| Thursday, 13th April 2023, 8:35 pm

സഞ്ജുവിനെ തല്ലിയൊതുക്കിയ ആ പയ്യന്‍ എവിടെ? വെറുമൊരു വണ്‍ ടൈം വണ്ടര്‍ എന്ന് പറയിപ്പിക്കാനാണോ കുഞ്ഞേ നീ ശ്രമിക്കുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 18ാം മത്സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വന്തം തട്ടകമായ മൊഹാലിയില്‍ വെച്ച് പഞ്ചാബ് കിങ്‌സ് റെയ്‌നിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട പഞ്ചാബ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബാറ്റ് ചെയ്യുകയാണ്. എന്നാല്‍ അത്ര മികച്ച തുടക്കമല്ല അതിഥേയര്‍ക്ക് ലഭിച്ചിരിക്കുന്നത്. നാല് ഓവറിന് മുമ്പ് തന്നെ പഞ്ചാബിന്റെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറിയിരുന്നു.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും യുവതാരം പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

എട്ട് പന്തില്‍ നിന്നും എട്ട് റണ്‍സുമായി ധവാന്‍ പുറത്തായപ്പോള്‍ ഇന്നിങ്ങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ പൂജ്യത്തിനായിരുന്നു പ്രഭ്‌സിമ്രാന്റെ മടക്കം.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് പ്രഭ്‌സിമ്രാന്‍ പൂജ്യത്തിന് പുറത്താകുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മൂന്നാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കിയ പ്രഭ്‌സിമ്രാന്‍ നാലാം മത്സരത്തില്‍ ഷമിക്ക് മുമ്പിലാണ് വീണത്. നേരത്തെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ താരം ഈ മത്സരത്തില്‍ സില്‍വര്‍ ഡക്കായാണ് പുറത്തായത്.

പഞ്ചാബിന്റെ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് പ്രഭ്‌സിമ്രാന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് എന്നത് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നുണ്ട്.

അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ പഞ്ചാബ് കിങ്‌സിന്റെ രണ്ടാം മത്സരത്തില്‍ പ്രഭ്‌സിമ്രാനായിരുന്നു തരംഗമായത്. 34 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി വേള്‍ഡ് ക്ലാസ് ബൗളര്‍മാരെ തല്ലിയൊതുക്കിയ താരം 176.47 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 60 റണ്‍സായിരുന്നു നേടിയത്.

കെ.കെ.ആറിനെതിരായ ആദ്യ മത്സരത്തിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

23 (12), 60 (34), 0, (1), 0 (2) എന്നിങ്ങനെയാണ് കഴിഞ്ഞ നാല് മത്സരത്തില്‍ താരം റണ്‍സ് നേടിയത്.

ആദ്യ മത്സരങ്ങളില്‍ പുറത്തെടുത്ത മികവ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രഭ്‌സിമ്രാന് പുറത്തെടുക്കാന്‍ സാധിക്കാതെ പോയാല്‍ പഞ്ചാബിനും ആരാധകര്‍ക്കും അതുണ്ടാക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല.

അതേസമയം, എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ പഞ്ചാബ് 36 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ഭാനുക രാജപക്‌സയുമാണ് കിങ്‌സിനായി ക്രീസില്‍.

Content highlight: Prabhsimran Singh’s poor performance

We use cookies to give you the best possible experience. Learn more