| Wednesday, 16th June 2021, 1:03 pm

ഉടമകളെ അറിയിക്കാതെ 20 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍; ലക്ഷദ്വീപില്‍ പുതിയ നടപടികള്‍ അടിച്ചേല്‍പ്പിച്ച് പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഭൂമിയേറ്റടുക്കലടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങി ഭരണകൂടം. കവരത്തിയിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കാന്‍ ആരംഭിച്ചിരിക്കുന്നത്.

ഭൂവുടമകളെ അറിയിക്കാതെയാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. കൊടികള്‍ കണ്ടപ്പോഴാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്ന് സ്ഥലം ഉടമകള്‍ പറയുന്നു.

ഇരുപതോളം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സ്ഥലങ്ങളില്‍ റവന്യൂ വകുപ്പ് ചുവന്ന കൊടി നാട്ടിയിട്ടുണ്ട്. എന്നാല്‍ എന്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്ന് ഇവരെയാരെയും അറിയിച്ചിട്ടില്ല.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്‍.ഡി.എ.ആറിന്റെ കരടു രൂപരേഖ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കൂടിയായിരുന്നു ലക്ഷദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഉടമകളുടെ അനുവാദം കൂടാതെ തന്നെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കുന്ന രീതിയിലായിരുന്നു പുതിയ നിയമം.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രഫുല്‍ ഖോഡാ പട്ടേലില്‍ ഇപ്പോള്‍ ലക്ഷദ്വീപിലെത്തിയിരിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയിരുന്നു. നടപടികള്‍ എത്രയും വേഗം ആരംഭിക്കാനും അദ്ദേഹം നിര്‍ദേശം നല്‍തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്.

അഗത്തിയില്‍ മാത്രം നിരവധി കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. ശുചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് നിര്‍മാണം മുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.

അതേസമയം പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയ തിങ്കളാഴ്ച ദ്വീപ് നിവാസികള്‍ കരിദിനം ആചരിച്ചിരുന്നു. കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് വീടുകളില്‍ കറുത്തകൊടി ഉയര്‍ത്തി കൈയില്‍ ‘പിറന്നമണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുക’യെന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.


Content Highlight: Praful Khoda Patel starts land acquisition in Lakshadweep without informing the owners

We use cookies to give you the best possible experience. Learn more