‘…… സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’
Discourse
‘…… സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2011, 2:05 pm

എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക്

PRABHAT PATNAIK, പ്രഭാത് പട്‌നായ്ക്ക്.......... Rethinking Capitalismപ്രായോഗികതാവല്‍ക്കരണത്തിന്റെ മറവില്‍ മുതലാളിത്ത വ്യാപനത്തിന്റെ പരോക്ഷമായ രാഷ്ട്രീയ പ്രയോഗമാണ് പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ പരാജയത്തിന്റെ അന്തിമമായ കാരണം. തെരഞ്ഞെടുപ്പുപരാജയത്തേക്കാള്‍ ഉല്‍ക്കണ്ഠ ജനിപ്പിക്കുന്നത് ഈ പ്രായോഗികതാവല്‍ക്കരണമാണ്. സാമ്രാജ്യത്വമെന്ന ആശയം തന്നെ പലരും ഉപേക്ഷിച്ച കാലത്താണ് സി.പി.ഐ.എം സാമ്രാജ്യത്വ വിരുദ്ധതയില്‍ ഉറച്ചു നില്‍ക്കുന്നത്. ഈ ആശയവുമായി നിലനില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ചരിത്രപരമായ പ്രാധാന്യവും നിലനില്‍ക്കും. പക്ഷേ പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രായോഗികവാദികളുടെ മേധാവിത്വസ്ഥാപനപ്രക്രിയയെ തടഞ്ഞുനിര്‍ത്തുന്നില്ലെങ്കില്‍ അന്തിമമായി അതിന് ഈ മുതലാളിത്തസിദ്ധാന്തത്തിന്റെ മേല്‍ക്കോയ്മയെ സ്വീകരിക്കേണ്ടിവരും. അങ്ങിനെ സംഭവിച്ചാല്‍ ഇന്നത്തെ സി.പി.ഐ.എമ്മിനോട് സാമ്യമുള്ള സൈദ്ധാന്തിക രൂപീകരണമുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ്റ് സംഘടനക്ക് വഴിമാറികൊടുക്കാന്‍ ആ പാര്‍ട്ടി നിര്‍ബ്ബന്ധിതമാവും.

സി.പി.ഐ.എമ്മിന്റെ തകര്‍ച്ച ഉറപ്പാക്കിയ പ്രക്രിയ തന്നെയാണ് ഇപ്പോള്‍ പലരും ആ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനുള്ള മാര്‍ഗ്ഗ മായി നിര്‍ദ്ദേശിക്കുന്നത് എന്ന വിരോധാഭാസമുണ്ട്. സി.പി.ഐ.എമ്മിന്റെ തകര്‍ച്ചക്കിടയാക്കിയ വസ്തുതകളെ പ്രായോഗികതാവല്‍ ക്കരണം എന്നു വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. മുതലാളിത്ത വ്യാപനത്തിന്റെ തിരിച്ചറിയപ്പെടാത്ത പദ്ധതികളെ സ്വാംശീകരിച്ച രാഷ്ട്രീയപ്രയോഗമാണിത്. പാകമായ ഒരു വിപ്ലവസന്ദര്‍ഭം പരക്കെയുണ്ടാകാറില്ല. ഇക്കാരണത്താല്‍ത്തന്നെ വളരെക്കാലത്തേക്ക് രാഷ്ട്രീയപ്രയോഗം വിരസമായിരിക്കും. ഇതിനെയാണ് ബി.ടി. രണദിവെ “”രാഷ്ട്രീയത്തിലെ ചെറിയ മാറ്റങ്ങള്‍ “”എന്നു വിശേഷിപ്പിച്ചത്. പക്ഷേ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മുതലാളിത്തവ്യാപനത്തിന്റെ വെളിപ്പെടലിന്റേതായ ചെറിയ മാറ്റങ്ങള്‍ പോലും പ്രയോഗികതയുടെ പേരിലാണ് തിരിച്ചറിയുക. ഈ പ്രായോഗികവല്‍ക്കരണപ്രക്രിയയാണ് പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ തെരഞ്ഞെടുപ്പുപരാജയത്തിനിടയാക്കിയത്.

ഇടതുപക്ഷത്തിന്റെ അനുഭാവികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുപരാജയത്തേക്കാള്‍ ഭയപ്പെടേണ്ട ഘടകമാണിത്. തെരഞ്ഞെടുപ്പുപരാജയം ചിലപ്പോള്‍ അടുത്ത തവണ വിജയമായി മാറി വന്നേക്കാം. പക്ഷേ പ്രായോഗികതാവല്‍ക്കരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ തിരിച്ചുവരവിന്റെ പ്രക്രിയ അസാധ്യമാണ്. പ്രായോഗികതാവല്‍ക്കരണത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധമുണരുന്ന ചുറ്റുപാട് ഈ പ്രക്രിയയുടെ തിരിച്ചുപോക്കിന് അനിവാര്യമാണ്. ഈ പ്രക്രിയ സംബന്ധിച്ച വിശദമായ ചര്‍ച്ച സി.പി.ഐ. എമ്മിന്റെ പുനരുജ്ജീവനത്തിനുള്ള മാര്‍ഗ്ഗമായി പ്രായോഗികവാദത്തെ ഉപയോഗിക്കുന്നതിനെ തടയാനും സഹായിച്ചേക്കും.

I

ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വ്യതിരിക്തമാക്കുന്നത് ദൈനംദിന രാഷ്ട്രീയത്തിലെ പ്രായോഗികപ്രശ്‌നങ്ങളില്‍ കുടുങ്ങി കൈയില്‍ ചെളിപുരളാതിരിക്കുന്നു എന്നതല്ല (വരണ്ട ഇടതുതീവ്രവാദമാണത്). പക്ഷേ ഈ ഘട്ടത്തില്‍ പോലും കമ്യൂണിസ്റ്റു കാര്‍ രാഷട്രീയത്തില്‍ ഇടപെടുന്നത് മുതലാളിത്തത്തെ മറികടക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്. വിപ്ലവത്തിന്റെ യാഥാര്‍ത്ഥ്യബോധം എന്ന് ലൂക്കാച്ച് (1924) വിളിച്ച ബോധ്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിപ്ലവം സമീപത്തുണ്ടെന്നല്ല വിവക്ഷ. മറിച്ച് ചെറിയ രാഷ്ട്രീയ മാറ്റം പോലും രാഷ്ട്രീയവും മുതലാളിത്തത്തെ മറികടക്കാനുള്ള ശ്രമവുമായുള്ള ഇടപെടലിന്റെ ഭാഗമാണ്. “അങ്ങുമിങ്ങും” ഉള്ള സംഭവവികാസങ്ങളല്ല മുതലാളിത്തത്തെ മറികടക്കാനുള്ള പ്രായോഗികപദ്ധതിയുടെ അഭാവമാണ് പ്രസ്ഥാനത്തെ പ്രാ യോഗികതയുടെ പേരിലുള്ള പ്രക്രിയകളിലേക്ക് എത്തിക്കുന്നത്.

പ്രായോഗികതയുടെ വിവക്ഷ

CPIM may siden for other communist movements. സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’  എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക് Majniപ്രായോഗികതാവാദികളുടെ പക്ഷത്തുനിന്ന് നാലുതരം പ്രവണതകള്‍ ഉയര്‍ന്നുവരുന്നതായി കാണാം. പാര്‍ട്ടിയില്‍ നിരവധി പാപങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്ന വസ്തുതയാണിതിലാദ്യത്തേത്. എതിരാളികള്‍ പലപ്പോഴും ഉന്നയിക്കുന്നവയാണിവയില്‍ പലതും. ഇവയില്‍ ചിലതൊക്കെ സ്വയം വിമര്‍ശനപരമായി ഉയരുന്നതുമാകാം. കരിയറിസം, സത്രപിസം, ബ്യൂറോക്രാറ്റിസം, ബോസ്സിസം തുടങ്ങി താഴെ തലം വരെ എല്ലായിടത്തും വ്യാപിക്കുന്ന പ്രവണതകളാണിവ.

രണ്ടാമത്തേതാകട്ടെ നഷ്ടം വരാതിരിക്കാന്‍ വേണ്ടി നടത്തുന്ന അഡ്ജസ്റ്റുമെന്റുകളാണ്. വിപ്ലവപ്രയോഗങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനുപകരമാണ് ഇത്തരം സമീപനം സ്വീകരിക്കപ്പെടുന്നത്. അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ നിന്നും പാര്‍ട്ടിയെ അന്യവല്‍ക്കരിക്കുന്ന പ്രവണതയാണിത്.

ചൈനയ്ക്കുണ്ടെന്ന് പറയപ്പെടുന്ന വിജയം, സാമ്പത്തികനയങ്ങള്‍ സ്വീകരിക്കുന്നതിന് സി.പി.ഐ.എമ്മിന്റെ നേതൃനിരയെ, തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോര്‍പ്പറേറ്റ് മൂലധനത്തിന് സൗജന്യം നല്‍കുന്നതിന്, പ്രേരിപ്പിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പ് വരെ ഇത് അസാധ്യമായിരുന്നു

മറ്റൊന്ന് പാര്‍ട്ടി ആര്‍ക്കുവേണ്ടി സമരം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവോ ആ അടിസ്ഥാന വിഭാഗങ്ങളുടെ – തൊഴിലാളികള്‍, കര്‍ഷകര്‍, കാര്‍ഷികതൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ തുടങ്ങിയവരില്‍ നിന്ന് ഒറ്റപ്പെടാനുള്ള പ്രവണതയാണിത്. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ ഈ വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളില്‍നിന്നും വ്യത്യസ്തമാകുന്നു. പാര്‍ട്ടി താല്‍പ്പ ര്യത്തിന്റെ പേരില്‍ അടിസ്ഥാനജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെടുന്നു. പ്രായോഗികതാവാദത്തിന്റെ മറവില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയും മറ്റു രാഷ്ട്രീയ രൂപങ്ങളും തമ്മില്‍ വലിയ അകല്‍ച്ച രൂപപ്പെടുന്നു.

ഈ ഘടകങ്ങളെല്ലാം ഇപ്പോള്‍ പ്രകടമാണ്. വിശേഷിച്ച് അടിസ്ഥാനജനവിഭാഗങ്ങളില്‍നിന്ന് സി.പി.ഐ.എം അകന്നുപോയ പശ്ചിമബംഗാളില്‍ ഇത് ഏറെ പ്രകടമായിക്കഴിഞ്ഞു. കര്‍ഷകരടക്കമുള്ള അടിസ്ഥാനജനവിഭാഗങ്ങളുടെ അകല്‍ച്ചയാണ് 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണം ഇല്ലാതാക്കിയത്. എന്നാല്‍ പ്രായോഗികതാവാദത്തിന്റെ നാലാമത്തെ പ്രവണത – (ഇത് അടിസ്ഥാനപരമായ ഘടകമാണ്. കൂടുതല്‍ കൂടുതല്‍ പ്രയോഗികതാവാദത്തിലേക്ക് നീങ്ങാനുള്ളതാണ് ഈ പ്രവണത – തടയപ്പെടാതിരുന്നാല്‍ പടിപടിയായി പാര്‍ട്ടിയില്‍ മുതലാളിത്തപ്രത്യയശാസ്ത്രത്തിന്റെ മേധാവിത്വം ഉറപ്പിക്കപ്പെടും. സാമ്രാജ്യത്വവിരുദ്ധതയെന്ന അടിസ്ഥാനസമീപനം തന്നെ ഇതിലൂടെ ചോദ്യം ചെയ്യപ്പെടും. രണ്ടാം ഇന്റര്‍നാഷണലിന്റെ പിളര്‍പ്പിന്റെ കാരണം – കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ അടിസ്ഥാനം തന്നെ ഇതാണ്. – സാമ്രാജ്യത്വത്തോടുള്ള സമീപനം എന്തെന്നതാണ് ഈ പ്രശ്‌നം.

കമ്യൂണിസ്റ്റ് പാര്‍ടിയും ഇതരരാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തന്നെ പടിപടിയായി അപ്രത്യക്ഷമാകും. ഈ ഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ (അല്ലെങ്കില്‍ എന്തുപേരിലാണോ അക്കാലത്ത് ഇവര്‍ അറിയപ്പെടുന്നത്) തെരഞ്ഞെടുപ്പില്‍ ജയിക്കുകയും അവരുടേതായ സര്‍ക്കാര്‍ രൂപീകരിക്കുകയും ഒക്കെ ചെയ്‌തേക്കാം. പക്ഷേ മുതലാളിത്ത വ്യാപനം തടയുന്നതിനോ അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ ജീവിതനിലവാരം മാറ്റുന്നതിനോ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല.

ഇവിടെ രണ്ടു തടസ്സവാദങ്ങളുയരാം. സി.പി.ഐ.എം പ്രായോഗികതാവാദത്തിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും മേല്‍പ്പറഞ്ഞ ചുറ്റുപാടിലെത്തിയിട്ടില്ല എന്നതാണ് ഒന്നാമത്തേത്. അതിനാല്‍ത്തന്നെ സി.പി.ഐ. എമ്മിന്റെ പ്രായോഗികതാവല്‍ക്കരണം അമിതമായ ഊന്നല്‍ ആവശ്യപ്പെടുന്നില്ല. യു.പി.എ സര്‍ക്കാരിനെ സി.പി.ഐ.എം പിന്തുണച്ചതുതന്നെ ദൃഷ്ടാന്തം. ഇന്തോ-യു.എസ് കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ച നടപടി പോലും അടിയന്തിരാര്‍ത്ഥത്തില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങളെ ഹാനികരമായി ബാധിച്ചിട്ടുണ്ട്. അമര്‍ത്യാസെന്നിനെപ്പോലുള്ള സ്വയം പ്രഖ്യാപിതപിന്തുണക്കാരില്‍ നിന്നുപോലും ഈ നടപടി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

പ്രായോഗികതാവല്‍ക്കരണത്തില്‍നിന്നും എത്ര ദൂരെയാണ് പാര്‍ട്ടിയുടെ നില എന്നും ഈ വിമര്‍ശനം വ്യക്തമാക്കുന്നുണ്ട്. ആണവക്കരാറിന്റെ എല്ലാ ഘട്ടങ്ങളും സി.പി.ഐ.എം ശരിയാംവിധം കൈകാര്യം ചെയ്തുവോ എന്നതല്ല പ്രശ്‌നം. തീര്‍ച്ചയായും സി.പി.ഐ.എമ്മിന് അതിന് സാധിച്ചിട്ടില്ല. രാജ്യത്തിനുമേല്‍ വര്‍ധിക്കുന്ന സാമ്രാജ്യത്വമേധാവിത്വവുമായി ബന്ധപ്പെടുത്തി ഈ പ്രശ്‌നത്തെ അവതരിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ പാര്‍ട്ടി താല്‍പ്പര്യത്തെ മറികടക്കാന്‍ സി.പി.ഐ.എം ശ്രമിച്ചു. പ്രായോഗികതാവാദത്തില്‍ നിന്നും സ്വതന്ത്രമാവാന്‍ നടത്തിയ ശ്രമത്തിന്റെ വേഗം കുറക്കാനും ഇതിലൂടെ കഴിഞ്ഞു.

പശ്ചിമബംഗാളിലെ ആയിരക്കണക്കിനു പാര്‍ട്ടി കേഡറുകള്‍ പാര്‍ട്ടി താല്‍പ്പര്യത്തോടു കൂറു പുലര്‍ത്തുന്ന കുറ്റത്തിന് കടുത്ത പിഢനമേറ്റു വാങ്ങേണ്ടിവന്ന ഘട്ടം കൂടിയായിരുന്നു ഇത്. ഈ വ്യതിരിക്തത പ്രയോഗികതാവാദത്തിന്റെ വഴിയിലൂടെ വളരെയേറെ മുന്നേറുന്നതിനെ തടയാന്‍ സഹായിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

രണ്ടാമത്തേത്, പ്രായോഗികവാദം ഇടതുപക്ഷത്തിന്റെ മറ്റുവിഭാഗങ്ങളെയും വന്‍തോതില്‍ സ്വാധീനിച്ചതായി കാണാം. സി.പി.ഐ. എമ്മിനേക്കാള്‍ ഇടത്തുനിലയുറപ്പിച്ചിരിക്കുന്ന ഇവരില്‍ ചിലര്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ അണ്ണാഹസാരെ പ്രസ്ഥാനത്തില്‍ ചേരാന്‍ പോലും സന്നദ്ധരായി. ജനങ്ങള്‍ക്കു ബദല്‍ തങ്ങളാണ് എന്നുവാദിക്കുന്ന പ്രസ്ഥാനമാണിത്. (സൈദ്ധാന്തികമായി ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പമാണെന്ന് ഇവര്‍ വാദിക്കുന്നതുമില്ല). പാര്‍ലമെന്റിന്റെയോ ജനങ്ങളുടെ തെരഞ്ഞെടുപ്പംഗികാരത്തിന്റെയോ പിന്‍ബലമില്ലെങ്കിലും ജനങ്ങള്‍ക്കു ബദലാണ് തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലര്‍ എന്നവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. (നിസംശയമായും മാവോയിസ്റ്റുകള്‍ വേറൊരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. മധ്യേന്ത്യയിലെ കാടുകളില്‍ പിന്തുടരപ്പെടുന്നവരായി സ്വയം മാറിയ ഇവര്‍ സാമ്രാജ്യത്വ വിരുദ്ധ വിപ്ലവപദ്ധതിയുടെ മുഖ്യധാരയ്ക്കു പുറത്തു കഴിയുന്നവരാണ്).

അടുത്ത പേജില്‍ തുടരുന്നു

CPIM may change other communist movements, Prabhat PatnaikII

സ്വാഭാവികമായും ഉയര്‍ന്നുവരാനിടയുള്ള ചോദ്യം എന്തുകൊണ്ട് പ്രായോഗികവല്‍ക്കരണത്തിനുള്ള ആവശ്യം ഇടതുപക്ഷത്തിനുള്ളില്‍ വിശേഷിച്ച് സി.പി.ഐ.എമ്മില്‍ ഉയര്‍ന്നുവരുന്നു എന്നതാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അനിവാര്യഫലമാണെന്ന് ചിലര്‍ മറുപടി നല്‍കും. പക്ഷേ അതൊരു ശരിയായ ഉത്തരമല്ല. വിപ്ലവരാഷ്ട്രീയം, ലെനിന്‍ എപ്പോഴും ഊന്നിപ്പറഞ്ഞതുപോലെ പൂര്‍ണ്ണമായി അലയടിച്ചുയരുന്നത് വിപ്ലവശക്തികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുള്ളപ്പോഴാണ്.

ബൂര്‍ഷ്വാഘടകങ്ങള്‍ എപ്പോഴും ശ്രമിക്കുന്നത് ഈ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ തടയാനാണ്. പാര്‍ലമെന്ററി ജനാധിപത്യവും ഇതിനായി ബൂര്‍ഷ്വാസി ഉപയോഗിക്കുന്നുണ്ട്. അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കായി സംസാരിക്കുന്ന രാഷ്ട്രീയഘടകങ്ങളെയും ഇതിലൂടെ സ്വാധീനിക്കാനിടയുണ്ട്. അതിനാല്‍ തന്നെ ഇടതുപക്ഷത്തിന്റെ ചുമതല പാര്‍ലമെന്ററി ജനാധിപത്യത്തിനകത്ത് ഇടപെടുമ്പോഴും ജനാധിപത്യഉള്ളടക്കം വികസിപ്പിക്കാന്‍ പൊരുതുകയാണ്. മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലിതുണ്ട്.

റോസാലക്‌സംബര്‍ഗിനെപ്പോലെ ഒരു വിപ്ലവകാരിപോലും ജര്‍മ്മനിയിലെ പാര്‍ലമെന്ററ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി പങ്കാളികളാകണമെന്ന് ആഗ്രഹിച്ചിരുന്നു. സ്പാര്‍ട്ടാസിസ്റ്റ് ഉയര്‍ത്തെഴുന്നേല്‍പ്പിനോട് വിയോജിച്ചുകൊണ്ടല്ല ഇത് (കാള്‍ ലീബക് നെഹ്റ്റ് ഇതിനോട് യോജിച്ചിരുന്നു). ഇക്കാര്യത്തില്‍ വോട്ടെടുപ്പു ണ്ടായെങ്കിലും റോസാ തോല്‍പ്പിക്കപ്പെടുകയും കാള്‍ ലീബക്‌നെഹ്റ്റിനോടൊപ്പം സ്പാര്‍ട്ടാസിസ്റ്റ് പ്രക്ഷോഭത്തില്‍ പങ്കാളിയാവുകയും വലതുപക്ഷ ശക്തികളാല്‍ കൊല്ലപ്പെടുകയും ചെയ്തു എന്നതാണ് അനുഭവം.

പ്രായോഗികവല്‍ക്കരണം പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അനിവാര്യഫലമാണെന്ന് ന്യായീകരിക്കുന്നവര്‍ക്ക് സൈദ്ധാന്തികമായ പിന്‍ബലമൊന്നുമില്ല. ഒരു തരം നിര്‍ണ്ണയവാദികളാണവര്‍. മൂലധനത്തില്‍ കാള്‍മാര്‍ക്‌സ് ചരക്കുകളുടെ നിര്‍ണ്ണായകത്വത്തെക്കുറിച്ചു പറയുന്നുണ്ട്. സാമൂഹികബന്ധങ്ങളെ ചരക്കുകളുമായുള്ള ബന്ധമാക്കി അവതരിപ്പിച്ച് യഥാര്‍ത്ഥത്തില്‍ മിച്ചമൂല്യം സൃഷ്ടിക്കുന്ന ഉല്‍പ്പാദനശക്തികളെയും ഉല്‍പ്പാദനബന്ധങ്ങളെയും നിഗൂഢശക്തികളാക്കി അവതരിപ്പിക്കുന്ന രീതിയെയാണ് മാര്‍ക്‌സ് വിമര്‍ശിച്ചത്. ഇവിടെ പാര്‍ലമെന്ററി സ്ഥാപനങ്ങള്‍ക്ക് നിഗൂഢമായ ശക്തിവിശേഷം നല്‍കി അവതരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്.

റിവിഷനിസ്റ്റ് സൈദ്ധാന്തികാടിത്തറ

മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തില്‍ തന്നെ റിവിഷനിസ്റ്റ് സൈദ്ധാന്തികധാരണകള്‍ വികസിക്കാനുള്ള ചില ഇടങ്ങള്‍ ഉണ്ട് എന്നതാണ് ഇത്തരം പ്രായോഗികവാദികള്‍ക്ക് രൂപപ്പെടാന്‍ സാഹചര്യമൊരുക്കുന്നത്. ഇത്തരമൊരുവളര്‍ച്ചയുടെ ബൗദ്ധികാടിസ്ഥാനം മാര്‍ക് സിസ്റ്റ് സാഹിത്യത്തില്‍ ധാരാളം ചര്‍ച്ചാവിധേയമായിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തില്‍ ഒരുവിഭാഗം സാമ്രാജ്യത്വചൂഷണത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നതാണ് ഇതിന് അടിസ്ഥാനം.

ഇടതുപക്ഷം സംസ്ഥാനഗവണ്‍ മെന്റുകള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍പോലും തൊഴിലാളിവര്‍ഗ്ഗത്തിനു മുന്നേറാനും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമുള്ള ചുമതലയാണ് നിറവേറ്റേണ്ടത്

1986-ല്‍ മാര്‍ഗരറ്റ് വോണ്‍ ട്രോട്ട റോസാലക്‌സംബര്‍ഗിനെക്കുറിച്ചെടുത്ത ചലച്ചിത്രത്തിലെ ഒരു ദൃശ്യം ഇത്തരം പ്രായോഗികവാദത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് നേതൃത്വമൊന്നാകെ സമ്മേളിച്ചിരിക്കുന്ന വട്ടമേശയ്ക്കരികിലിരുന്ന് കാള്‍ കൗത്സ്‌കി റോസാലക്‌സംബര്‍ഗിനോട് ചോദിക്കുന്നതിങ്ങനെയാണ്. റോസ സ്ത്രീകളുടെ പ്രശ്‌നത്തില്‍ കൂടുതല്‍ ഇടപെടാത്തത് എന്താണ്? റോസയ്‌ക്കൊപ്പം ക്ലാര സെത്കിനും ഫ്രാന്‍സ് മെഹ്‌റിങ്ങുമുണ്ട്. കൗത്‌സ്‌കിയുടെ ചോദ്യത്തിലെ വെളിപ്പെടാത്തഭാഗമിങ്ങനെയാണ്: നിങ്ങള്‍ എന്തിനാണ് എപ്പോഴും വിപ്ലവത്തിനെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നത്. പ്രായോഗികതാവാദത്തിന്റെ രണ്ടുതലം ഇവിടെ ഉണ്ട്. സ്ത്രീകളുടെ പ്രശ്‌നം പൊതുവായ വിപ്ലവപ്രവര്‍ത്തനത്തില്‍ നിന്നും വേറിട്ട് കാണേണ്ടതാണ് എന്ന പ്രായോഗികസമീപനത്തോടൊപ്പം ഉജ്ജ്വലനായ വിപ്ലവകാരി പൊതുവായ വിപ്ലവപ്രവര്‍ത്തനത്തില്‍നിന്നും വേറിട്ട് ചില മേഖലകളില്‍ മുങ്ങിത്താഴണമെന്ന താല്‍പ്പര്യവും പ്രകടമാണ്.

പാര്‍ട്ടിയുടെ സൈദ്ധാന്തികധാരണകളില്‍ വലിയമാറ്റമില്ലാതിരിക്കുകയും ലെനിന്‍ ഉള്‍പ്പെടെ വിഭാവനം ചെയ്ത പോലത്തെ ഭൗതികാടിസ്ഥാനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ (അടിസ്ഥാനവര്‍ഗ്ഗങ്ങളിലൊരു വിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യം മറ്റൊരു വിഭാഗത്തിന്റെ ചൂഷണഫലമായി ലഭിക്കാത്ത സാഹചര്യത്തില്‍ ) സൈദ്ധാന്തികധാരണകളില്‍ റിവിഷനിസ്റ്റ് സ്വാധീനം കടന്നുവരാനിടയുണ്ട്. ഈ ചുറ്റുപാടില്‍ പ്രകടമാവുന്ന പ്രായോഗികതാവാദം വിശദമാക്കപ്പെടേണ്ടതുണ്ട്. ജനകീയ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് മുരടിപ്പില്‍ എത്തുമ്പോള്‍ ആണ് ഇത്തരം പരിതസ്ഥിതി രൂപപ്പെടുക. ഈ മുരടിപ്പ് പിന്നോട്ടടിയിലേക്കെത്തുമെന്ന തോന്നലുണ്ടാക്കും. ഈ പിന്നോട്ടടി ഒഴിവാക്കാന്‍ താല്‍ക്കാലികമായ എല്ലാ സൂത്രവിദ്യകളും സ്വീകരിക്കുന്നിടത്താണ് പ്രായോഗികതാവാദം തുടങ്ങുക. പക്ഷേ ഈ പ്രായോഗികതാവത്ക്കരണം കൂടുതല്‍ മുരടിപ്പിലേക്കാണ് പ്രസ്ഥാനത്തെ നയിക്കുക. കൂടുതല്‍ പ്രായോഗികവല്‍ക്കരണമാണ് ഇതിന്റെ ഫലം. തുടര്‍ന്ന് പ്രായോഗികതാവല്‍ക്കരണത്തിന്റെ വൈരുദ്ധ്യത്തിലേക്ക് നീങ്ങേണ്ടിവരും.

1968-ലെ ചെക്കോസ്ലാവാക്യയെക്കുറിച്ച് ഇത്തരമൊരു കഥയുണ്ട്. പ്രാഗ് വസന്തകാലത്തെ സംഭവമാണത്. അലക്‌സാണ്ടര്‍ ഡ്യൂബ് ചെക്കിന്റെ ഗ്രൂപ്പ് സോവിയറ്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു (ഡ്യൂബ് ചെക്കിനെ സോവിയറ്റ് സര്‍ക്കാര്‍ അധികാരഭ്രഷ്ടമാക്കും മുമ്പാണിത്). അവര്‍ ചൂണ്ടിക്കാട്ടിയത് പ്രാഗ് വസന്തം സ്വതന്ത്രമാക്കിവിട്ടാല്‍ അത് പടിഞ്ഞാറന്‍ യൂറോപ്പിലെ ഇടതുപക്ഷപ്രസ്ഥാനത്തിനുമേല്‍ വലിയ സ്വാധീനം ചെലുത്തുമെന്നായിരുന്നു. സോവിയറ്റ് പ്രതിനിധികളുടെ മറുപടിയിതായിരുന്നു. “”വിഡ്ഢിത്തം പറയാതെ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇനി ഇടതുപക്ഷം വികസിക്കാനൊന്നും പോകുന്നില്ല.”” സോവിയറ്റ് യൂണിയന്റെ പ്രായോഗികതാവാദം തന്നെ പടിഞ്ഞാറന്‍ യൂറോപ്പിലെ ഇടതുപക്ഷത്തിന്റെ മുരടിപ്പിനോടുള്ള പ്രതികരണമായിരുന്നു. കിഴക്കന്‍ യൂറോപ്പിലെ ഇടതുപക്ഷത്തെ ഉള്ളംകൈയ്യിലൊതുക്കി നിയന്ത്രിക്കുകയെന്ന ലക്ഷ്യമാണ് കൂടുതല്‍ പ്രാഗ് വസന്തങ്ങള്‍ അനുവദിക്കാതിരിക്കുന്നതിലൂടെ സോവിയറ്റ് യൂണിയന്‍ ലക്ഷ്യമിട്ടത്. പക്ഷേ പടിഞ്ഞാറന്‍ യൂറോപ്പിലെ ഇടതുപക്ഷം കൂടുതല്‍ മുരടിപ്പിലെത്തുകയായിരുന്നു ഇതിന്റെ ഫലം.

സി.പി.ഐ.എമ്മിന്റെ സ്ഥിതി
CPIM- FLAG, RED FLAGS, CPIM may siden for other communist movements. സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’  എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക്. MAJNI

സി.പി.ഐ.എം ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് ഇതേ അവസ്ഥയിലാണ്. അതിന്റെ ശേഷി രാജ്യത്തിന്റെ ചില മൂലകളില്‍ ഒതുക്കപ്പെട്ടിരിക്കുന്നു. ഈ മേഖലകളില്‍ തന്നെ ഇപ്പോഴത്തെ അടിത്തറയ്ക്കുനിദാനം 1930 കളിലും 40 കളിലും നടന്ന കാര്‍ഷികസമരങ്ങളുള്‍പ്പെടെയാണ്. ഈ അടിത്തറയുടെ മുരടിപ്പ് പാര്‍ലമെന്ററി നേട്ടങ്ങളുടെ മറവില്‍ അദൃശ്യമായി നില്‍ക്കുകയാണ്. ഈ മുരടിപ്പിനോടുള്ള പ്രതികരണം പരമാവധി സ്വാധീനമേഖലകളെ കൈപ്പിടിയിലൊതുക്കുക എന്ന താല്‍പ്പര്യമായാണ് പ്രത്യക്ഷപ്പെട്ടത്.

ഉദാഹരണത്തിന് പശ്ചിമബംഗാളിലെ വ്യവസായവല്‍ക്കരണശ്രമങ്ങള്‍ പരിശോധിക്കാം. മധ്യവര്‍ഗ്ഗത്തെ കൈപ്പിടിയില്‍ ഒതുക്കി അന്യവല്‍ക്കരണം തടയാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. പാര്‍ട്ടിക്ക് വളര്‍ച്ചയില്ലാത്ത എവിടെയും ഈ അന്യവല്‍ക്കരണം സംഭവിക്കാം. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്തിടത്തോ, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് മധ്യവര്‍ഗ്ഗം വിലങ്ങുതടിയാകുന്നിടത്തോ സ്വീകരിക്കേണ്ട നിലപാട് കര്‍ഷകരുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുന്നവിധമാണ് പശ്ചിമബംഗാളില്‍ സ്വീകരിച്ചത്. ഭൂമി പിടിച്ചെടുക്കുന്നത് തടയാനുള്ള കര്‍ഷകരുടെ സമരശേഷിയെ, വിശേഷിച്ച് ഇന്ത്യയിലാകെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടങ്ങളെ തങ്ങളുടെ വളര്‍ച്ചയ്ക്കുപയോഗിക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെ പോയത് സിംഗൂരിലതുപോലുള്ള സംഭവവികാസങ്ങളുടെ ഭാഗമായാണ്.

പ്രസ്ഥാനത്തിന്റെ മുരടിപ്പിന്റെ ഫലമായി പ്രായോഗികതാവല്‍ക്കരണം ശക്തിപ്പെടും. ഈ രണ്ടു പ്രവണതകളും നിലവിലുള്ള അന്താരാഷ്ട്രപരിതഃസ്ഥിതികളുടെ വിശാലതയില്‍ ആണ് പരിശോധിക്കപ്പെടേണ്ടത്. സി.പി.ഐ.എം പ്രവര്‍ത്തിക്കുന്ന സാര്‍വ്വദേശീയ പരിതഃസ്ഥിതി സുപ്രധാനമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സോഷ്യലിസ്റ്റ് പദ്ധതികള്‍ക്കേറ്റ വമ്പിച്ച അടിയായിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക് സി.പി.ഐ.എമ്മിന് അണികളുടെ ചോര്‍ച്ച നേരിടേണ്ടിവന്നില്ലെങ്കിലും അതിന്റെ ഉള്ളറകളില്‍ പടര്‍ന്ന വിശ്വാസരാഹിത്യത്തെ നിഷേധിക്കാനാവില്ല.

സ്വഭാവികമായും ചൈനയില്‍ വിശ്വാസമര്‍പ്പിക്കുന്ന പ്രവണതയിലേക്ക് സി.പി.ഐ.എം നീങ്ങി. ചൈനയുടെ എല്ലാവിധ കൊള്ളരുതായ്മകളെയും ചതിയെയും മറന്നുകൊണ്ടാണ് ഈ വിശ്വാസമര്‍പ്പിക്കല്‍ പ്രക്രിയ സംഭവിച്ചത്. ചൈനയുടെ “”സാമ്പത്തികവിജയം”” ഈ വിശ്വാസം പോഷിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ പ്രത്യയശാസ്ത്രപരമായി സോവിയറ്റ് യൂണിയനും ചൈനയ്ക്കും സംഭവിച്ച പിഴവുകളെ ചൂണ്ടിക്കാണിക്കാന്‍ ധൈര്യം കാണിച്ച സി.പി.ഐ.എം (സോവിയറ്റ് യൂണിയന്റെ വലതുപക്ഷ റിവിഷനിസവും ചൈനയുടെ ഇടതുവ്യതിയാനവും സി.പി.ഐ.എമ്മിന്റെ വിമര്‍ശനത്തിനിരയായിരുന്നു) ഇപ്പോഴും ചൈനയുടെ വികസനം സംബന്ധിച്ച പ്രശ്‌നങ്ങളെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ വിമുഖരാണ്.

ചൈനയ്ക്കുണ്ടെന്ന് പറയപ്പെടുന്ന വിജയം, സാമ്പത്തികനയങ്ങള്‍ സ്വീകരിക്കുന്നതിന് സി.പി.ഐ.എമ്മിന്റെ നേതൃനിരയെ, തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോര്‍പ്പറേറ്റ് മൂലധനത്തിന് സൗജന്യം നല്‍കുന്നതിന്, പ്രേരിപ്പിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പ് വരെ ഇത് അസാധ്യമായിരുന്നു. മാത്രവുമല്ല സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രായോഗികതാവല്‍ക്കരണപ്രക്രിയയുടെ പിന്നിലുളള പ്രധാന പ്രേരണ ചൈനയുടെ ഉദാഹരണത്തിന്റെ സ്വാധീനമാണെന്നും കാണാം.

അടുത്ത പേജില്‍ തുടരുന്നു

Broken Communism. CPIM may siden for other communist movements. സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’  എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക്III

ഇതോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു അനുബന്ധം കൂടിയുണ്ട്. കമ്യൂണിസ്റ്റ് ചിന്തകളില്‍ ഭൂപരിഷ്‌ക്കരണത്തിനുശേഷം എന്ത് എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാണിത്. ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. ലെനിന്റെ “സോഷ്യല്‍ ഡെമോക്രസിയുടെ ഇരട്ട തന്ത്രങ്ങള്‍ ” എന്ന പ്രഖ്യാതമായ സങ്കല്പനം റഷ്യയുടെ പശ്ചാത്തലത്തിലുള്ളതാണെങ്കിലും ഇരുപതാംനൂറ്റാണ്ടില്‍ വിവിധ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രയോഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവിടങ്ങളിലെല്ലാം ചരിത്രപരമായ കാരണങ്ങളാല്‍ മുതലാളിത്തം വൈകിയാണ് പ്രത്യക്ഷപ്പെട്ടത്. ലെനിന്റെ കാഴ്ചപ്പാടില്‍:””തൊഴിലാളിവര്‍ഗ്ഗം ജനാധിപത്യവിപ്ലവം പൂര്‍ണ്ണതയിലെത്തിക്കുകയും കര്‍ഷകരെ തങ്ങളുടെ സഖ്യശക്തികളാക്കി അധികാരിവര്‍ഗ്ഗത്തിന്റെ ചെറുത്തുനില്‍പ്പിനെ തകര്‍ക്കുകയും ബൂര്‍ഷ്വാസിയുടെ അസ്ഥിരതയെ നിര്‍വ്വീര്യമാക്കുകയും വേണം. തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാക്കുകയും ഇതിനായി ബഹുജനങ്ങള്‍ക്കിടയിലെ അര്‍ധ-തൊഴിലാളിഘടകങ്ങളെ കൂടെ നിര്‍ത്തി ബൂര്‍ഷ്വാസിയുടെ ചെറുത്തുനില്‍പ്പിനെ തകര്‍ക്കുകയും കര്‍ഷകരുടെയും പെറ്റിബൂര്‍ഷ്വാസിയുടെയും അസ്ഥിരതയെ ദുര്‍ബലപ്പെടുത്തുകയും വേണം””.

പ്രായോഗികതാ വല്‍ക്കരണത്തിന്റെ വക്താക്കളുടെ വാദമുഖങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ബൂര്‍ഷ്വാസിദ്ധാന്തങ്ങള്‍ അംഗീകരിക്കുന്നതിലേക്ക് പാര്‍ട്ടി ചെന്നെത്തും. അങ്ങനെ വന്നാല്‍ സി.പി.ഐ.എമ്മിന്റെ സൈദ്ധാന്തികനില പാടുകളോട് തുല്യതയുള്ള പുതിയ കമ്യൂണിസ്റ്റ് രൂപീകരണങ്ങള്‍ക്കായി അതിനുവഴിമാറിക്കൊ ടുക്കേണ്ടിവരും

ഇതിലെ ആദ്യഭാഗത്തെ കാഴ്ചപ്പാട് മൂന്നാംലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാര്‍ വ്യക്തമായി ഗ്രഹിക്കുകയും പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തേതില്‍ നിന്നും രണ്ടാംഘട്ടത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ വര്‍ഗ്ഗങ്ങളുടെ സഹകരണം എത്രത്തോളം എന്ന പ്രശ്‌നം ഉയര്‍ന്നുവന്നു. സോഷ്യലിസ്റ്റുവിപ്ലവത്തോട് കര്‍ഷകസമൂഹത്തിന്റെ മനോഭാവം നിരവധി ചോദ്യങ്ങളുന്നയിച്ചു. സോവിയറ്റ് യൂണിയനിലെ കൂട്ടുകൃഷിക്കളങ്ങളുടെ രൂപീകരണവേളയിലും (കുലാക്കുകളുടെ പ്രതിരോധത്തിന്റെതായ ആ ഘട്ടത്തില്‍ മറ്റൊരുവഴിയുണ്ടായിരുന്നില്ലെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും) ചൈനയിലെ മഹത്തായ കുതിച്ചുചാട്ടത്തിന്റെ ഘട്ടത്തിലും (മഹത്തായ കുതിച്ചുചാട്ടമെന്ന സങ്കല്‍പ്പം തെറ്റായിരുന്നില്ലെങ്കിലും അതിനുവേണ്ടി നിശ്ചയിച്ച സമയമാണ് നിര്‍ഭാഗ്യകരമായി തീര്‍ന്നത് എന്നാണ് പലരുടെയും നിലപാട്) രണ്ടാംഘട്ടത്തിലെ പരിവര്‍ത്തനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും സോഷ്യലിസ്റ്റ് പദ്ധതിയെയാകെ പാളം തെറ്റിക്കുന്നതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കാര്‍ഷികപരിഷ്‌കാരത്തിനുശേഷം

ഈ പ്രശ്‌നം – കാര്‍ഷികപരിഷ്‌കാരങ്ങളിലൂടെ ജനാധിപത്യവിപ്ലവം എങ്ങിനെ മുന്നോട്ടു നയിക്കാമെന്നത് – കമ്യൂണിസ്റ്റ് വിപ്ലവപദ്ധതിയിലെ പ്രയാസമുള്ള സംഗതികളിലൊന്നാണ്. ഒരു ബൂര്‍ഷ്വാ ക്രമത്തിനുള്ളില്‍ ഭരണാധികാരം ഏതാനും സംസ്ഥാനങ്ങളില്‍ കൈയാളേണ്ടിവരുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിലുള്‍പ്പെടെ ഈ പ്രശ്‌നമുണ്ട്. യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ്ഗം സമ്പദ്ഘടനയുടെ ആധുനിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗം ഇവിടങ്ങളില്‍ ഏറെ കുറവാണ്. അതിനാല്‍ത്തന്നെ വ്യവസായവല്‍ക്കരണമുദ്രാവാക്യം (വന്‍തോതിലുള്ള സ്വകാര്യകോര്‍പ്പറേറ്റ് മൂലധനത്തെ ആശ്രയിച്ചുള്ളത്) വലിയതോതില്‍ സ്വാധീനം നേടുന്നുണ്ട്. ഇത് പടിപടിയായി ഒരു ഘട്ടസിദ്ധാന്തത്തിന്റെ സങ്കല്പനത്തിനു പിറവി നല്‍കിക്കഴിഞ്ഞിട്ടുണ്ട്. മുതലാളിത്തം വികസിപ്പിച്ച ശേഷം നമുക്ക് ഭൂപരിഷ്‌കാരത്തിനു ശ്രമിക്കാമെന്നും അടുത്ത ഘട്ടത്തില്‍ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാമെന്നുമാണ് ഈ വാദത്തിന്റെ ആകത്തുക.

ഘട്ടസിദ്ധാന്തം ഏതായാലും പ്രായോഗികതാവല്‍ക്കരണത്തിന്റെ നേരിട്ടുള്ള സൈദ്ധാന്തികപ്രകാശനമാണ്. ആദ്യനോട്ടത്തില്‍ ഇത് വെറും അസംബന്ധമായിത്തോന്നാം. പലരും മാര്‍ക്‌സിസ്റ്റ് ചരിത്രസിദ്ധാന്തത്തെ ഘട്ടസിദ്ധാന്തത്തിനുദാഹരണമായി കാണുന്നുണ്ട്. പക്ഷേ ഇത് യുക്തിരഹിതമാണ്. മാര്‍ക്‌സിസം കേവലം ഘട്ടങ്ങളെ വിവരിക്കുകയോ ചരിത്രത്തെവ്യത്യസ്ത ഉല്പാദനരീതികളുള്ള വിവിധഘട്ടങ്ങളായി വിഭജിക്കുകയോ ചെയ്യുന്നില്ല. ചരിത്രത്തിന്റെ ചാലകശക്തിയെക്കുറിച്ച് അതിന്റെ പരിവര്‍ത്തനസ്വഭാവത്തെക്കുറിച്ച് ഓരോ ഘട്ടത്തില്‍നിന്നും മറ്റു ഘട്ടങ്ങളിലേക്കുള്ള വികാസത്തെക്കുറിച്ച് വിശദീകരണം നല്‍കുകയാണ് മാര്‍ക്‌സിസം ചെയ്യുന്നത്.

കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള പദ്ധതി വിപ്ലവത്തിനുള്ള പൊട്ടും പൊടിയും ബന്ധിപ്പിക്കുന്ന പദ്ധതിയല്ല. വിപ്ലവലക്ഷ്യങ്ങളെ ബാക്കിനിര്‍ത്തുന്ന ഒന്നല്ല ഇത്. മുതലാളിത്തം കെട്ടിപ്പടുക്കാന്‍ അടിസ്ഥാനവര്‍ഗ്ഗങ്ങളെ അടിച്ചമര്‍ത്തേണ്ടത് ആവശ്യമാണ്. ഘട്ടസിദ്ധാന്തത്തിനു പിന്നിലെ സങ്കല്പം കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചാല്‍ അതിനര്‍ത്ഥം അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കായി പൊരുതുന്ന ഇതേ പാര്‍ട്ടി തന്നെ വളരെപെട്ടെന്ന് നേരെ എതിരായ സമീപനത്തിലേക്ക് വഴുതിവീഴുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ അടിസ്ഥാനവര്‍ഗ്ഗം പാര്‍ട്ടിയെ നിശ്ശബ്ദമായി പിന്തുടരും എന്നു കരുതുന്നത് അസംബന്ധമാണ്. മുതലാളിത്തം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി നിസംശയമായും ബൂര്‍ഷ്വാപാര്‍ട്ടികളുടെ നിലവാരത്തിലേക്ക് അധഃപതിക്കും. വിപ്ലവത്തെക്കുറിച്ചുള്ള അധരവ്യായാമംപോലും മുതലാളിത്തം കെട്ടിപ്പടുക്കുമ്പോള്‍ നിലനില്‍ക്കുകയില്ല. മറ്റേത് ബൂര്‍ഷ്വാപാര്‍ട്ടിയെയുംപോലെയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാറും. പ്രായോഗികതാവല്‍ക്കരണത്തിന്റെ ഫലമാണിത്.

പ്രായോഗികതാവല്‍ക്കരണത്തിന്റെ ശക്തികള്‍

ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ ഇടതുപക്ഷത്തെ പ്രായോഗികതാവല്‍ക്കരണത്തിലേക്ക് തള്ളിനീക്കുന്ന കരുത്തുള്ള ശക്തികള്‍ ഉണ്ട്. തീക്ഷ്ണമായ പോരാട്ടങ്ങളെ (അതെവിടെ നടന്നാലും പിന്തുണക്കേണ്ടുന്നവരെ) ഇടതുപക്ഷനേതൃത്വത്തിലുള്ള ഗവര്‍മ്മേണ്ടുകളെ ഈ സമരങ്ങള്‍ ഭീഷണിപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ ചെയ്യും എന്ന ഏകകാരണത്താല്‍ തള്ളിക്കളയാന്‍ ഈ ശക്തികള്‍ പ്രേരണചെലുത്തുന്നുണ്ട്. ഇടതുപക്ഷം സംസ്ഥാനഗവണ്‍മെന്റുകള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍പോലും തൊഴിലാളിവര്‍ഗ്ഗത്തിനു മുന്നേറാനും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമുള്ള ചുമതലയാണ് നിറവേറ്റേണ്ടത്. ഇതൊന്നും അത്ര എളുപ്പമല്ല. പക്ഷേ ഇടതുപക്ഷം ഈ പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യേണ്ടതുണ്ട്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ അനുഭവം മുന്‍നിര്‍ത്തി ഞാന്‍ വിശ്വസിക്കുന്നത് ഇടതുപക്ഷത്തിന് ഈ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയുമെന്നാണ്.

അടുത്ത പേജില്‍ തുടരുന്നു

CPIM may siden for other communist movements. സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’  എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക്IV

പല കോണുകളില്‍നിന്നും ഇടതുപക്ഷസുഹൃത്തുക്കള്‍ നല്‍കുന്ന ഉപദേശം സ്ഥിതി കൂടുതല്‍ മെച്ചപ്പെടണമെങ്കില്‍ കുറേക്കൂടി പ്രായോഗികവല്‍ക്കരണത്തിന് തയ്യാറാകണമെന്നാണ്. ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത ഉപദേശമാണിത്. രണ്ടുതരം നിര്‍ദ്ദേശങ്ങളാണ് മുന്നേറ്റത്തിനായി സുഹൃത്തുക്കള്‍ നല്‍കുന്നത്. ആദ്യത്തേത് ഇടതുപക്ഷം സോഷ്യല്‍ഡമോക്രാറ്റുകളായി മാറണമെന്നതാണ്. എന്നുവെച്ചാല്‍ ഇടതുപക്ഷം സാമ്രാജ്യത്വ വിരുദ്ധത കൈയൊഴിയണമെന്നാണര്‍ത്ഥം. മുതലാളിത്തത്തിനുള്ളില്‍ ജനങ്ങളെയും ഇതരരാജ്യങ്ങളെയും അടിച്ചമര്‍ത്താത്ത മാനുഷികമായ ഒരു വ്യവസ്ഥ സാധ്യമാണെന്ന ധാരണയാണ് ഇവര്‍മുന്നോട്ടുവെക്കുന്നത്. ഇടതുപക്ഷത്തിന്റെ പരിവര്‍ത്തനപദ്ധതികളെയാകെ ഉപേക്ഷിക്കണമെന്നാണ് ആദ്യത്തെ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം.

അടിസ്ഥാനവര്‍ഗ്ഗത്തെ ഉപേക്ഷിക്കണോ?

സാമ്രാജ്യത്വമെന്ന സങ്കല്പനം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ അത് ഇടതുപക്ഷത്തിന്റെ കേവലമായ തോന്നല്‍ മാത്രമാണെങ്കില്‍, അത്തരം സങ്കല്പനങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗത്തിനായി പോരാടുന്നതില്‍ നിന്നും ഇടതുപക്ഷത്തെ തടയുകയാണെങ്കില്‍ ഈ വാദത്തിന് പ്രസക്തിയുണ്ട്. എന്നാല്‍ ഇത്തരം ഉപദേശങ്ങള്‍ ഉയര്‍ന്നുവരുന്നത് സാമ്രാജ്യത്വം നിലനില്‍ക്കുന്നില്ല എന്ന അര്‍ത്ഥത്തിലല്ല. അത്തരം ഭാണ്ഡങ്ങളൊക്കെ ഒഴിവാക്കിയാല്‍ ഇടതുപക്ഷത്തിന് വേഗം വളരാന്‍ കഴിയും എന്ന തരത്തിലാണ് ഈ ഉപദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പ്രായോഗികതാവല്‍ക്കരണമല്ലാതെ മറ്റൊന്നുമല്ല ഇത്.

പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ താല്‍പര്യങ്ങള്‍ കൈയൊഴിയണമെന്നാണ് സൂചന. അന്താരാഷ്ട്രധനമൂലധനത്തിന്റെ, സമകാലിക സാമ്രാജ്യത്വത്തിന്റെ അകക്കാമ്പാണിത്. നിയോലിബറല്‍ നയങ്ങളുടെ ഫലമായി എവിടെയും ഞെരിച്ചമര്‍ത്തപ്പെടുന്ന വിഭാഗമാണ് അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍. ഇടതുപക്ഷത്തിന് ഇടതുപക്ഷമായി നിലനില്‍ക്കണമെങ്കില്‍ തെരഞ്ഞെടുപ്പുവേദികളിലെ ലാഭനഷ്ടങ്ങള്‍ക്കപ്പുറം ഈ വര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്.

രണ്ടാമത്തെ വാദഗതി ഇന്ത്യന്‍ ഇടതുപക്ഷം വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുറത്തുള്ള പുരോഗമനസ്വഭാവമുള്ള പൗരസമൂഹഗ്രൂപ്പുകളുമായി ചേര്‍ന്ന് – ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രാദേശികസമരങ്ങള്‍ നടത്തുന്നവയാണ് – ജനകീയപ്രസ്ഥാനങ്ങളെ നയിക്കുന്ന വിധം “പുതിയൊരു ഇന്ത്യന്‍ ഇടതുപക്ഷമായി” മാറുക എന്നതാണ്. ഇത്തരം വാദങ്ങളുന്നയിക്കുന്ന ചിലര്‍ സിപിഐഎം ഒഴികെയുള്ള കമ്യൂണിസ്റ്റുകാരെ ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്നാഗ്രഹിക്കുന്നു.

മറ്റുള്ളവരാകട്ടെ, സിപിഐഎമ്മിനെപ്പോലും ചില സവിശേഷതകളുടെ പേരില്‍ ഇത്തരമൊരു സഖ്യത്തില്‍ചേര്‍ക്കണമെന്ന അഭിപ്രായക്കാരാണ്. “പുതിയ ഇന്ത്യന്‍ ഇടതുപക്ഷത്തി”ന്റെ വക്താക്കളായ എല്ലാ ഗ്രൂപ്പുകളും പൊതുവായി യോജിക്കുന്നത് സാമ്രാജ്യത്വമെന്ന സങ്കല്പനത്തെ അംഗീകരിക്കാതിരിക്കുന്നതിലാണ്. അവര്‍ ചില പ്രത്യേകതരം സാമ്രാജ്യത്വ ഇടപെടലുകളെ എതിര്‍ക്കുകയും തിരിച്ചറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും ആക്രമിച്ചത്, ലിബിയയില്‍ ബോംബാക്രമണം നടത്തിയത്, ഇതിനെയൊക്കെ എതിര്‍ക്കുന്നുണ്ടെങ്കിലും സാമ്രാജ്യത്വത്തിനെ ഘടനാപരമായ സ്വഭാവവിശേഷങ്ങളുള്ള മുതലാളിത്തമായി അവര്‍ കാണുന്നില്ല.

മുതലാളിത്തവ്യാപനത്തിന്റെ പ്രായോഗികമായ ആവശ്യകതസംബന്ധിച്ച് കഴിഞ്ഞ നൂറുകൊല്ലമായി വാദിക്കപ്പെടുന്ന കാര്യങ്ങളൊക്കെ മുതലാളിത്തത്തിന്റെ ഘടനാപരമായ ഈ സവിശേഷതകളുമായി ബന്ധപ്പെട്ടാണ്. സൈദ്ധാന്തികമായി ഈ സംഘര്‍ഷം ഉപേക്ഷിച്ചതുകൊണ്ട് മുതലാളിത്തവ്യാപനപദ്ധതി ഉപേക്ഷിക്കപ്പെടില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കട്ടെ. ചില പ്രത്യേക വിഷയങ്ങള്‍ മുന്‍നിര്‍ത്തി സമരം ചെയ്യുകയും മുതലാളിത്തവ്യവസ്ഥയുമായി ഉള്‍ച്ചേര്‍ന്നു പോവുകയും ചെയ്യുന്നതിലൂടെ മുതലാളിത്ത ഘടനയെയാകെ സുരക്ഷിതമാക്കി നിലനിര്‍ത്തുകയാണ് സംഭവിക്കുന്നത്. ഇതിന്റെ ഫലമായി സൈദ്ധാന്തികമായിപ്പോലും മുതലാളിത്തത്തിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടി പോരാടുക എന്ന ലക്ഷ്യത്തിലേക്ക് ഇക്കൂട്ടര്‍ ഒതുങ്ങിപ്പോകുന്നു. അവര്‍ സോഷ്യലിസത്തിനുവേണ്ടി സമരം ചെയ്യാന്‍ തയ്യാറല്ല.

മുതലാളിത്തവും സോഷ്യലിസവും

സോഷ്യലിസം എന്നത് ആകാശകുസുമമാണെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പരിഷ്‌കാരങ്ങള്‍ക്ക് പോരാടുന്നത് മൂര്‍ത്തമായ സമരമാണെന്നും വാദമുയര്‍ന്നേക്കാം. ഉദാഹരണത്തിന് ദളിതരുടെ പുരോഗതിക്കും സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഒക്കെയുള്ള സമരങ്ങളില്‍ സോഷ്യലിസമെന്നോ മുതലാളിത്തമെന്നോ എഴുതിച്ചേര്‍ക്കാതെതന്നെ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ഇതൊരു തെറ്റായ കാഴ്ചപ്പാടാണ്. ഗ്രാമീണസ്ത്രീകളുടെ ജീവിതാവസ്ഥയിലുള്ള ഏതു പുരോഗതിയും ജാതിവ്യവസ്ഥക്കേല്‍പിക്കുന്ന ഏത് കടുത്ത അടിയും പഴയ മുതലാളിത്ത പൂര്‍വ്വസമുദായത്തില്‍നിന്നുള്ള വിച്ഛേദം ആവശ്യപ്പെടുന്നുണ്ട്. ചരിത്രപരമായിത്തന്നെ മുതലാളിത്തം അതിന്റെ നഗരാടിത്തറ കൃത്യമായി രൂപപ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസ്റ്റ് പദ്ധതിക്ക് പുതിയൊരു സാമുദായിക ഘടന രൂപപ്പെടുത്തേണ്ടതുണ്ട്.

സ്വന്തം ജീവിതചുറ്റുപാടുകളില്‍നിന്ന് പറിച്ചെറിയപ്പെട്ട് സ്വമേധയാ കടന്നുവരുന്ന വ്യക്തികളുടെ നിലപാടുകളെ അടിസ്ഥാനമാക്കിയും പുതിയ ഉല്പാദന സമ്പ്രദായങ്ങളില്‍ ഉള്‍പ്പെട്ടവരെ ചേര്‍ത്തും ഒക്കെയാണ് ഈ അടിത്തറ സൃഷ്ടിക്കുക. പക്ഷേ നമ്മുടെ രാജ്യത്ത് മുതലാളിത്തം അതിന്റെ വളര്‍ച്ചക്കൊപ്പം പഴയ സമുദായഘടന തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടു. പുതിയൊരു തൊഴിലാളി വര്‍ഗ്ഗമായി വികസിപ്പിക്കുന്നതിന് പഴയ സമുദായഘടനയിലെ അംഗങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതിനുള്ള പരിമിതി മൂലമാണ് ഇത്.

തൊഴില്‍രഹിത വളര്‍ച്ചയെന്ന പ്രതിഭാസത്തോടാണ് ഇതിന് നന്ദി പറയേണ്ടത്. ഇക്കാരണത്താലാണ് ഉയര്‍ന്നവളര്‍ച്ചാനിരക്കിനൊപ്പംതന്നെ പ്രാകൃതമായ ഖാപ് പഞ്ചായത്തുകളും നിലനില്‍ക്കുന്നത്. ഖാപ് പഞ്ചായത്തുകള്‍പോലുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ദളിതരുടെയും സ്ത്രീകളുടെയും സാമൂഹ്യമുന്നേറ്റത്തിനുമുന്നിലെ തടസ്സങ്ങള്‍ നിലനില്‍ക്കും. മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം എപ്പോഴുമെന്നപോലെ ഇന്നും തുടരുന്നതിന് കാരണമിതാണ്.

എല്ലാവര്‍ക്കും അവരുടെ രാഷ്ട്രീയനിലപാട് തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ചിലര്‍ പരിഷ്‌കരണവാദത്തിന്റെ വഴി തെരഞ്ഞെടുത്തേക്കാം. മുതലാളിത്തത്തെ പരിഷ്‌കരിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെ കാഴ്ചപ്പാടില്‍ തെറ്റായ നിലപാടുള്ളവരാണ്. ഏവരും സോഷ്യലിസം ആഗ്രഹിക്കണം എന്ന അര്‍ത്ഥത്തിലല്ല ഇതു പറയുന്നത്. എത്ര ശക്തമായ പോരാട്ടവും മുതലാളിത്തത്തെ മാനുഷികമായ ഒരു വ്യവസ്ഥയാക്കി മാറ്റില്ല എന്നതുകൊണ്ടാണിത്.

ധനമൂലധനത്തിന്റെ വാടകനാവുകളായി മാറിക്കഴിഞ്ഞ ധാരാളംപേര്‍ സാമ്രാജ്യത്വമെന്ന സങ്കല്പനം ഉപേക്ഷിച്ചുകഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. നിരവധി പാശ്ചാത്യമാര്‍ക്‌സിസ്റ്റുകള്‍തൊട്ട് ചൈനയുടെ ഔദ്യോഗിക വക്താക്കളും ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാംലോകരാജ്യങ്ങളിലെ ബുദ്ധിജീവികളുംവരെ ഈ നിലപാടിലെത്തിയിരിക്കുന്നു. ഉയര്‍ന്നവളര്‍ച്ചാനിരക്കിന്റെ ഫലമായി മധ്യവര്‍ഗ്ഗത്തിന് ഭേദപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതു ചൂണ്ടിക്കാട്ടി അവരുയര്‍ത്തുന്ന വാദമുഖങ്ങള്‍ ഇതിന് ദൃഷ്ടാന്തമാണ്.

സിപിഐഎം പഴയ സങ്കല്പത്തില്‍- ലെനിനടക്കമുള്ളവരുടെ ബൗദ്ധികനിലപാടുകളുടെ പരിസരത്തുനിന്ന് കെട്ടിപ്പടുക്കപ്പെട്ട കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന പ്രതീതിയുണര്‍ത്തുന്നുണ്ട്. ഈ സങ്കല്പനങ്ങളും പ്രായോഗിക പദ്ധതികളും മൂല്യവത്തായി തുടരുംവരെ സി.പി.ഐ.എം തകര്‍ച്ചയില്ലാതെ നിലനിന്നേക്കാം. പക്ഷേ, പ്രായോഗികതാവല്‍ക്കരണത്തിന്റെ വക്താക്കളുടെ വാദമുഖങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ബൂര്‍ഷ്വാസിദ്ധാന്തങ്ങള്‍ അംഗീകരിക്കുന്നതിലേക്ക് ആ പാര്‍ട്ടി ചെന്നെത്തും. അങ്ങനെ വന്നാല്‍ സി.പി.ഐ.എമ്മിന്റെ സൈദ്ധാന്തികനിലപാടുകളോട് തുല്യതയുള്ള പുതിയ കമ്യൂണിസ്റ്റ് രൂപീകരണങ്ങള്‍ക്കായി അതിനുവഴിമാറിക്കൊടുക്കേണ്ടിവരും. പരിഷ്‌കരണശക്തികളുടെ യാതൊരു കൂട്ടുകെട്ടും അതെത്രമാത്രം ഗൗരവമുള്ളതായാലും ശരി കമ്യൂണിസ്റ്റുകാര്‍ക്ക് ബദലായി അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറാന്‍ സാദ്ധ്യമല്ല. എന്നാല്‍ പൊതുപ്രശ്‌നങ്ങളില്‍ യോജിച്ചുപ്രവര്‍ത്തിക്കുന്നതിന് ഇത് തടസ്സവുമാവില്ല.

Key Words: 21st Century Socialism, Anti-Imperialism, Capitalist Crisis, Communist Party, India, Marxism, Politics, Prabhat Patnaik, Working Class, Communist Parties in India

(കടപ്പാട്:എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി) EPW- Economic and Political Weekly