| Friday, 14th September 2018, 10:50 am

ലോകം അംഗീകരിച്ച കേരളാമോഡല്‍ സ്വന്തമായുള്ളപ്പോള്‍ കെ.പി.എം.ജിയുടെ സഹായം കേരളത്തിനുവേണ്ട: പ്രഭാത് പട്‌നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി കെ.പി.എം.ജിയുടെ ഉപദേശം തേടുന്നതിനെതിരെ കേരള ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക്. കെ.പി.എം.ജിയെന്നല്ല ഒരു വിദേശ കമ്പനിയുടെ അല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സിയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്നാണ് പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടത്.

കേരള മോഡല്‍ വിജയകരമായി നടപ്പിലാക്കിയ ഒന്നാണ്. ഇത് ലോകം മുഴുവന്‍ അംഗീകരിച്ച ഒന്നുമാണ്. അത് ഇടതുപക്ഷത്തിന്റെ സംഭാവനയാണ്. ഈ പാരമ്പര്യവും പൈതൃകവും ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകണം. അതുകൊണ്ടുതന്നെ ജനങ്ങളെ പങ്കാളികളാക്കിയുള്ള ഒരു പുനര്‍ നിര്‍മാണമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ പഞ്ചായത്തീരാജ് സംവിധാനം ഉപയോഗിച്ച് കേരളത്തിന്റെ പുനര്‍ നിര്‍മാണം നടപ്പിലാക്കണം. അതിന് ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്താം. അല്ലെങ്കില്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളും, വിദഗ്ധരും, തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ഉള്‍പ്പെട്ട ഒരു പ്രത്യേക സമിതിയെ രൂപീകരിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Also Read:കുതിരക്കച്ചവടത്തിന് ശ്രമിച്ചാല്‍ ബി.ജെ.പിക്ക് പണികിട്ടും; ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ്

കേരളത്തിന്റെ പുനര്‍ നിര്‍മാണ ചുമതല കെ.പി.എം.ജിയെ ഏല്‍പ്പിക്കുന്നതിനെതിരെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

വികസനമാനുഷിക സൂചനകളൊന്നുമില്ലാതിരുന്ന കേരളത്തെ ഇന്നത്തെ നിലയിലെത്തിക്കാന്‍ കഴിഞ്ഞെന്നിരിക്കെ പ്രളയാനന്തരം പഴയ മാതൃകകള്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു വി.എസിന്റെ കത്തില്‍ പറയുന്നത്.

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എംജിയെ നിയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാരിന്റെ കരിമ്പട്ടികയിലുമുള്ള ഒരു കമ്പനിയെ കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ലോകത്തിലെ നാല് പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നായ കെ.പി.എം.ജിക്കെതിരെ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആരോപണമുണ്ടായിട്ടുണ്ട്. Carillion എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിങ് നിര്‍വഹിച്ച കെ.പി.എം.ജി ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനു കൂട്ട് നിന്ന് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നു സാമ്പത്തിക കാര്യ റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

സൗത്ത് ആഫ്രിക്കന്‍ ഗവണ്‍മെന്റ് കെ.പി.എം.ജി യുമായുള്ള എല്ലാ കരാറുകളും റദ്ദാക്കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. ഇന്ത്യന്‍ വംശജനും സൗത്ത് ആഫ്രിക്കയിലെ ആദ്യ അഞ്ചു ധനികരില്‍ ഒരാളുമായ അതുല്‍ ഗുപ്തയുമായി ചേര്‍ന്ന് വന്‍തോതില്‍ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിലാണ് സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ കെ.പി.എംജിയുമായുള്ള കരാറുകള്‍ റദ്ദാക്കിയത്.

We use cookies to give you the best possible experience. Learn more