ഐ.പി.എല്‍ 2023ലെ 59ാം മത്സരം ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. പഞ്ചാബ് കിങ്‌സാണ് ഹോം ടീമിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വാര്‍ണറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളേഴ്‌സ് പുറത്തെടുത്തതും. ബാറ്റിങ്ങില്‍ ടീമിന്റെ കരുത്തായ മൂന്ന് താരങ്ങളെയാണ് ക്യാപ്പിറ്റല്‍സ് ബൗളര്‍മാര്‍ ഒറ്റയക്കത്തിന് മടക്കിയയച്ചത്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെയാണ് അഞ്ച് പന്തില്‍ നിന്നും ഏഴ് റണ്‍സ് നേടിയ ധവാന്‍ മടങ്ങിത്. ഇഷാന്ത് ശര്‍മയുടെ പന്തില്‍ റിലി റൂസോക്ക് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്.
വണ്‍ ഡൗണായെത്തിയ വമ്പനടിവീരന്‍ ലിയാം ലിവിങ്സ്റ്റണും പരാജയമായി. അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന്റെ നെടുംതൂണായ ജിതേഷ് ശര്‍മക്കും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സാണ് താരം നേടിയത്.
ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഓപ്പണറായ പ്രഭ്‌സിമ്രാന്‍ നങ്കൂരമിട്ട് നിന്നിരുന്നു. സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച വിക്കറ്റ് കളയാതിരിക്കാനുള്ള ശ്രമമായിരുന്നു താരം ആദ്യ ഘട്ടത്തില്‍ നടത്തിയത്.
ഒരുവേള സ്‌ട്രൈക്ക് റേറ്റ് നൂറില്‍ താഴെ മാത്രമുണ്ടായിരുന്ന താരം ബീസ്റ്റ് മോഡിലേക്ക് ചുവടുമാറ്റുകയായിരുന്നു. സിക്‌സറുകളും ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ പ്രഭ്‌സിമ്രാന്‍ തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറിയും സ്വന്തമാക്കി.
65 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും ആറ് സിക്‌സറുമായി 103 റണ്‍സാണ് താരം നേടിയത്. 158.46 എന്ന പ്രഹരശേഷിയിലായിരുന്നു പ്രഭ്‌സിമ്രാന്റെ പ്രകടനം. താരത്തിന്റെ ഇന്നിങ്‌സ് ഒന്നുകൊണ്ടുമാത്രമാണ് പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴിന് 167 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്.