പ്രധാനമന്ത്രി ആവാസ് യോജന: നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ ലോഗോ നിർബന്ധം
NATIONALNEWS
പ്രധാനമന്ത്രി ആവാസ് യോജന: നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ ലോഗോ നിർബന്ധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 11:58 am

ന്യൂദൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ലോഗോ നിർബന്ധമായും പതിപ്പിക്കണമെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര ഭവന നിർമാണ നഗരകാര്യ സഹമന്ത്രി തോഖൻ സാഹു ആണ് വിവരം രാജ്യസഭയിൽ അറിയിച്ചത്. ജെബി മേത്തർ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് തോഖൻ ഇക്കാര്യം പറഞ്ഞത്.

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭവന നിർമാണത്തിനായുള്ള സഹായം നൽകുന്ന കേന്ദ്ര സർക്കാരിന്റെ സംരംഭമാണ് പ്രധാനമന്ത്രി ആവാസ് യോജന. നാല് വിഭാഗങ്ങളിലായാണ് സഹായം നൽകുക.

ചേരി നിർമാർജ്ജനത്തിനായി ഒരു ലക്ഷം രൂപയും ഗുണഭോക്താക്കള്‍ നേരിട്ട് നിർമിക്കുന്ന വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും, വായ്പയെടുത്ത് വീട് നിർമിക്കുന്നവര്‍ക്ക് 2.67 ലക്ഷം രൂപ പലിശ സബ്‌സിഡിയുമാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നൽകുക.

കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ബ്രാന്റിങ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. എല്ലാ ഭവന നിർമാണ പദ്ധതികളും ഒരൊറ്റ കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന ഒറ്റ പദ്ധതി ആവിഷ്‌കരിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാന്‍ നല്‍കുന്ന പി.എം.എ.വൈ അർബൻ, റൂറൽ പദ്ധതിയും ഇതിൽ ഉൾപ്പെടും.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേർത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഗുണഭോക്താവിന് നൽകുന്നത്. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകളില്‍ അത് രേഖപ്പെടുത്തും വിധം ലോഗോ ലോഗോ വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാൽ അതിന് സാധ്യമല്ലെന്ന് കേരളവും വ്യക്തമാക്കിയിട്ടുണ്ട്.

ബ്രാന്റിങ് ഇല്ലെങ്കില്‍ പണമില്ലെന്ന കേന്ദ്രത്തിന്റെ കടുംപിടുത്തം പദ്ധതി നടത്തിപ്പിനെ തന്നെ ബാധിക്കും. എന്നാൽ ബ്രാന്റിങ് നല്‍കാന്‍ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ കേരളം വ്യക്തമാക്കിയിരുന്നു.

2023 ഒക്ടോബര്‍ 31 വരെ ലൈഫ് മിഷന് കീഴില്‍ പൂര്‍ത്തിയാക്കിയത് 3,56,108 വീടാണ്. അതില്‍ പ്രധാന്‍മന്ത്രി ആവാസ് യോജന അര്‍ബന്‍ വിഭാഗത്തില്‍ 79860 വീടും ഗ്രാമീണ്‍ വിഭാഗത്തില്‍ 32171 വീടുമാണുള്ളത്. അര്‍ബന്‍ വിഭാഗത്തില്‍ ഒരു ലക്ഷത്തി അമ്പതിനായിരവും ഗ്രാമീണ വിഭാഗത്തില്‍ 72000 ഉം ആണ് കേന്ദ്ര വിഹിതം. കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങിയെടുത്ത് സംസ്ഥാനം, പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു എന്നാണ് കേന്ദ്ര വാദം.

2022 ൽ രാജ്യത്ത് എല്ലാവര്ക്കും പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.ഇതിലൂടെ 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ധനസഹായം നൽകുന്നു.

 

 

Content Highlight: Pradhan Mantri Awas Yojana: Logo mandatory in front of houses under construction