പാളങ്ങളില്ലാതെ പായുന്ന ഒരു തീവണ്ടിയിലെ സഞ്ചാരാനുഭവങ്ങളാണ് ആ കവിതകള്‍, മോന്‍സി ജോസഫിന്റെ കവിതകളെക്കുറിച്ച് പ്രദീപ് പനങ്ങാട്
DISCOURSE
പാളങ്ങളില്ലാതെ പായുന്ന ഒരു തീവണ്ടിയിലെ സഞ്ചാരാനുഭവങ്ങളാണ് ആ കവിതകള്‍, മോന്‍സി ജോസഫിന്റെ കവിതകളെക്കുറിച്ച് പ്രദീപ് പനങ്ങാട്
പ്രദീപ് പനങ്ങാട്
Thursday, 30th July 2020, 1:25 pm

കവിതയില്‍ ചിലപ്പോഴൊക്കെ അസാധാരണ ദ്വീപുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. വ്യവസ്ഥാപിത കാവ്യചരിത്രത്തിലൂടെ അവിടേക്ക് സഞ്ചരിക്കാന്‍ കഴിയാറില്ല. അപരിചിത കാവ്യാനുഭവങ്ങളുടെ നക്ഷത്രപ്രകാശം കൊണ്ടാണ് അത്തരം ദ്വീപുകള്‍ പ്രകാശിക്കുന്നത്. അപഥസഞ്ചാരികള്‍ക്ക് ഉന്മാദത്തിന്റെ നിരവധി ജൈവസ്ഥലികള്‍ അവിടെ കണ്ടെത്താനാവും. കവിത കാലത്തില്‍ മറഞ്ഞിരിക്കുന്നതും അര്‍ത്ഥങ്ങള്‍ പടം പൊഴിക്കുന്നതും തിരിച്ചറിയാന്‍ കഴിയും. മോന്‍സി ജോസഫിന്റെ കടല്‍ അവരുടെ വീടാണ് എന്ന കാവ്യസമാഹാരം കവിതയിലെ ഇത്തരമൊരു ഏകാന്ത ദ്വീപാണ്.

കടല്‍ ആരുടെ വീടാണ് എന്നത് ഇവിടെ കവിത ആരുടെ വീടാണ് എന്ന ചോദ്യം തന്നെയാണ്. നിശ്ചിത കാവ്യജീവചരിത്രമില്ലാത്തവര്‍ക്കും രചനാപാരമ്പര്യമില്ലാത്തവര്‍ക്കും കവിതയുടെ സത്രത്തില്‍ കഴിയാമെന്ന തിരിച്ചറിവാണ് ഈ കവിതാസമാഹാരം സൃഷ്ടിക്കുന്നത്. നിലനില്‍ക്കുന്ന കാവ്യനിര്‍മിതികളോടും ആസ്വാദന സംസ്‌കാരത്തോടും രസഭേദവിചാരങ്ങളോടും പൊരുത്തപെടാത്തവര്‍ക്കും മുന്നില്‍ കാവ്യജീവിതമുണ്ടെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്.

പരിചിതമല്ലാത്ത വാക്കുകളും അര്‍ത്ഥങ്ങളും വാക്യങ്ങളും വ്യാകരണങ്ങളും കൊണ്ടാണ് അത്തരം കാവ്യശില്പങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഉന്മാദത്തിന്റെ പ്രകാശത്തിന് വ്യാകരണ നിബന്ധനകള്‍ക്ക് പ്രസക്തിയില്ല. കടല്‍ ആരുടെ വീടാണ് എന്ന കവിതാസമാഹാരം ഇത്തരം അപരിചിത ആവിഷ്‌കാരങ്ങളുടേയും പാരമ്പര്യനിരാസ കാമനകളുടേയും തിരയിളക്കങ്ങളും വേലിയേറ്റങ്ങളുമാണ്. ഒരു കവിതയുടെ സ്വാകാര്യ ഇച്ഛകളുടേയും അതേപോലെ സാമൂഹ്യ സംത്രാസങ്ങളുടേയും സമുദ്രയാനങ്ങളാണ് മോന്‍സിയുടെ കവിതകള്‍.
കഥയില്‍ നിന്നാണ് മോന്‍സി ജോസഫ് കവിതയിലേക്ക് ജ്ഞാനസ്‌നാനം ചെയ്തത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ‘അറിവിന്റെ വൃക്ഷം’ എന്ന കഥാസമാഹാരം പുറത്തിറക്കിയത്. കഥയില്‍ നിന്നും കവിതയിലേക്ക് അധികദൂരമില്ലന്ന് കടല്‍ ആരുടെ വീടാണ് എന്ന സമാഹാരത്തിലൂടെ തെളിയിക്കുന്നു. കവിതകളാകാന്‍ ഉദിച്ച കഥാസന്ദര്‍ഭങ്ങളാണ് ഈ രചനകളെന്ന് പറയാം. രൂപകങ്ങള്‍കൊണ്ടും ബിംബാവലികള്‍കൊണ്ടും കഥ നിര്‍മ്മിക്കുന്ന ഇക്കാലത്ത്, കഥ കവിതയുടെ ആന്തരികഘടനയിലേക്ക് എത്തുക അത്ര ക്ലേശകരമല്ല.

കഥക്കും കവിതക്കുമിടയിലെ അതിര്‍ത്തിരേഖകള്‍ ഇപ്പോള്‍ അനായാസം ലംഘിക്കാന്‍ കഴിയും. മേതില്‍ രാധാകൃഷ്ണന്റെ രചനകള്‍ അത് ഓര്‍മ്മിപ്പിക്കുന്നു. മോന്‍സിയുടെ കവിതകള്‍ ചിലപ്പോഴൊക്കെ കഥയുടെ രൂപഘടനയിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്. നാടകീയ സന്ദര്‍ഭങ്ങളിലൂടെ നിരന്തര സംഭാഷണങ്ങളിലൂടെയൊക്കെയാണ് മോന്‍സിയുടെ കവിതകള്‍ രൂപപ്പെട്ടുവരുന്നത്. ഓരോ കവിതയ്ക്കും സംവേദനത്തിന്റെ നിരവധി വാതിലുകള്‍ ഉണ്ട്. വായനക്കാരന്റെ രസനയാണ് ഇവിടെ കവിതയുടെ സാധ്യത നിര്‍ണിയിക്കുന്നത്. അതുകൊണ്ട് പരമ്പരാഗത കാവ്യോപകരണങ്ങള്‍ കൊണ്ട് മോന്‍സിയുടെ കവിതകളെ അളന്നെടുക്കാന്‍ കഴിയില്ല. വായനയിലൂടെ ഓരോരുത്തരും കണ്ടെത്തുന്നതാണ് ആ കവിതകളുടെ വ്യാകരണവും സൗന്ദര്യവും സവിശേഷതകളും.

പാളങ്ങളില്ലാതെ പായുന്ന ഒരു തീവണ്ടിയിലെ സഞ്ചാരാനുഭവങ്ങളാണ് മോന്‍സിയുടെ കവിതകള്‍. പദങ്ങളും വാക്യങ്ങളും വരികളും ശ്ലഥ ഭാവനയുടെ ചരടില്‍ കോര്‍ത്തിട്ട് കുതിക്കുന്ന തീവണ്ടിയാണത്. ഒരു തീവണ്ടിയുടെ കുതിപ്പും കിതപ്പും ആവേഗവും ആവേശവും അലച്ചിലും അഹന്തയും ആരവവും അശാന്തിയും ഈ കവിതകള്‍ക്കുണ്ട്. സ്വപ്നാടകര്‍ക്കും അപഥസഞ്ചാരികള്‍ക്കും ഈ തീവണ്ടിയില്‍ അനായാസം യാത്രചെയ്യാം. കാരണം ഭാവനക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലെ അഗാധഗര്‍ത്തങ്ങളിലൂടെയാണ് ഈ കവിതകള്‍ കടന്നുപോകുന്നത്. മറയുന്ന കാഴ്ചകളും, മായാത്ത കാഴ്ചകളും മറയില്ലാത്ത കാഴ്ചകളും ഈ കവിതകളില്‍ നിന്ന് ലഭിക്കും. മോന്‍സിയുടെ കവിതകളിലേക്ക് തീവണ്ടി നിരന്തരം കുതിച്ചെത്തുന്നു.
സംഭാഷണമില്ലാത്തൊരു
തീവണ്ടിയില്‍
നിന്നോടൊപ്പം
എങ്ങോട്ടെങ്കിലും
ഒന്നുപാഞ്ഞു പോയാല്‍
മയിയായിരുന്നു(സംഭാഷണങ്ങള്‍) എന്ന് പറയുമ്പോഴും
സംഭാഷണ മുഖരിതമായ തീവണ്ടിയാണ് എപ്പോഴും എത്തുന്നത്.
എത്രനേരമായി
ഈ തീവണ്ടിയില്‍
ചുറ്റുമുള്ള പച്ചിലക്കാടിന്
നടുവിലൂടെ
ചുറ്റുമുള്ള വെളിച്ചം
വാരിച്ചുറ്റി കോരിക്കുടിച്ച്
ഓടികൊണ്ടിരിക്കുന്നു.
സന്തോഷമായിരുന്നു
പച്ചയില്‍ പുതഞ്ഞ്
പതുങ്ങുന്ന വെളിച്ചം
നിര്‍ത്തിയും ചൂളം വിളിച്ചു.
അനന്തമായ കാലം ഓര്‍മിച്ചും
തീവണ്ടി ഓടികൊണ്ടിരിക്കുന്നു.


തീവണ്ടിയൂഞ്ഞാല്‍ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. ഒരു തീവണ്ടിയിലെ ജീവിതചിത്രങ്ങള്‍ കൊണ്ടാണ് ആ കവിത രൂപപ്പെടുത്തിയിരിക്കുന്നത്. വീരസവും വിസ്മയകരവുമായ നിരവധി ജീവിതാനുഭവങ്ങളാണ് ഓരോ തീവണ്ടയിലുമുള്ളത്. ഓരോ ജീവിതവും ഓരോ തീവണ്ടിയാണെന്ന തിരിച്ചറിവ് ഈ കവിതയിലൂടെ ലഭിക്കുന്നു.
ഞാന്‍ തീവണ്ടിയായി ഇരമ്പിക്കയറി
വേഷം മാറി ഓടി പോവുന്നു
തീവണ്ടിയൂഞ്ഞാല്‍ പോലെ
തീവണ്ടിയൂഞ്ഞാല്‍ എന്ന പരികല്പന ജീവിതത്തിന്റെ ആരോഹണാവരോഹണ ചലന ഭേദങ്ങളെ പ്രകാശിപ്പിക്കുന്നതാണ്. ഇത് മറ്റ് കവിതകളിലേക്കും പടരുന്നു. പോര്‍ബന്തര്‍ എക്‌സ്പ്രസ് എന്ന തീവണ്ടികവിത ഒരേ സമയം ആത്മായനവും സാമൂഹികാഖ്യാനവുമാണ്. ഒരു തീവണ്ടിക്കുള്ളില്‍ ജീവിതത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളും സമകാല രാഷ്ട്രീയ പരിണിതികളും അഭിമുഖം നില്‍ക്കുകയാണ്. വിവാഹമോചനത്തിലൂടെ ജീവിതാവരണങ്ങള്‍ പൊഴിയ്ക്കുന്ന പിതാവും, നിസംഗനായ മകനും കൂടിയുള്ള ഭാവി ജീവിത യാത്രയാണിത്. ‘കാലത്തിന്റെ ചിതയിലെ ഒരു നട്ടുച്ചയിലാണ്’ തീവണ്ടിപ്പുറപ്പെടുന്നത്. അസ്വസ്ഥമായ കുടുംബജീവിതം നയിച്ച ഗാന്ധിജിയും, ഭൗതിക ജീവിതം തന്നെ ഉപേക്ഷിച്ച ബുദ്ധനും ഈ യാത്രക്കിടയില്‍ സാക്ഷ്യങ്ങളാണ്. അച്ഛനെ രാഷ്ട്രപിതാവിന്റെ സമരത്തിലേക്കും സഹനത്തിലേക്കും വിവര്‍ത്തനം ചെയ്യുന്ന മകന്‍, മോഹങ്ങള്‍ ഉരിഞ്ഞുകളഞ്ഞ് യാത്രചെയ്ത ബുദ്ധന്‍, ഇത്തരം നിരവധി സൂചനകളിലൂടെയാണ് പോര്‍ബന്തര്‍ എക്‌സ്പ്രസ് കുതിക്കുന്നത്. യാത്രക്കൊടുവില്‍ അച്ഛന്‍ പറയുന്നു.
‘പണ്ട് ഗാന്ധിജിക്കു പിന്നില്‍
ഒരു ജനതയുണ്ടായിരുന്നു
എനിക്ക് നീമാത്രം’
മകന്റെ തോളില്‍ കൈവച്ചു പറഞ്ഞു
‘എത്രരസമുള്ള തീവണ്ടി’
‘തുരങ്കം എന്ന കവിത ഒരര്‍ത്ഥത്തില്‍ പോര്‍ബന്തര്‍ എക്‌സ്പ്രസിന്റെ അനുബന്ധ രചനയായി വായിക്കാന്‍ കഴിയും. ഒരു അച്ഛന്റേയും മകന്റേയും യാത്രതന്നെ അവിടേയും പ്രമേയം.
ഒരു ചെറിയ കുട്ടി
വെളിച്ചത്തിന്റെ കുത്തൊഴുക്കു നോക്കി
എന്റെയടുത്തിരിപ്പുണ്ടായിരുന്നു.
‘അച്ഛാ’എന്ന്
അമ്പരപ്പോടെ അവന്‍ വിളിച്ചു.
ഞാനവനെ ചേര്‍ത്തുപിടിച്ച്
ഞെരിച്ചു.
ദേ തീവണ്ടി പിന്നേം
തുരങ്കത്തിലോട്ട് കയറാന്‍ പോവുന്നു
സമയം തീര്‍ന്നോ?
സൂര്യനെ കാണുന്നതിനും മുന്‍പേ?
മോന്‍സിയുടെ കവിതകളില്‍ വീണ്ടും തീവണ്ടി പ്രത്യക്ഷപ്പെടാം. ജീവിതവും തീവണ്ടിയും തമ്മില്‍ അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നുണ്ടാവാം.
കവിതയുടെ വ്യാകരണങ്ങള്‍ മാറ്റിയെഴുതാന്‍ ആഗ്രഹിക്കുമ്പോഴാണ് യേശു കണ്‍ട്രിബാറില്‍ എന്ന കവിത ഉണ്ടാവുന്നത്. ഒരു അസാധാരണ സന്ദര്‍ഭത്തിന്റെ സൂക്ഷ്മവിവരണമാണീ കവിത. യേശു, ജോണ്‍ എബ്രഹാം, കാറല്‍മാര്‍ക്‌സ് എന്നിവരെല്ലാം കൂടിക്കഴിയുന്ന ബാറാണത്. മനുഷ്യന്റെ ലഹരിക്കും നിസ്സംഗതക്കുമിടയിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. സമകാലിക ആശയ പ്രതികരണങ്ങളുടേയും ജീവിത നിരീക്ഷണങ്ങളുടേയും ബാറാണ് കവി സൃഷ്ടിക്കുന്നത്. കവിതക്കും കഥയുമിടയിലെ വരമ്പുകള്‍ അപ്രത്യക്ഷമാക്കുന്ന രൂപഘടനയിലാണ് ഈ രചന കൊത്തിയെടുത്തിരിക്കുന്നത്. കവിതക്ക് നിരവധി രൂപാന്തരങ്ങളിലൂടെ കടന്നുപോകാനാവുമെന്ന് മോന്‍സി തെളിയിക്കുന്നു.
കടല്‍ ആരുടെ വീട് എന്ന സമാഹാരത്തിലെ ചില കവിതകള്‍ തമ്മില്‍ ആന്തരിക പാരമ്പര്യം ഉണ്ട്. പ്രത്യക്ഷമായ സാദൃശ്യങ്ങളല്ല, അനുഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ബന്ധം സൃഷ്ടിക്കുന്നത്. സൂര്യന്റെ മകള്‍, ആനന്ദവല്ലി, വയസ്സ് 15 ഇവ ചേര്‍ത്തുവെച്ച് വായിക്കാന്‍ കഴിയുന്ന കവിതകളാണ്. കേരളീയ വര്‍ത്തമാന സാഹചര്യത്തില്‍ പെണ്‍ ഉടലുകള്‍ നേരിടുന്ന പ്രതിബന്ധങ്ങളാണ് രണ്ട് കവിതകളുടേയും അന്തര്‍ധാര. സൂര്യന്റെ മകളും ആനന്ദവല്ലിയും നേരിടുന്നത് ഒരേ ജീവിത പ്രതിസന്ധി തന്നെയാണ്. അവരുടെ ഉടലുകള്‍ വളരുന്തോറും കാമനകളും ആസക്തികളും നിരീക്ഷണങ്ങളും പിന്തുടരലുകളും കൂടിവരുന്നു. ഇത്തരമൊരവസ്ഥയില്‍ നിന്ന് പുറത്തുകടക്കുകയാണ് ഓരോ പെണ്‍ ഉടലിന്റേയും ഇന്നത്തെ ദൗത്യം. ഉടലിന്റെ വ്യത്യസ്ത സാന്നിധ്യങ്ങള്‍ നിരവധി കവിതകളില്‍ വിഭിന്ന വിനിമയങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.

മോന്‍സിയുടെ ഓരോ കവിതകള്‍ക്കും ഓരോ ജീവിത ദൗത്യങ്ങള്‍ ഉണ്ട്. വ്യക്തി/സമൂഹം/കാലം/ചരിത്രം/പ്രകൃതി/ തുടങ്ങി ഓരോന്നിനേയും അഭിസംബോധന ചെയ്യുന്നു. ഒരു കവി കവിതയിലൂടെ നടത്തുന്ന ഈ സമുദ്രയാനങ്ങള്‍ സമകാല ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്. രൂപഘടനയില്‍ തിരസ്‌കാരവും ആവിഷ്‌കാരത്തില്‍ അപരിചിതത്വവും ആശയത്തില്‍ അസാധാരണതയും സൃഷ്ടിക്കുകയാണ് മോന്‍സി ജോസഫ് ചെയ്യുന്നത്. കവിതയുടെ തീവണ്ടി എപ്പോള്‍ വേണമെങ്കിലും വായനയിലേക്ക് തിരിച്ചുവരാം.

കടല്‍ ആരൂടെ വീടാണ്
മോന്‍സി ജോസഫ്
മാതൃഭൂമി ബുക്ക്‌സ്
വില 150

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

പ്രദീപ് പനങ്ങാട്
നിരൂപകനും സാമൂഹികവിമര്‍ശകനുമാണ് പ്രദീപ് പനങ്ങാട്‌