Entertainment
നോക്കി വെച്ചോ, തമിഴ് സിനിമയിലെ അടുത്ത ജനപ്രിയന്‍ ഇവന്‍ തന്നെ... ഒറ്റക്ക് വഴിവെട്ടി വന്ന പ്രദീപ് രംഗനാഥന്‍
അമര്‍നാഥ് എം.
2025 Feb 24, 11:47 am
Monday, 24th February 2025, 5:17 pm

റിലീസ് ചെയ്ത മൂന്ന് ദിവസത്തിനുള്ളില്‍ 50 കോടിയിലേറെ കളക്ഷന്‍ നേടിയിരിക്കുകയാണ് അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. ലവ് ടുഡേക്ക് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായ റോം കോം ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. പതിയെയാണെങ്കിലും കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

ഷോര്‍ട് ഫിലിമുകളിലൂടെയാണ് പ്രദീപ് സിനിമാലോകത്തേക്ക് കടന്നുവന്നത്. അപ്പാ ലോക്ക് എന്ന ഷോര്‍ട് ഫിലിം തമിഴില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് ജയം രവിയെ നായകനാക്കിക്കൊണ്ട് കോമാളി എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സ്വതന്ത്ര സംവിധായകനായി മാറിയത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കോമാളി മാറി.

പ്രദീപിന്റെ രണ്ടാമത്തെ സംവിധാനസംരംഭമായിരുന്നു ലവ് ടുഡേ. ചിത്രത്തില്‍ നായകനായെത്തിയതും പ്രദീപ് തന്നെയായിരുന്നു. അപ്പാ ലോക്ക് എന്ന ഷോര്‍ട് ഫിലിമിന്റെ സിനിമാറ്റിക് വേര്‍ഷനായിരുന്നു ലവ് ടുഡേ. കമിതാക്കള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ച ചിത്രം വന്‍ വിജയമായി മാറി. 100 കോടിക്കടുത്ത് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.

പ്രദീപ് നായകനായ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത് സുഹൃത്തായ അശ്വത് മാരിമുത്തുവാണ്. ഓ മൈ കടവുളേ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അശ്വത് സംവിധാനം ചെയ്ത ചിത്രം പറയുന്നത് ഒരു മിഡില്‍ ക്ലാസ് യുവാവിന്റെ കഥയാണ്. ജീവിതത്തില്‍ സക്‌സസാകാന്‍ വേണ്ടി പല ഉഡായിപ്പുകളും കാണിച്ച നായകന് അത് തിരുത്താന്‍ സെക്കന്‍ഡ് ചാന്‍സ് ലഭിക്കുന്നതാണ് ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയില്‍ വളരെ അനായാസമായ പ്രകടനമായിരുന്നു പ്രദീപിന്റേത്. ഇമോഷണല്‍ സീനുകള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന പ്രദീപ് ആക്ഷന്‍ സീനും തനിക്കിണങ്ങുമെന്ന് ഡ്രാഗണിലൂടെ തെളിയിച്ചു. ചിത്രത്തിന്റെ വന്‍ വിജയത്തോടെ തമിഴ് സിനിമയിലെ അടുത്ത സെന്‍സേഷനായി മാറാന്‍ പ്രദീപിന് സാധിക്കുമെന്ന് ഉറപ്പാണ്. ചിത്രം 100 കോടി കളക്ട് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ടൈര്‍ ത്രീ നടന്മാരില്‍ നിന്ന് ടൈര്‍ 2വിലേക്ക് അധികം വൈകാതെ പ്രദീപും ഇടം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ശിവകാര്‍ത്തികേയന്‍, ധനുഷ് എന്നിവരെപ്പോലെ ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് വെറും രണ്ട് ചിത്രങ്ങളിലൂടെ സ്വന്തമാക്കാന്‍ പ്രദീപിന് സാധിച്ചു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ തമിഴില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രദീപ് ഒറ്റക്ക് വഴി വെട്ടി വന്നവനാണെന്ന് സംശയമേതുമില്ലാതെ പറയാം.

Content Highlight: Pradeep Ranganathan will be next sensation in Tamil Nadu after the success of Dragon movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം