ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത് ‘ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘കത്തനാരിൽ’ പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ അണിയറ പ്രവർത്തകർ സഹൃദയം സ്വീകരിച്ചു. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി.
‘ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയിൽ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്.
അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായ് ഞങ്ങൾ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകർക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ.
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്,’ ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.
അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പത്തിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.