| Monday, 14th June 2021, 10:57 am

കോണ്‍ഗ്രസ് നേതാക്കള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; പ്രതിഷേധം ഭയന്ന് പ്രഫുല്‍ പട്ടേല്‍ റൂട്ട് മാറ്റി ലക്ഷദ്വീപിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി.

എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കോണ്‍ഗ്രസ് എം.പിമാര്‍ പ്രഫുലിനെ കാണാനായി നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. ലക്ഷദ്വീപില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിക്കാനായിരുന്നു എം.പിമാര്‍ വിമാനത്താവളത്തിലെത്തിയത്.

എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവരായിരുന്നു വിമാനത്താവളത്തിലെത്തിയത്.

ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്.

ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ഗോ പട്ടേല്‍ ഗോ മുദ്രാവാക്യങ്ങളും ആളുകള്‍ വിളിക്കുന്നുണ്ട്.

ഇന്ന് രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

പ്രതിഷേധങ്ങളെല്ലാം വീടിനകത്തും പരിസരത്തും മാത്രമായിരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്.

അഗത്തിയില്‍ മാത്രം 25 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചുമാറ്റിയത്. ശൂചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് നിര്‍മാണം മുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയ പ്രഫുല്‍ പട്ടേലിന്റെ നടപടിക്ക് പിന്നാലെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനത്തോളമെത്തിയിരുന്നു. കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Praful Khoda Patel Lakshadweep Congress Hibi Eden TN Prathapan

We use cookies to give you the best possible experience. Learn more