ഐ.പി.എല്‍ 2023ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കം നേടി പഞ്ചാബ് കിങ്‌സ്. ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പഞ്ചാബ് ആദ്യ വിക്കറ്റില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയിരിക്കുന്നത്.
രാജസ്ഥാന്‍ നിരയിലെ പ്രഗത്ഭരായ ബൗളര്‍മാരെല്ലാം തന്നെ പ്രഭ്‌സിമ്രാന്റെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. ബോള്‍ട്ടും മലയാളിയായ ആസിഫും ആര്‍. അശ്വിനും യുവതാരത്തിന്റെ പ്രതിഭയില്‍ മുങ്ങിപ്പോയി.
28 പന്ത് നേരിട്ടാണ് താരം ഫിഫ്റ്റി തികച്ചത്. താരത്തിന്റെ ഐ.പി.എല്ലിലെ ആദ്യ അര്‍ധസെഞ്ച്വറിയാണിത്.
പത്താം ഓവറിലെ നാലാം പന്തില്‍ ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ടീം സ്‌കോര്‍ 90ല്‍ നില്‍ക്കവെയായിരുന്നു താരം പുറത്തായത്. തകര്‍പ്പന്‍ ആക്രോബാക്ടിക് ക്യാച്ചിലൂടെയായിരുന്നു ബട്‌ലര്‍ താരത്തെ പുറത്താക്കിയത്.
ആദ്യ പത്ത് ഓവറില്‍ ടീം സ്‌കോറിന്റെ സിംഹഭാഗം റണ്‍സും കൂട്ടിച്ചേര്‍ത്തത് പ്രഭ്‌സിമ്രാന്‍ സിങ് തന്നെയായിരുന്നു. 34 പന്തില്‍ നിന്നും 60 റണ്‍സാണ് താരം നേടിയത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരത്തിന് അഭിനന്ദന പ്രവാഹമാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തിലും താരം ഇംപാക്ട്ഫുള്‍ ബാറ്റിങ് പുറത്തെടുത്തിരുന്നു. 12 പന്ത് നേരിട്ട് രണ്ട് വീതം ബൗണ്ടറിയും സിക്‌സറുമായി 23 റണ്‍സാണ് താരം അടിച്ചെടുത്തത്.
അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ വണ്‍ ഡൗണ്‍ ബാറ്ററായി ഇറങ്ങിയ ഭാനുക രാജപക്‌സെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ഒരു പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെയായിരുന്നു താരത്തിന് പരിക്കേറ്റത്.
ശിഖര്‍ ധവാന്റെ ഷോട്ട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന രാജപക്‌സെയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. താരത്തെ സ്‌കാനിങ്ങിനായി കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് 113ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 31 പന്തില്‍ നിന്നും 36 റണ്‍സുമായി ശിഖര്‍ ധവാനും ആറ് പന്തില്‍ നിന്നും 12 റണ്‍സുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.
Content Highlight: Prabhsimran Singh’s incredible batting against Rajasthan Royals