ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യത്തിനില്ലെന്ന് സി.പി.ഐ.എം നിലപാടെടുത്തിരിക്കെ പാര്‍ട്ടിയെ ഫാസിസ്റ്റ് കാലത്തെ അതിന്റെ കര്‍ത്തവ്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഇടതുബുദ്ധിജീവിയും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളിയെ നേരിടാന്‍ ഇടതുപക്ഷം അതിന്റെ റോള്‍ ഏറ്റെടുക്കണമെന്നാണ് പ്രഭാത് പട്‌നായിക് ആവശ്യപ്പെടുന്നത്.
ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സാമ്പത്തിക, രാഷ്ട്രീയ മടി ഇടതുപക്ഷം മറികടക്കണമെന്നും ദ ടെലിഗ്രാഫില്‍ എഴുതിയ “ഡെയ്ഞ്ചറസ് പീരീഡ്” എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
“നവ ഉദാരീകരണ മുതലാളിത്തത്തിനുള്ളില്‍ നിന്നുകൊണ്ട് ഫാസിസ്റ്റ് സാന്നിധ്യം ഇല്ലാതാക്കാന്‍ ഒരു വഴിയുമില്ല. ഫാസിസം തന്നെ നവ ഉദാരീകരണ മുതലാളിത്തം മനുഷ്യരാശിക്കു നല്‍കിയ സമ്മാനമാണ്. അത് ലോക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ മുക്കുമ്പോള്‍ അത് അതിന്റെ ഒടുക്കത്തില്‍ എത്തുകയും രക്ഷപ്പെടാന്‍ വഴിയില്ലാതെയും വരും. ഫാസിസ്റ്റ് സാന്നിധ്യത്തെ ഇല്ലാതാക്കാനുള്ള ഏക വഴി നവ ഉദാരീകരണ മുതലാളിത്തത്തെ കീഴടക്കുകയെന്നതാണ്. ഇടതുപക്ഷത്തിന് ഇതിന് സാധിക്കും. പക്ഷേ അത് ഫാസിസത്തിനെതിരെ ലിബറലായ രാഷ്ട്രീയ ശക്തികളെ ഐക്യപ്പെടുത്തുക വഴി മാത്രമേ സാധിക്കൂ” എന്നാണ് പ്രഭാത് പട്‌നായിക് അഭിപ്രായപ്പെടുന്നത്.
സി.പി.ഐ.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനായിരുന്നു മേല്‍ക്കൈ ലഭിച്ചത്. ബി.ജെ.പി പോലെ തന്നെ നവ ഉദാരീകരണ നയംപിന്തുടരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതിനാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നുമായിരുന്നു ഇവര്‍ സ്വീകരിച്ച നിലപാട്.