ജയം രവി നായകനായി 2019ല്‍ പുറത്തിറങ്ങിയ കോമാളി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാജീവിതം ആരംഭിച്ച വ്യക്തിയാണ് പ്രദീപ് രംഗനാഥന്‍. ഇരുപത്തിയാറാം വയസില്‍ ചെയ്ത ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ പ്രദീപ് വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 2022ല്‍ പുറത്തിറങ്ങിയ ലവ് ടുഡേ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനും നായകനും പ്രദീപായിരുന്നു.
സിനിമയില്‍ അഭിനയിക്കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രദീപ് രംഗനാഥന്‍. സിനിമയിലേക്ക് വരുന്നത് സംവിധാനം ചെയ്യാന്‍ വേണ്ടിയായിരുന്നെന്നും എന്നാല്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്നും പ്രദീപ് പറയുന്നു.
ഷോര്‍ട്ട് ഫിലിം ചെയ്യുന്ന സമയത്ത് നായകനാകാന്‍ വന്ന പയ്യന്‍ പരീക്ഷയാണെന്ന് പറഞ്ഞ് ഷൂട്ടിന് മുമ്പ് പോയതുകൊണ്ടും മുടക്കാന്‍ വേറെ കാശില്ലാത്തതുകൊണ്ടും ആ ഷോര്‍ട്ട് ഫിലിമില്‍ താന്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രദീപ് കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രദീപ് കുമാര്‍.
‘ഞാന്‍ സിനിമയിലേക്ക് വരുന്നത് തന്നെ സംവിധായകനാകാന്‍ വേണ്ടിയാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത് ഷോര്‍ട്ട് ഫിലിമുകളാണ്. എന്റെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം ചെയ്യുമ്പോള്‍ ഞാന്‍ അഭിനയിക്കേണ്ടി വന്നു. അതിന് കാരണം നായകനാകാന്‍ വേണ്ടി വിളിച്ച പയ്യന്‍ അവസാനമായപ്പോള്‍ പരീക്ഷയുണ്ടെന്ന് പറഞ്ഞ് പോയി.
ഞാന്‍ എല്ലാ കാര്യങ്ങളും അതിന് വേണ്ടി ചെയ്തതായിരുന്നു. നായിക വരെ വന്നിരുന്നു. ആ ചിത്രത്തിന് വേണ്ടി ഇനിയും കൊടുക്കാന്‍ എന്റെ കയ്യില്‍ കാശില്ലായിരുന്നു. കുറേ പൈസ അപ്പോഴേക്കും ഞാന്‍ ആ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ഞാന്‍ തന്നെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. അതുകാരണം ഒരുപാട് ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി.
2014ല്‍ ഞാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ നാല് മില്യണിലധികം കാഴ്ചക്കാരുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ഞാനാണ് സംവിധാനം ചെയ്തതെന്ന് അറിയില്ലായിരുന്നു. അതില്‍ അഭിനയിച്ചവരെയെല്ലാം ആളുകള്‍ വന്ന് എടാ അടിപൊളി ആയി ചെയ്തു എന്നൊക്കെ പറയുമ്പോഴും എന്നെ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി,’ പ്രദീപ് രംഗനാഥന്‍ പറയുന്നു.
Content Highlight: Pradeep Ranganathan Talks About Reason For Acting In Movies