| Thursday, 3rd February 2022, 7:57 pm

മഞ്ജുവിനെ ഫാസ്റ്റ് നമ്പര്‍ സോംഗിന് നൃത്തം പഠിപ്പിച്ച് പ്രഭുദേവ; ആയിഷയുടെ ചിത്രീകരണം ദുബായില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും താരത്തിന്റെ തിരിച്ചുവരവിനെ ഒട്ടും അപരിചിതത്വമില്ലാതെയാണ് മലയാളികള്‍ സ്വീകരിച്ചത്.

താരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ സിനിമയായ ആയിഷയില്‍ നൃത്തസംവിധാനം ചെയ്യുന്ന ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

പ്രമുഖ ബോളിവുഡ് കൊറിയോഗ്രാഫറും നായകനുമായ പ്രഭുദേവയാണ് മഞ്ജു വാര്യരുടെ പുതിയ സിനിമയിലെ കൊറിയോഗ്രാഫര്‍. ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ കൊറിയോഗ്രാഫി ചെയ്തിട്ടുള്ള പ്രഭുദേവയുടെ കൂടെ മഞ്ജു വാര്യരും ചേരുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

ഡാന്‍സിന്റെ കാര്യത്തില്‍ മഞ്ജുവും ഒട്ടും പിന്നിലല്ല എന്നുള്ളത് ആയിഷയിലെ പാട്ടുകള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കാന്‍ കാരണമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന് മുമ്പുള്ള റിഹേഴ്‌സല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മഞ്ജു വാര്യര്‍ ഉള്‍പ്പെടെ അറുപതോളം ഡാന്‍സേഴ്സാണ് റിഹേഴ്സലിലുള്ളത്. ഇതില്‍ നാല്‍പതോളം ഡാന്‍സേഴ്സ് മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ളവരാണ്. ബാക്കിയുള്ളവര്‍ ദുബായിലുള്ളവരും. വെള്ളിയാഴ്ചയാണ് ഗാനരംഗം ഷൂട്ട് ചെയ്യുന്നത്.

ആയിഷയില്‍ ഒരു ഫാസ്റ്റ് നമ്പര്‍ സോംഗിനാണ് പ്രഭുദേവ നൃത്തച്ചുവടുകള്‍ ഒരുക്കുന്നത്. പ്രഭുദേവയുടെ അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകള്‍ വളരെ വേഗമാണ് മഞ്ജു വാര്യരും ഹൃദ്യസ്ഥമാക്കുന്നത്.

യു.എ.ഇയിലാണ് ആയിഷയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയില്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നതിനായി പ്രഭുദേവ ചെന്നൈയില്‍ നിന്നും ദുബായിലെത്തുകയായിരുന്നു.

ഇതിന് മുമ്പ് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന് വേണ്ടി പ്രഭുദേവ കൊറിയോഗ്രാഫി നിര്‍വഹിച്ചിട്ടുണ്ട്. ഉറുമിക്കുവേണ്ടി പൃഥ്വിരാജിനോടൊപ്പം പ്രഭുദേവ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും കൊറിയോഗ്രാഫി ചെയ്തിരുന്നത് അഹമ്മദ് ഖാനായിരുന്നു.

നവാഗതനായ ആമിര്‍ പള്ളിക്കലാണ് ആയിഷ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശര്‍മ.

ഒരു മാസത്തോളം ആയിഷയുടെ ഷൂട്ടിംഗ് ദുബായിലുണ്ടാകും. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ദല്‍ഹി, ബോംബെ എന്നിവിടങ്ങളിലായി പൂര്‍ത്തീകരിക്കും.


Content Highlights: Prabhu Deva teaches Manju to dance to fast number song

We use cookies to give you the best possible experience. Learn more