| Thursday, 27th June 2019, 8:46 pm

ദളിത് വിരുദ്ധതമൂലം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച പ്രദീപ് നെന്മാറ സംസാരിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

ദളിത് വിരുദ്ധതമൂലം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ പ്രദീപ് നെന്മാറ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു

‘ഇന്നലെയാണ് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയത്. എനിക്ക് മുന്നേ പാലക്കാട് ജില്ലയില്‍ നിന്നും 10 ദളിത് പ്രവര്‍ത്തകര്‍ രാജിവെച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രശ്‌നമാണ് രാജിക്ക് കാരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് സംസ്ഥാന നേതാക്കന്മാരെ നാല് മാസത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.
പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ച് തെളിവെടുപ്പു നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. എന്നാല്‍ ഈ നടപടിക്കെതിരെ 23 പേര്‍ സംസ്ഥാന പ്രസിഡന്റിനു കത്ത് നല്‍കിയിരുന്നു. നടപടി ലഘൂകരിക്കണമെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ രീതിയിലായിരുന്നു കത്ത് നല്‍കിയത്.

പക്ഷെ കത്ത് കൊടുത്ത് മൂന്നു മാസങ്ങള്‍ക്ക് ശേഷം എനിക്കെതിരെയും നടപടി വന്നു. കത്ത് നല്‍കിയ 23 ആളുകളും ദളിത് സമുദായത്തില്‍പ്പെട്ട ആളുകളാണെന്നും പാര്‍ട്ടിക്കകത്ത് ദളിതരെ ഒന്നിപ്പിച്ചു കൂട്ടി വിഭാഗീയത നടത്തുകയാണ് ശ്രമമെന്നുമാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.

2015 ല്‍ ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലേയ്ക്ക് കടന്നു വരുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത് പാര്‍ട്ടി സ്വത്വ രാഷ്ട്രീയവും ദളിത് മുസ്ലീം രാഷ്ട്രീയവും പറയാന്‍ പറ്റുന്ന പ്ലാറ്റ്‌ഫോം ആണെന്നായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്ത് ദളിതരോട് ഐക്യപ്പെട്ടു കൊണ്ട് പാര്‍ട്ടിയുടെ പ്രസിഡന്റിനു ഒരു കത്ത് കൊടുക്കുന്നത് പാര്‍ട്ടീവിരുദ്ധമാണ് എന്ന് പറയുന്നതില്‍ എന്ത് ജനാധിപത്യമാണുള്ളത്. ഞങ്ങള്‍ കത്ത് കൊടുത്തത് മീഡിയക്ക് അല്ല. അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടുമില്ല.

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു പോയ ആ പത്തു പ്രവര്‍ത്തകരുമായി യാതൊരു വിധ ഇടപഴകലും പാടില്ല. അത് സംഘടനാ വിരുദ്ധമാണെന്നാണ് പാര്‍ട്ടി പറഞ്ഞത്. അതില്‍ എന്റെ സഹോദരനും ഉണ്ട്. എന്റെ സഹോദരനോട് പോലും ഇടപഴകാന്‍ പാടില്ല എന്ന് പറയുന്നത് മനുഷ്യത്ത രഹിതമായിട്ടാണ് ഞാന്‍ കാണുന്നത്. സ്വത്വ രാഷ്ട്രീയം പറയുകയും നവ രാഷ്ട്രീയം പറയുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ ജനാധിപത്യ രീതിയില്‍ ശബ്ദിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രോഹിത് വെമുലയുടെ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നു, അതിന്റെ സാമൂഹിക നീതിയെ കുറിച്ച് പറയുന്നു, എന്നാല്‍ എന്നെ പോലെയുള്ള ദളിതരായിട്ടുള്ള ആളുകള്‍ക്ക് പാര്‍ട്ടിക്കകത്ത് സാമൂഹിക നീതിയില്ല. സ്വത്വ രാഷ്ട്രീയം പറയാന്‍ കഴിയുന്നില്ല.

കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അധ്യാപക സംഘടന പേരാമ്പ്രയില സാംബവ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരുടെ കുട്ടികളെ ചേര്‍ത്തു. ഞങ്ങളോട് ഇങ്ങനെ കാണിക്കുകയും അപ്പുറത്ത് സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കുകയും ചെയ്യുന്നത് പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണ്. അല്ലെങ്കില്‍ ആ മേഖലയിലേയ്ക്ക് പാര്‍ട്ടിക്ക് കടന്നുചെല്ലാന്‍ വേണ്ടി മാത്രമാണ്. പാര്‍ട്ടിക്കകത്തു വളര്‍ന്നു വരുന്ന ദളിത് പ്രവര്‍ത്തകരെ ആസൂത്രിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പാര്‍ട്ടിയില്‍ ജനാധിപത്യപരമായി സംസാരിക്കാനോ സ്വത്രാവഷ്ട്രീയം പറയാനോ സാധിക്കുന്നില്ല. അതുകൊണ്ടാണ് രാജിക്കത്ത് നല്‍കിയത്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കെ.ഡി.പി സജി ചെറിയാനു പിന്തുണ നല്‍കിയിരുന്നു. കെ.ഡി.പിയിലുള്ള നേതൃത്വങ്ങള്‍ തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാക്കന്മാരും. സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചു എന്നത് അച്ചടക്ക നടപടി ആയിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിനെതിരെ ഒരു കത്ത് പാര്‍ട്ടി പ്രസിഡന്റിനു കൊടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധവും വിഭാഗീയതപരവുമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കൂടാതെ ദളിതര്‍ പാര്‍ട്ടിക്കകത്ത് ഐക്യപ്പെടാന്‍ പാടില്ല എന്ന് എങ്ങനെയാണ് പറയാനാകുക. ദളിത് മുസ്ലിം രാഷ്ടീയമാണ് ഇന്ത്യ കാത്തിരിക്കുന്നത്. അത് ബഹുജന രാഷ്ടീയം തന്നെയാണ്. പക്ഷെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ആ രാഷ്ടീയത്തിനു പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉവൈസിയെപോലെ ഒരു എം.പി ജയ് ഭീം വിളിച്ചു കൊണ്ട് പാര്‍ലമെന്റിലേക്ക് കടന്നു വരുമ്പോള്‍ അത് സൂചിപ്പിക്കുന്നത് ഇനി വരുന്ന കാലം മുസ്ലീം രാഷ്ടീയത്തിന്റേത് തന്നെയാണെന്നാണ്.

അവര്‍ പാര്‍ട്ടിയില്‍ നിന്നും പോയ ആളുകളാണ്. അതുകൊണ്ട് അവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതിനാല്‍
അവരോട് അടുത്തിടപഴകരുതെന്ന് എനിക്ക് തന്ന സര്‍ക്കുലറില്‍ ഉണ്ട്. പിന്നെ പാര്‍ട്ടിക്ക് പുറത്തു പോകുന്ന ആളുകളെ പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തിഹത്യ നടത്തുകയാണ്. ഉദാഹരണത്തിന് പാര്‍ട്ടിയില്‍ നിന്നും 10 പേര്‍ രാജിവച്ചു പോയപ്പോള്‍ പാര്‍ട്ടിഗ്രൂപ്പിനകത്ത് പറഞ്ഞത് പുരപ്പുറത്തുണ്ടായിരുന്ന അഴുക്കുകളെല്ലാം മഴ പെയ്തപ്പോള്‍ പോയി, ഇനി നല്ല വീട്ടില്‍ താമസിക്കാം എന്നാണ്. ഇത് പറയുമ്പോള്‍ അവര്‍ വെളിവാക്കുന്നത് അവര്‍ക്ക് ദളിതരോടുള്ള മാനസികാവസ്ഥയാണ്. അത്തരത്തിലുള്ള ആളുകളോട് ഒരിക്കല്‍ പോലും രാഷ്ടീയപരമായി യോജിച്ചു പോകാന്‍ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് രാജിവെച്ചതും.

ഒരു മാസത്തിനുള്ളില്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നിന്നും ഇനിയും കൂട്ടമായി ദളിത് നേതാക്കള്‍ രാജിവെക്കും. അതിനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഞാന്‍ ഫ്രറ്റേണിറ്റിയുടെ ഫൗണ്ടര്‍മാരില്‍ ഒരാളാണ്. രണ്ടു മാസം
മുമ്പാണ് ഫ്രറ്റേണിറ്റിയില്‍ നിന്നും വെല്‍ഫെയര്‍ പാര്‍ട്ടിയിലെത്തുന്നത്. അത് മുതല്‍ക്കേ എനിക്ക് ഈ ദളിത് വിരുദ്ധത മനസ്സിലായിത്തുടങ്ങി. നേരത്തെ പാര്‍ട്ടിയില്‍ ദളിത് നേതാക്കള്‍ കുറവായിരുന്നു. അതുകൊണ്ടാവാം ഈ പ്രശ്‌നം അഡ്രസ് ചെയ്യാതെ പോയത്.

മാഗ്ലിന്‍ ഫിലോമിന സംസ്ഥാന എക്‌സ്യിക്ക്യൂട്ടിവ് അംഗം ആയിരുന്നു, പ്രേമാ ജി.പിഷാരടി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. അതുപോലെ ബി.ജെ.പിയില്‍ ചേര്‍ന്ന കെ.ജി മോഹനന്‍, മത്തായി മാസ്റ്റര്‍, പി.വി വിജയ രാഘവന്‍, സംസ്ഥാന സെക്രട്ടറി, മദ്യ വിരുദ്ധ സമിതി നേതാവ് ജോസഫ് അങ്ങനെ നിരവധി ആളുകള്‍ പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചു രാജിവച്ചവരാണ്. ജമാഅത്തെ ഇസ്‌ലാമിലെ ആളുകളല്ലാത്ത ആളുകളൊക്കെ പര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്.

ഈ പത്തു ആളുകള്‍ പാലക്കാട് ജില്ലയില്‍ നിന്നും രാജി വെച്ചപ്പോള്‍ ഇവരെ പുറത്താക്കിയതാണ് എന്ന് പറഞ്ഞുകൊണ്ട് പാര്‍ട്ടി ഒരു സര്‍ക്കുലര്‍ ഇറക്കി. രാജിവെച്ച ആളുകളെ പാര്‍ട്ടിയോട് ഒരുമിച്ചു നിര്‍ത്താതെ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക് ഉത്തരമില്ലാതാവുമ്പോള്‍ അവരെ പുറത്താക്കുന്നതു മര്യാദ കേടാണ് എന്ന് പാര്‍ട്ടിയുടെ ക്വാറത്തിനകത്ത് ഞാന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ഉള്ള വാട്‌സ്ആപ് ഗ്രൂപ്പില്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ നാലു ഗ്രൂപ്പില്‍ നിന്നും എന്നെ റിമൂവ് ചെയ്യുകയാണ് ഉണ്ടായത്. ഇത് ഫാസിസമാണ്. ഇത് തന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവരെ ഇല്ലാതാക്കുക. അവരുടെ വായടപ്പിക്കുക. ഫ്രറ്റേണിറ്റിയില്‍ നിന്നും രാജി വെച്ചിട്ടില്ല ഞാന്‍ ഇപ്പോഴും വൈസ് പ്രസിഡന്റാണ്.’

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

Latest Stories

We use cookies to give you the best possible experience. Learn more