ന്യൂദല്‍ഹി: സാമ്പത്തിക വിദഗ്ധനും ജെ.എന്‍.യു മുന്‍ പ്രഫസറുമായ പ്രഭാത് പട്‌നായിക്കിനെ ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതില്‍ നിന്നും വിലക്കിയ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ചുട്ടമറുപടിയുമായി പ്രഭാത് പട്‌നായിക്. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ള ജെ.എന്‍.യു രജിസ്ട്രാറുടെ നോട്ടീസിന് നിങ്ങള്‍ക്കു വിധേയനാവാന്‍ താനിപ്പോള്‍ യൂണിവേഴ്‌സിറ്റി ശമ്പളം വാങ്ങുന്ന ജീവനക്കാരനല്ല എന്ന മറുപടിയാണ് പ്രഭാത് പട്‌നായിക് നല്‍കിയത്.
ആഗസ്റ്റ് 4 ന് ജെ.എന്‍.യുവില്‍ നടന്ന “ദ ഐഡിയ ഓഫ് എ യൂണിവേഴ്‌സിറ്റി: ഡെമോക്രസി, റസിസ്റ്റന്‍സ്, ഫ്യൂച്ചര്‍ ചാലഞ്ചസ്” എന്ന സെമിനാറുമായി പങ്കെടുക്കുന്നതില്‍ പ്രഭാത് പട്‌നായിക്കിനെ വിലക്കാനുള്ള ജെ.എന്‍.യു അധികൃതരുടെ ശ്രമത്തിനാണ് പ്രഭാത് പട്‌നായിക് അതേ നാണയത്തില്‍ മറുപടി നല്‍കിയത്.
പരിപാടി നടക്കുന്നതിന്റെ തലേദിവസം ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് രജിസ്ട്രാര്‍ പ്രഭാത് പട്‌നായിക്കിന് നോട്ടീസ് നല്‍കുകയായിരുന്നു.
“സെമിനാര്‍ നടക്കുന്ന വേദി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് തൊട്ടടുത്താണെന്നും അത് നിരോധിത മേഖലയാണെന്നും” പറഞ്ഞാണ് പരിപാടിയെ അഭിസംബോധന ചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയത്.
എന്നാല്‍ താന്‍ പങ്കെടുക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്നായിരുന്നു പ്രഭാത് പട്‌നാക്കിന്റെ മറുപടി.
” പ്രിയപ്പെട്ട ഡോ. പ്രമോദ് കുമാര്‍,
നാലാം തിയ്യതിയിലെ മീറ്റിങ് എവിടെയാണ് നടക്കുന്നതെന്ന് എനിക്കറിയില്ല. ഇത് നടത്താന്‍ പാടില്ലാത്ത വേദിയിലാണ് നടക്കുന്നതെങ്കില്‍ അത് നിങ്ങള്‍ വിദ്യാര്‍ഥികളുമായി പറഞ്ഞുതീര്‍ക്കേണ്ട കാര്യമാണ്. എന്നോടല്ല പറയേണ്ടത്. വളരെ ഗൗരവമുള്ള അക്കാദമിക് വിഷയം ചര്‍ച്ച ചെയ്യുന്ന ആ യോഗത്തില്‍ ഞാന്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ട് പങ്കെടുക്കുക തന്നെ ചെയ്യും. ഞാന്‍ ആ പരിപാടിയുടെ സംഘാടകനല്ല. വിദ്യാര്‍ഥി യൂണിയനുമായി സ്ഥിരമായ ബന്ധമില്ലാത്ത റിട്ടയേര്‍ഡ് പ്രഫസര്‍ ആണ് ഞാന്‍. വിദ്യാര്‍ഥികളോട് എവിടെ പരിപാടി സംഘടിപ്പിക്കണമെന്ന് പറയേണ്ട ആവശ്യം എനിക്കില്ല. നിങ്ങള്‍ ആ പ്രശ്‌നം അവരോടാണ് സംസാരിക്കേണ്ടത്. എന്നോടല്ല. നന്ദിയോടെ,
പ്രഭാത് പട്‌നായിക്” അദ്ദേഹത്തിന്റെ മറുപടി കത്തില്‍ പറയുന്നു.
പരിപാടി നിശ്ചയിച്ചു പ്രകാരം നടക്കുകയും പട്‌നായിക് സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ആഗസ്റ്റ് 10 ന് രജിസ്ട്രാര്‍ അദ്ദേഹത്തിന് വീണ്ടും നോട്ടീസ് നല്‍കി.
യൂണിവേഴ്‌സിറ്റിയിലെ രജിസ്‌ട്രേഡ് വിദ്യാര്‍ഥിപോലും അല്ലാത്ത മോഹിത് കുമാര്‍ പാണ്ഡെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു എന്നു പറഞ്ഞായിരുന്നു കത്ത്. നജീബ് അഹമ്മദിന് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിലാണ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായ മോഹിത് പാണ്ഡെയ്‌ക്കെതിരെ നടപടിയെടുത്തത്.
യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ പാലിച്ചില്ലെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും പറഞ്ഞായിരുന്നു രജിസ്ട്രാര്‍ പ്രഭാത് പട്‌നായിക്കിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ വളരെ മാന്യമായ ഭാഷയില്‍ ശക്തമായ മറുപടിയാണ് പ്രഭാത് പട്‌നായിക് നല്‍കിയത്. താന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൂലിവാങ്ങുന്ന ജീവനക്കാരനല്ലെന്നും താന്‍ നിങ്ങള്‍ക്ക് വിധേയനാകണമെന്നുള്ള ധാരണ തെറ്റിദ്ധാരണമാത്രമാണെന്നുമാണ് പ്രഭാത് പട്‌നായിക് രജിസ്ട്രാറോട് പറഞ്ഞത്.
“പ്രിയ രജിസ്ട്രാര്‍,
മെയിലിന് നന്ദി. ഞാന്‍ യൂണിവേഴ്‌സിറ്റി ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനല്ല, വിരമിച്ച പ്രഫസര്‍ മാത്രമാണെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള ഞാനും യൂണിവേഴ്‌സിറ്റിയുമായി ഉണ്ടായിരിക്കേണ്ടത് പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണ്. അല്ലാതെ ഈ അധികൃതരോട് വിധേയത്വം കാണിക്കേണ്ട ബന്ധമല്ല. വിധേയത്വം ആവശ്യപ്പെടുന്ന നിങ്ങളുടെ കത്ത് തീര്‍ത്തും തെറ്റിദ്ധാരണയുടെ ഭാഗമാണ്. ഈ വിഷയം നിങ്ങള്‍ അധികൃതരെ അറിയിച്ചാല്‍ കൊള്ളാം.
നന്ദിയോടെ
പ്രഭാത് പട്‌നായിക്” അദ്ദേഹം വ്യക്തമാക്കി.