| Wednesday, 13th June 2018, 8:11 am

കഫീല്‍ ഖാന്റെ സഹോദരന്റെ നില ഗുരുതരമായി തുടരുന്നു; വിദഗ്ധ ചികിത്സയ്ക്കായി കാഷിഫിനെ ലക്‌നൗവിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമീലിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കാസിഫിനെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് അജ്ഞാത സംഘം കാഷിഫിന് നേരേ വെടിയുതിര്‍ത്തത്. ഇതേത്തുടര്‍ന്ന് ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന കാഷിഫിനെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് വണ്ടി നിര്‍ത്തിച്ച് ചിലര്‍ വെടിവെക്കുകയായിരുന്നു.

മൂന്നു തവണയാണ് ഇവര്‍ കാഷിഫിനെ നേരെ വെടിയുതിര്‍ത്തത്. കഴുത്തിനും കൈയ്ക്കുമാണ് വെടിയേറ്റത്. തങ്ങളെ വകവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹോദരനെ ആക്രമിച്ചതെന്ന് കഫീല്‍ഖാന്‍ പ്രതികരിച്ചിരുന്നു.


ALSO READ: ‘എന്റെ സഹോദരനായതിനാലാണ് ആക്രമണമുണ്ടായതെന്നത് നിഷേധിക്കാനാവില്ല’: കഫീല്‍ ഖാന്‍ ഡൂള്‍ ന്യൂസിനോട്


ഗൊരഖ്പൂരിലെ സ്റ്റാര്‍ ഹോസ്പിറ്റലിലാണ് ജമീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്‍ജിനീയറായ ജമീല്‍ ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്.

എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കഫീല്‍ഖാന്‍ കേരളത്തിലടക്കം വിവിധ വേദികളിലെത്തി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം കാസിഫിന് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ ആശുപത്രി വൃത്തങ്ങള്‍ പരാജയപ്പെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.


ALSO READ: കഫീല്‍ ഖാന്റെ സഹോദരന്റെ ഓപ്പറേഷന്‍ പൊലീസ് മനപൂര്‍വം വൈകിപ്പിച്ചെന്ന് ബന്ധുക്കള്‍; ശരീരത്തില്‍ തറഞ്ഞ ബുള്ളറ്റുമായി ആശുപത്രിയില്‍ കിടന്നത് നാല് മണിക്കൂര്‍


കാഷിഫ് ജമീലിന്റെ ഓപ്പറേഷന്‍ പൊലീസ് “ഫോര്‍മാലിറ്റി”യുടെ പേര് പറഞ്ഞ് വൈകിപ്പിച്ചതായി ബന്ധുക്കള്‍. ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തറച്ച നിലയില്‍ ഞായറാഴ്ച രാത്രി 10.30 യോടെയാണ് കാഷിഫ് ജമീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ചില ഫോര്‍മാലിറ്റികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് മൂന്ന് മണിക്കൂറോളം നേരം പൊലീസ് ഓപ്പറേഷന്‍ വൈകിപ്പിക്കുകയായിരുന്നുവെന്ന് കഫീല്‍ ഖാന്റെ മറ്റൊരു സഹോദരന്‍ അദീല്‍ ഖാന്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more