|

കാഴ്ച കണ്ടവര്‍ വാ പൊളിച്ചിരുന്ന ക്യാച്ച്; പരുന്തല്ല, വിമാനമല്ല, ഇത് പ്രഭ്‌സിമ്രാനാണ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ദേവ്ധര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനെ തകര്‍ത്തെറിഞ്ഞ് സൗത്ത് സോണ്‍. സി.എ.പി സെയ്ചം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 185 റണ്‍സിനാണ് സൗത്ത് സോണ്‍ വിജയം പിടിച്ചടക്കിയത്. പ്രതികൂല കാലാവസ്ഥ മൂലം തടസപ്പെട്ട മത്സരത്തില്‍ വി.ജെ.ഡി മെത്തേഡിലൂടെയാണ് സൗത്ത് സോണ്‍ വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം വിദ്വത് കവേരപ്പയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് മത്സരം സൗത്ത് സോണിന് അനുകൂലമാക്കിയത്.

സൗത്ത് സോണിന്റെ വിജയത്തിനും കവേരപ്പയുടെ പ്രകടനത്തിനും പുറമെ നോര്‍ത്ത് സോണിന്റെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ തകര്‍പ്പന്‍ ക്യാച്ചും ചര്‍ച്ചയാകുന്നുണ്ട്.

സൗത്ത് സോണ്‍ താരം റിക്കി ഭുയിയെ പുറത്താക്കാന്‍ പ്രഭ്‌സിമ്രാനെടുത്ത ക്യാച്ചാണ് ചര്‍ച്ചയാകുന്നത്. മത്സരത്തിന്റെ 39ാം ഓവറിലെ രണ്ടാം പന്തിലാണ് ഭുയി പുറത്താകുന്നത്.

മായങ്ക് യാദവിന്റെ പന്ത് ഫ്‌ളിക് ചെയ്ത് സ്‌കോര്‍ കണ്ടെത്താന്‍ ശ്രമിച്ച ഭുയിയെ പോലും അമ്പരപ്പിച്ചാണ് പ്രഭ്‌സിമ്രാന്‍ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്. ഉയര്‍ന്നുചാടി ഒറ്റക്കൈ കൊണ്ടാണ് പ്രഭ്‌സിമ്രാന്‍ ക്യാച്ച് കംപ്ലീറ്റ് ചെയ്തത്. കമന്റേറ്റര്‍മാരടക്കം സകലരും ആ ക്യാച്ച് കണ്ട് വണ്ടറടിച്ചിരുന്നു. 39 പന്തില്‍ 31 റണ്‍സ് നേടിയാണ് ഭുയി പുറത്തായത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് സോണ്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, രോഹന്‍ എസ്. കുന്നുമ്മല്‍, വിക്കറ്റ് കീപ്പര്‍ നാരായണ്‍ ജഗദീശന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി.

അഗര്‍വാള്‍ 68 പന്തില്‍ നിന്നും 64 റണ്‍സ് നേടിയപ്പോള്‍ ജഗദീശന്‍ 66 പന്തില്‍ നിന്നും 72 റണ്‍സും നേടി. 61 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 70 റണ്‍സാണ് രോഹന്റെ സമ്പാദ്യം.

നോര്‍ത്ത് സോണിനായി മായങ്ക് മാര്‍ക്കണ്ഡേയും റിഷി ധവാനും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, മായങ്ക് യാദവ്, മായങ്ക് ധാഗര്‍, ക്യാപ്റ്റന്‍ നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ടീമില്‍ ഒരാളൊഴികെ മറ്റുള്ളവരെല്ലാം പൂജ്യത്തിനും ഒറ്റയക്കത്തിനും പുറത്തായി.

അഞ്ച് വിക്കറ്റുമായി വിദ്വത് കവേരപ്പ തിളങ്ങിയപ്പോള്‍ വൈശാഖ് വിജയ്കുമാര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. വി. കൗശിക്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകളും പിഴുതെറിഞ്ഞു.

ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് കവേരപ്പ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വി.ജെ.ഡി മെത്തേഡിലൂടെ നോര്‍ത്ത് സോണിന്റെ വിജയലക്ഷ്യം 246 ആയി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ വെറും 60 റണ്‍സ് മാത്രമാണ് നോര്‍ത്ത് സോണിന് കണ്ടെത്താന്‍ സാധിച്ചത്.

ജൂലൈ 26നാണ് സൗത്ത് സോണിന്റെ അടുത്ത മത്സരം. വെസ്റ്റ് സോണാണ് എതിരാളികള്‍.

Content Highlight: Prabhsimran Singh’s unbelievable catch in Deodhar Trophy