| Friday, 11th November 2016, 3:12 pm

ജനങ്ങള്‍ ബുദ്ധിമുട്ടിയാലും കള്ളപ്പണം അതുപോലെ തന്നെ കിടക്കും: മോദിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി പ്രഭാത് പട്‌നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറ്റവും പ്രധാനമായി കള്ളപ്പണത്തെക്കുറിച്ച് ഈ ധാരണ തന്നെ അസംബന്ധമാണ്. ബാങ്ക് ഡെപ്പോസിറ്റിന്റെ രൂപത്തിലല്ലാതെ വളരെ രഹസ്യമായി, തലയിണയുറയിലോ അല്ലെങ്കില്‍ കണ്ടെയ്‌നറുകളിലാക്കി ഭൂമിയ്ക്കടിയിലോ കുഴിച്ചിട്ട കറന്‍സി നോട്ടുകള്‍ എന്ന ഇമേജ് സൃഷ്ടിക്കുന്നതിനാല്‍ കള്ളപ്പണം എന്ന വാക്കു തന്നെ തെറ്റാണ്.



ഒപ്പീനിയന്‍: പ്രഭാത് പട്‌നായിക്ക് 

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍


നവംബര്‍ 8ന് രാത്രി 8മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞുനിന്നിരുന്നു. അന്ന് അര്‍ധരാത്രിയോടുകൂടി, അതായത് മൂന്നാലു മണിക്കൂറിനുള്ളില്‍, 500രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്.

“കള്ളപ്പണം”ത്തിനുനേരെയുള്ള അടിയെന്ന തരത്തിലാണ് ഈ വിചിത്രമായ നീക്കത്തെ ന്യായീകരിച്ചത്. തീവ്രവാദികള്‍ വലിയ തോതില്‍ കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതു തടയാമെന്നുമായിരുന്നു മുന്നോട്ടുവെച്ച മറ്റൊരു ന്യായം. ഏറെ ആവേശത്തോടെ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന ചിലര്‍ മോദിയുടെ ഈ പ്രഖ്യാപനത്തെ “തീവ്രവാദത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്” എന്നു വിശേഷിപ്പിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

കള്ളനോട്ടുകളുടെ കാര്യം പിന്നെ നോക്കാം. നമുക്കാദ്യം രാഷ്ട്രപതി പ്രണബ് മുഖര്‍ജിവരെ അംഗീകരിച്ച “കള്ളപ്പണം അവസാനിപ്പിക്കാം” എന്ന വാദം പരിശോധിക്കാം. 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ “കള്ളപ്പണം”ത്തെ ആക്രമിക്കാമെന്നു ധരിക്കുന്നത് കള്ളപ്പണത്തെക്കുറിച്ച് കൃത്യമായി മനസിലാക്കാത്തതുകൊണ്ടാണ്. ഈ നീക്കത്തിലൂടെ കള്ളപ്പണത്തിന്റെ നിലപരുങ്ങലിലാവുമെന്ന് ധരിക്കുന്നത് മണ്ടത്തരമാണ്.

കള്ളപ്പണം പണശേഖരമാക്കി വലിയ ഇരുമ്പുപെട്ടികളിലോ, തലയണയുറകളിലോ സൂക്ഷിച്ചുവെക്കുകയാണ് അല്ലെങ്കില്‍ ഭൂമിക്കടിയില്‍ കുഴിച്ചിടുകയാണ് എന്നതൊക്കെയാണ് പൊതുവെയുള്ള ധാരണ. ഇതു ധാരണ മനസിലുള്ളതുകൊണ്ടാണ് 500 രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍ നിരോധിച്ചാല്‍ കള്ളപ്പണക്കാര്‍ അവര്‍ ശേഖരിച്ചുവെച്ച വലിയ തുകകളുടെ പഴയനോട്ട് മാറ്റി നിയമസാധുതയുള്ള പുതിയ നോട്ടുകള്‍ വാങ്ങാന്‍ ബാങ്കുകളില്‍ പോകുമെന്നും ബാങ്കുകള്‍ സംശയം തോന്നി ഇത് നികുതി അധികൃതരെ അറിയിക്കുമെന്നും അവര്‍ കുറ്റക്കാരെ പിടികൂടുമെന്നുമൊക്കെ കരുതുന്നത്. അതുവഴി കള്ളപ്പണം തുറന്നുകാട്ടപ്പെടുമെന്നും ഭാവിയില്‍ ഇത്തരം നിയമലംഘകര്‍ അധൈര്യപ്പെടുമെന്നുമൊക്കെയാണ് ചിലര്‍ കരുതുന്നത്.

ഈ വാദത്തിന്റെ രണ്ടാം ഭാഗം നോക്കാം. കള്ളപ്പണം പണശേഖരമാക്കി സൂക്ഷിച്ചുവെക്കുകയാണ് ചെയ്യുന്നത് എന്നു ധരിക്കുന്നതുതന്നെ മണ്ടത്തരമാണ്. ഒരു വ്യക്തിയുടെ പക്കല്‍ 20 കോടിയുടെ കള്ളനോട്ടുണ്ടെങ്കില്‍, അത് 500രൂപയുടെയും 1000രൂപയുടെയും നോട്ടുകളായാണ് സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ അങ്ങനെയൊരാള്‍ ഈ 20 കോടിയുമായി ബാങ്കിലേക്ക് മാറാന്‍ പോകില്ല. (അങ്ങനെ ചെയ്യാനുള്ള അനുമതിയില്ലെങ്കില്‍ പോലും). പകരം അദ്ദേഹം ചെറിയ ചെറിയ തുക നല്‍കി തന്റെ അനേകം സഹായികളെ ബാങ്കിലേക്ക് അയക്കുകയാണ് ചെയ്യുക. ഡിസംബര്‍ 30 എന്ന ഡെഡ്‌ലൈനിനുള്ളില്‍ ഇത്തരത്തില്‍ അതുമാറ്റിയെടുക്കാനുള്ള സമയവുമുണ്ട്.


Also Read: 50,000രൂപ മാത്രമേ നിക്ഷേപിക്കാനാവൂ എന്നിരിക്കെ എന്റെ ജന്‍ ധന്‍ അക്കൗണ്ടില്‍ എങ്ങനെ 100കോടി എത്തി: പ്രധാനമന്ത്രിക്ക് യുവതിയുടെ കത്ത്


പഴയനോട്ടുകള്‍ പ്രതിഫലം പറ്റി കസ്റ്റമേഴ്‌സിനു മാറ്റിനല്‍കാനുള്ള ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയ്യാറായി എല്ലാതരത്തിലുള്ള ഇടനിലക്കാരും ഉടന്‍ രംഗത്തുവരുമെന്നതിനാല്‍ ഏറെ സമയമെടുത്ത് ഇങ്ങനെയൊന്നും ചെയ്യേണ്ടിവരികപോലുമില്ല. കള്ളപ്പണത്തെ പഴയ നിയമസാധുതയില്ലാത്ത പഴയ നോട്ടുകള്‍ മാറ്റി നിയമസാധുതയുള്ളവയാക്കി നല്‍കാന്‍ ഇത്തരം “ബ്ലാക്ക് ഓപ്പറേറ്റര്‍മാര്‍” ഉണ്ടാവുമെന്നതുകൊണ്ടുതന്നെ ടി.വി ചാനലുകളില്‍ വിദഗ്ധര്‍ ചര്‍ച്ചവിഷയമാക്കിയ 500രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന വാദത്തില്‍ കഴമ്പില്ല.

ഏറ്റവും പ്രധാനമായി കള്ളപ്പണത്തെക്കുറിച്ച് ഈ ധാരണ തന്നെ അസംബന്ധമാണ്. ബാങ്ക് ഡെപ്പോസിറ്റിന്റെ രൂപത്തിലല്ലാതെ വളരെ രഹസ്യമായി, തലയിണയുറയിലോ അല്ലെങ്കില്‍ കണ്ടെയ്‌നറുകളിലാക്കി ഭൂമിയ്ക്കടിയിലോ കുഴിച്ചിട്ട കറന്‍സി നോട്ടുകള്‍ എന്ന ഇമേജ് സൃഷ്ടിക്കുന്നതിനാല്‍ കള്ളപ്പണം എന്ന വാക്കു തന്നെ തെറ്റാണ്.

കള്ളക്കടത്ത്, മയക്കുമരുന്ന് വില്പന, തീവ്രവാദി സംഘടനകള്‍ക്കുവേണ്ടി ആയുധങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിങ്ങനെയുള്ള തീര്‍ത്തും നിയവിരുദ്ധമായ പ്രവൃത്തികളിലൂടെ സമ്പാദിക്കുന്ന പണവും നിയമാനുസൃതമായ കാര്യങ്ങളിലൂടെ കൂടുതല്‍ സമ്പാദിക്കുകയും അത് മുഴുവന്‍ വെളിപ്പെടുത്താതെ ടാക്‌സ് വെട്ടിക്കുന്നതുമെല്ലാം കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ മനസില്‍ കടന്നുവരണം

നൂറു ടണ്‍ ധാതുക്കള്‍ കുഴിച്ചെടുത്തശേഷം നികുതി വെട്ടിക്കാനായി 80 ടണ്‍ മാത്രം വെൡപ്പെടുത്തുന്നു. അങ്ങനെ കള്ളപ്പണം രൂപപ്പെടാം. അതുപോലെ 100 ഡോലറിന്റെ കയറ്റുമതി നടത്തിയിട്ട് 80 ഡോളറിന്റേതുമാത്രം വെളിപ്പെടുത്തുക. ശേഷിക്കുന്ന 20 ഡോളര്‍ വിദേശത്തെ സ്വിസ് ബാങ്കില്‍ നിക്ഷേപിക്കുക. ഇത് നിയമവിരുദ്ധമാണ്. അതുവഴിയും കള്ളപ്പണം രൂപപ്പെടുന്നു.

അതുപോലെ വിദേശ വിനിമയത്തില്‍ ഹവാല ഇടപാടുകള്‍ വഴി രൂപ മാറ്റിയെടുക്കുകയും വിദേശങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്താല്‍ അങ്ങനെയും കള്ളപ്പണം രൂപപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വെളിപ്പെടുത്താത്ത കുറേയേറെ പ്രവൃത്തികളുടെ ഒരു സെറ്റാണ് കള്ളപ്പണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കള്ളപ്പണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്റ്റോക്ക് ചെയ്യുന്ന പണമല്ല, മറിച്ച് പണത്തിന്റെ ഒഴുക്കാണ്. വൈറ്റ് ആക്ടിവിറ്റികളെപ്പോലെ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്നും ലാഭം ഉണ്ടാക്കുകയെന്നതുതന്നെയാണ് ബ്ലാക്ക് ആക്ടിവിറ്റികള്‍ കൊണ്ടും ഉദ്ദേശിക്കുന്നത്. പണം സ്റ്റോക്ക് ചെയ്യുന്നതിലൂടെ യാതൊരു ലാഭവും ഉണ്ടാവുന്നില്ല. ബിസിനസില്‍ ബ്ലാക്ക് ആക്ടിവിറ്റികളും ഉണ്ടെന്ന് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചത് ഇങ്ങനെയാണ്. ലാഭം പണം ശേഖരിച്ചുവെക്കുന്നതുകൊണ്ടല്ല, മറിച്ച് വിതരണം ചെയ്തതുകൊണ്ടാണ് ഉണ്ടാവുന്നത്. ആദ്യത്തേത് ചെയ്യുന്നത് “പിശുക്കനാണ്” രണ്ടാമത്തേത് ധനവാനും. ബ്ലാക്ക് ആക്ടിവിറ്റി ചെയ്യുന്നവര്‍ ധനവാന്മാരാണ്. പിശുക്കന്മാരല്ല.


Don”t Miss  അതീവ രഹസ്യമെന്നവകാശപ്പെട്ട നോട്ട് പിന്‍വലിക്കല്‍ വാര്‍ത്ത 7 മാസം മുന്‍പ് ഗുജറാത്തി പത്രത്തില്‍; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ


തീര്‍ച്ചയായും, ഏതു ബിസിനസ് പണവും കുറഞ്ഞകാലത്തേക്ക് അല്ലെങ്കില്‍ കൂടുതല്‍ കാലത്തേക്ക് പിടിച്ചുവെക്കാം. ഇത് വൈറ്റ് ആക്ടിവിറ്റികളുടെ കാര്യത്തിലും ബ്ലാക്ക് ആക്ടിവിറ്റികളുടെ കാര്യത്തിലും നടക്കാം. വിതരണത്തിനായി വൈറ്റ്മണി ഉപയോഗിക്കപ്പെടുമ്പോള്‍ ബ്ലാക്ക് മണി പിടിച്ചുവെക്കുന്നു എന്നാണ് ബ്ലാക്ക് മണിയെ മാറ്റിനിര്‍ത്തുന്ന കാര്യം എന്ന വിശ്വാസം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.

ബ്ലാക്ക് മണിയായാലും വൈറ്റ് മണിയായാലും പിടിച്ചുവെക്കുന്ന സമയത്ത് കെട്ടിക്കിടക്കുകയും അല്ലാത്തസമയത്ത് വിതരണം ചെയ്യപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ കള്ളപ്പണത്തെ പുറത്തുകൊണ്ടുവരികയെന്നത് തത്വത്തില്‍ ബ്ലാക്ക് ആക്ടിവിറ്റികള്‍ കണ്ടെത്തുകയെന്നതാണ്, അല്ലാതെ സ്വയമേവ പണശേഖരത്തെ ആക്രമിക്കുകയെന്നതല്ല. അതിനുവേണ്ടത് വളരെ സത്യസന്ധവും സിസ്റ്റമാറ്റിക്കും, അതീവ ജാഗ്രതയോടെയുമുള്ള അന്വേഷണമാണ്.

കമ്പ്യൂട്ടറുകള്‍ വരുന്നതിനു കുറേ മുമ്പു തന്നെ നികുതി വെട്ടിപ്പുകാരൈ പിടികൂടിയതിന്റെ കീര്‍ത്തി ബ്രിട്ടീഷ് ഇന്റേണല്‍ റവന്യൂ സര്‍വ്വീസിനുണ്ട്. സൂക്ഷ്മമായ അന്വേഷണത്തിലൂടെയാണ് അവര്‍ അതു സാധ്യമാക്കിയത്.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്‍ വളരെ ചെറിയ രാജ്യമാണെന്നത് ശരിയാണ്. രാജ്യത്തിന്റെ ആവശ്യവുമായി ചേര്‍ത്തുനോക്കുമ്പോള്‍ നികുതിയടക്കുന്നവരുടെ എണ്ണം അല്പം കൂടുതലാണ് എന്നുമാത്രമേ ഇതിനര്‍ത്ഥമുള്ളൂ. അങ്ങനെയെങ്കില്‍ കുറഞ്ഞത് ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെങ്കിലും കള്ളപ്പണം പുറത്തുകൊണ്ടുവരികയെന്നത് ക്ഷമയും കാര്യക്ഷമമായ നികുതി നിര്‍വഹണ വിഭാഗവും ചെയ്യേണ്ട കാര്യം മാത്രമാണ്.

ബ്ലാക്ക് ആക്ടിവിറ്റികള്‍ വലിയൊരു വിഭാഗവും വിദേശ രാജ്യങ്ങളിലുളള ബാങ്കുകള്‍ വഴിയാണ് ഓപ്പറേറ്റ് ചെയ്യപ്പെടുന്നത്. വാസ്തവത്തില്‍ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗവും ഇതുതന്നെയാണ്. വിദേശത്ത് വന്‍തോതില്‍ കള്ളപ്പണം പൂഴ്തിവെച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ട് വിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം താന്‍ പുറത്തുകൊണ്ടുവരുമെന്ന്. പണംശേഖരിക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പണശേഖരം എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം കള്ളപ്പണം ഉപയോഗിച്ചതെങ്കിലും.

ബ്ലാക്ക് ആക്ടിവിറ്റികള്‍ വഴി പണം ശേഖരിച്ചുവെക്കുന്ന വിദേശരാജ്യങ്ങളിലെ ബാങ്കുകളാണെങ്കില്‍ 500രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയത് ബ്ലാക്ക് ആക്ടിവിറ്റികളിലൊന്നും ഏര്‍പ്പെടാത്ത സാധാരണക്കാര്‍ക്കാണ് വലിയ ബുദ്ധിമുട്ടുണ്ടാക്കുക.

ഇന്ത്യയില്‍ ആദ്യമായല്ല ഇത്തരത്തില്‍ കറന്‍സികള്‍ അസാധുവാക്കുന്നത്. 1946 ജനുവരിയില്‍ 10000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. 1978 ജനുവരി 16 അര്‍ധരാത്രി മുതല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ 1000, 5000, 10000 രൂപ നോട്ടുകള്‍ ആസാധുവാക്കിയിരുന്നു. പക്ഷെ 1946ല്‍ മാത്രമല്ല 1978ലും നോട്ടുകള്‍ റദ്ദാക്കിയത് സാധാരണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഭൂരിപക്ഷം പേരും ആ നോട്ടുകള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. (1978ല്‍ പോലും 1000 രൂപ വലിയ മൂല്യമുള്ളതായിരുന്നു. സാധാരണക്കാരില്‍ പലരും 1000 രൂപയുടെ ഒറ്റനോട്ട് കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല).

സാധാരണക്കാരെ ബാധിക്കാത്ത മൊറാര്‍ജി ദേശായിയുടെ ആ നീക്കം പോലും കള്ളപ്പണം എന്ന വിപത്തിനെ തുടച്ചുമാറ്റിയിട്ടില്ല. കള്ളപ്പണത്തെ നേരിടാനുള്ള മോദി സര്‍ക്കാറിന്റെ ഈ നീക്കം സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.


See more at: നോട്ടു പിന്‍വലിക്കല്‍; ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് മാത്രമെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ


500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്നത് കള്ളപ്പണത്തെ നേരിടാന്‍ സഹായിക്കില്ലെങ്കിലും ഇതൊരു പണം ഉപയോഗിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ നിന്നുണ്ടായ ഒരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കമായതിനാല്‍ നിയമാനുസൃതമായ വഴിയിലല്ലാതെ സാമ്പത്തിക സഹായം തേടുന്ന, കണക്കില്‍പ്പെടാത്ത പ്രവര്‍ത്തനങ്ങളെ തടയുമെന്നാണ് ചിലരുടെ വാദം. വിദേശ ബാങ്കുകള്‍ വഴിയാണ് ബ്ലാക്ക് ആക്ടിവിറ്റികള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നതെന്ന വസ്തുതയ്ക്ക് അപ്പുറം കാഷ്‌ലെസ് ഇന്ത്യയില്‍ അതിന്റെ പ്രതിഫലനം

പക്ഷെ “കള്ളപ്രവര്‍ത്തികള്‍” “വിദേശ ബാങ്കുകളുടെ സഹായത്തോടെ “കാഷ്‌ലെസ്” ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ക്ക് പുറത്ത് രക്ഷപ്പെടും. വരേണ്യ വര്‍ഗത്തിന്റെ ദിവാസ്വപ്‌നമാണ് “കാഷ്‌ലെസ്” ഇന്ത്യ എന്ന ആശയം. ഒരു ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ പോലും സാധാരണക്കാരന്‍ നേരിടുന്ന പ്രയാസങ്ങലെ കുറിച്ച് അവര്‍ അജ്ഞരാണ്.

സാധാരണക്കാരെ പിഴിഞ്ഞുള്ള ഒരു കാഷ് ലെസ് സമ്പദ് വ്യവസ്ഥയിലേക്കുളള മുന്നേറ്റത്തില്‍ കാഷ്‌ലെസ് ഇന്ത്യയിലേക്കുള്ള നീക്കം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ സാധാരണക്കാരായ ആളുകളെ ഞെക്കിഞെരുക്കുന്നതിനുള്ള അധിക മാര്‍ഗമായിരിക്കും.

Also Read: 2000 രൂപ നോട്ടില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല; മാറിയത് നിറവും വലുപ്പവും: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്ത്

അതിര്‍ത്തിയ്ക്കരികില്‍ പ്രിന്റ് ചെയ്യപ്പെടുന്ന കള്ളനോട്ടുകള്‍ പ്രചരിക്കുന്നത് തടയുക വഴി ഈ അസാധുവാക്കള്‍ നടപടി തീവ്രവാദത്തിനെ നേരിടുന്ന വാദത്തെക്കുറിച്ച് എന്തു പറയുന്നു? പുതിയ കറന്‍സി പ്രിന്റ് ചെയ്യാനുപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ അതിന്റെ വ്യാജനുണ്ടാക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുമെന്ന അനുമാനത്തെ ആശ്രയിച്ചാണ് ഈ വാദം. ആ അനുമാനം നമുക്ക് അംഗീകരിക്കാം. നിലവിലുള്ള നോട്ടുകളുണ്ടാക്കുന്ന അതേ ചിലവില്‍ തന്നെ കളളനോട്ടുണ്ടാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പുതിയ നോട്ട് കൊണ്ടുവന്നാല്‍ തന്നെ

പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനായി കണ്ടെത്തിയ സാങ്കേതികമികവ് വ്യാജനോട്ടുകളെ തടയുമെന്നതാണ് ഈ വാദത്തിന്റെ ആധാരം. ഇതംഗീകരിച്ചാല്‍ തന്നെ നവംബര്‍ എട്ടു രാത്രി മുതല്‍ തന്നെ വ്യാജ നോട്ടുകളുടെ ഒരു പ്രവാഹം തന്നെയുണ്ടാവുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കും പോലെയല്ല ഇത്.

നവംബര്‍ എട്ടിന് രാത്രിയില്‍ കള്ളനോട്ടുകളുടെ മേല്‍ മഞ്ഞുമല വീഴ്ത്തുമെന്നായിരുന്ന സര്‍ക്കാരിന്റെ പ്രതീക്ഷ. അതിനെന്തിനാണ് പൊടുന്നനെ സാധാരണക്കാരുടെ ലളിതമായ സൗകര്യങ്ങളുടെ മേലുള്ള അപ്രതീക്ഷിതമായ ഈ വലിയ ആക്രമണം?

ആധുനിക ഇന്ത്യാ ചരിത്രത്തില്‍ മുമ്പെങ്ങും നടക്കാത്ത ഒരു കാര്യമാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സാധാരണക്കാര്‍ വലിയ തോതില്‍ ഉപയോഗിക്കാത്ത അതി സമ്പന്നര്‍മാത്രം കൈവശം വെയ്ക്കുന്ന കറന്‍സികള്‍ മാത്രം നിരോധിച്ചുകൊണ്ട് കൊളോണിയല്‍ ഭരണകൂടം ജനങ്ങളുടെ അസൗകര്യങ്ങള്‍ക്ക് നല്‍കിയ  പരിഗണനപോലും മോദി ഭരണകൂടം നല്‍കിയിട്ടില്ല. മോദി സര്‍ക്കാര്‍ നിലവില്‍ തുടര്‍ന്നുവരുന്ന മറ്റ് നടപടികള്‍ക്കൊപ്പം ഈ “അടിയന്തര നടപടിയും” അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് നയിക്കുന്നത്.
ഇത് ജനവിരുദ്ധമെന്നതുപോലെ ബുദ്ധിശൂന്യവുമാണ്.

 

കടപ്പാട്: ദ സിറ്റിസണ്‍

We use cookies to give you the best possible experience. Learn more