|

പ്രദീപ് കുമാറിന് ഐ.ഐ.എയുടെ ഓണററി മെമ്പര്‍ഷിപ്പ്; രാജ്യത്ത് ഒരു പൊതുപ്രവര്‍ത്തകന് ഈ അംഗീകാരം ലഭിക്കുന്നത് ഇതാദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ ആര്‍ക്കിടെക്ടുകളുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ(ഐ.ഐ.എ) ഓണററി മെമ്പര്‍ഷിപ്പ് പ്രദീപ് കുമാറിന്. എം.എല്‍.എ ആയിരിക്കെ പ്രിസം പദ്ധതി വഴി വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും വാസ്തു ശില്‍പ്പകല ഉപയോഗിച്ച് കൊണ്ടുവന്ന നൂതന നിര്‍മിതികളുമൊക്കെ മുന്‍നിര്‍ത്തിയാണ് പ്രദീപ് കുമാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കുന്നത്.

രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു പൊതുപ്രവര്‍ത്തകന് ഐ.ഐ.എ ഓണററി മെമ്പര്‍ഷിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് പ്രദീപ് കുമാര്‍. ഭോപ്പാലില്‍വെച്ച് നടക്കുന്ന ഐ.ഐ.എ ദേശീയ കൗണ്‍സിലില്‍വെച്ച് അംഗത്വം കൈമാറും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സുമായി സഹകരിച്ച് പ്രിസം പദ്ധതിയിലൂടെയാണ് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍, പുതിയങ്ങാടി യു.പി സ്‌കൂള്‍, പുതിയങ്ങാടി എല്‍.പി സ്‌കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്‌കൂള്‍, മലാപ്പറമ്പ് എല്‍.പി സ്‌കൂള്‍ എന്നിവയുടെ മുഖച്ഛായ മാറ്റിയത്. തീര്‍ത്തും സൗജന്യമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് ഇവ രൂപകത്പ്പന ചെയ്തത്.

കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയം എന്നിവയുടെ രൂപകത്പ്പന നിര്‍വഹിച്ചതും ഇതേ പദ്ധതിയിലൂടെയാണ്. ഇവയെല്ലാം തന്നെ ഇന്ന്‌ കോഴിക്കോട് ജില്ലയിലെ മികച്ച നിര്‍മിതികളാണ്. ഇതില്‍ കാരപ്പറമ്പ് സ്‌കൂള്‍, ഫ്രീഡം സ്‌ക്വയര്‍, സമുദ്ര ഓഡിറ്റോറിയം എന്നിവയുടെ രൂപകത്പ്പനയ്ക്ക് നിരവധി ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു.

1917ലാണ് ഐ.ഐ.എ സ്ഥാപിതമായത്. നിലവില്‍ സംഘടനയില്‍ 29,000ത്തിലധികം അംഗങ്ങളുണ്ട്.

Content Highlight: Pradeep Kumar awarded honorary membership of Indian Institute of Architects

Video Stories