്ടം കൈവരിച്ച താരത്തിന് വരും വര്‍ഷങ്ങളില്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട.

വേള്‍ഡ് കപ്പിന്റെ ഫൈനലില്‍ രണ്ടാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്ത താരത്തിന് 80,000 ഡോളര്‍ (ഏകദേശം 66,13,444 ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിക്കുക. 1,11,000 ഡോളര്‍ (ഏകദേശം 90,93,551 ഇന്ത്യന്‍ രൂപ) ആണ് കാള്‍സണ് ലഭിക്കുക.

വേള്‍ഡ് കപ്പിന്റെ ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ കലാശിച്ചതോടെയാണ് മത്സരം അത്യന്തം വാശിയേറിയ ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറില്‍ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ഗെയിമായ റാപ്പിഡ് ശൈലിയിലാണ് മത്സരം നടന്നത്.

ടൈബ്രേക്കറിലെ ആദ്യ ഗെയിമില്‍ കറുത്ത കരുക്കളുമായാണ് കാള്‍സന്‍ കളിച്ചത്. അനുഭവസമ്പത്തും അളന്നുമുറിച്ച തന്ത്രങ്ങളുമായപ്പോള്‍ ആദ്യ ഗെയിം നോര്‍വീജിയന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ കറുത്ത കരുക്കളുമായി കളിക്കേണ്ടി വന്നതോടെ പ്രഗ്‌നാനന്ദ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. അക്കാരണത്താല്‍ തന്നെ ഡിഫന്‍ഡിങ് സ്ട്രാറ്റജിയാണ് പ്രഗ്‌നനന്ദ പുറത്തെടുത്തത്.

രണ്ടാം ഗെയിം സമനിലയിലായതോടെ കാള്‍സന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ടൈബ്രേക്കറില്‍ ഒന്നര പോയിന്റ് നേടിയാണ് കാള്‍സന്‍ ചെസില്‍ തന്റെ ആദ്യ ലോകകപ്പ് കിരീടം നേടുന്നത്.

ആദ്യ രണ്ട് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ മാഗ്‌നസ് കാള്‍സനെ സമനിലയില്‍ തളക്കാന്‍ പ്രഗ്‌നാനന്ദക്ക് കഴിഞ്ഞിരുന്നു. ആദ്യ ഗെയിമില്‍ 35 നീക്കങ്ങള്‍ക്കൊടുവില്‍ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം ഗെയിമില്‍ 30 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനില അംഗീകരിച്ചത്.

 

Content Highlight: Pragnananda finished second in the Chess World Cup