ഫാസിസം തകര്‍ത്താടുകയാണ്, തെരുവിലെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്ത് പകരേണ്ടതുണ്ട്
Opinion
ഫാസിസം തകര്‍ത്താടുകയാണ്, തെരുവിലെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്ത് പകരേണ്ടതുണ്ട്
പ്രഭാത് പട്‌നായിക്ക്
Friday, 21st February 2020, 1:32 pm

തികഞ്ഞ ഫാസിസ്റ്റ് ഭാവിയിലേക്ക് കൂപ്പുകുത്താനൊരുങ്ങുകയാണ് ഇന്ത്യ. അധികാര സ്ഥാനങ്ങളില്‍ ഫാസിസ്റ്റു ഘടകങ്ങള്‍ ഇതിനോടകം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. ഒരു സമ്പൂര്‍ണ ഫാസിസ്‌റ് രാഷ്ട്രത്തിലേക്കു ഈ അധികാര കേന്ദ്രങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമമമാണ് ഇപ്പോള്‍ ശക്തിപ്രാപിച്ചിരിക്കുന്നത്.

കല്ലുവെച്ച നുണകളും അര്‍ദ്ധസത്യങ്ങളും ആസൂത്രിതമായി ഉപയോഗിക്കുക, വിമത ശബ്ദമുയര്‍ത്തുന്നവരെ വെടിവച്ചുകൊല്ലാന്‍ പരസ്യമായി ആഹ്വാനം ചെയ്യുക, അവരെ എല്ലാവരെയും ‘രാജ്യദ്രോഹി’കളാക്കുക, ‘ദേശവിരുദ്ധര്‍’ എന്ന് മുദ്രകുത്തുകയും ‘തുക്ഡെ-തുക്ഡെ’ സംഘമെന്ന് വിളിക്കുക, ഒരു നേതാവ്, ഒരു കക്ഷി എന്നത് മാത്രമാണ് ‘രാഷ്ട്ര’ത്തിന്റെ യഥാര്‍ത്ഥ ശബ്ദത്തെ പ്രതിനിധീകരിക്കുന്നത് എന്ന് വാദിക്കുക, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വേദങ്ങളുമായി ഇന്ത്യന്‍ ഭരണഘടനയെ താരതമ്യപ്പെടുത്തി ഭരണഘടന അടുത്തകാലത്ത് മാത്രം രൂപപ്പെട്ടതും അല്‍പായുസ് മാത്രമുള്ളതുമാണെന്ന് പൊള്ളത്തരം പ്രചരിപ്പിക്കുക, പൗരത്വം ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ രണ്ടാംകിട പൗരന്മാരുടെ പദവിയിലേക്ക് തള്ളാനുള്ള തുറന്ന ശ്രമം നടത്തുക, ഇവയെല്ലാം വാശി മുറ്റിയ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് അഭിനിവേശത്തിന്റെ സൂചനയാണ്.

ഇവിടെ സംശയമേതുമില്ലാതെ ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. ഇതെല്ലാം ഒരു ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയിലേക്കായിരിക്കാം രാജ്യത്തെ കൊണ്ടെത്തിക്കുന്നത്, പക്ഷേ, എന്തുകൊണ്ടാണ് അതിനെ ഒരു ഫാസിസ്റ്റ് രാഷ്ട്രമെന്ന് വിളിക്കുന്നത്? എന്നാല്‍ ഭരണകൂടം തന്നെ മുന്നോട്ടുവെക്കുന്ന പ്രചാരങ്ങളില്‍ തന്നെ ഈ വ്യത്യാസം ഇല്ലാതാകുന്നുണ്ട്.

ഹിന്ദുക്കള്‍ക്ക് ഹിന്ദു രാഷ്ട്രത്തില്‍ പരമാധികാരം ലഭിക്കുമെന്നും അതിനാല്‍ ഹിന്ദുരാഷ്ട്ര പൂര്‍ത്തീകരണത്തിനായുള്ള പടികളായ പൗരത്വ നിയമം പോലുള്ള നീക്കങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളെ മാത്രമാണ് അങ്കലാപ്പിലാക്കേണ്ടത് എന്നും ഹിന്ദു സമുദായം അതിനെ സ്വാഗതം ചെയ്യേണ്ടതാണെന്നുമാണ് ഭരണകൂടം പ്രചരിപ്പിക്കുന്നത്.

ഈ കാഴ്ചപ്പാട് രണ്ട് തരത്തില്‍ തെറ്റാണ്. ഒന്നാമത്, ഹിന്ദു രാഷ്ട്രത്തിന് ഹിന്ദുക്കളുടെ ഭൗതിക ജീവിത സാഹചര്യങ്ങള്‍ക്കുമേല്‍ ഒരു കടുകുമണിയോളം പോലും പുരോഗതി കൊണ്ടുവരാന്‍ കഴിയില്ല എന്നതാണ് വസ്തുത. കാരണം, ഹിന്ദുത്വ സങ്കല്‍പത്തിന് എന്ത് പുരോഗതിയാണ് ആവശ്യം എന്നോ പുരോഗതിക്കായി എന്താണ് ചെയ്യേണ്ടത് എന്നോ യാതൊരു ഗ്രാഹ്യവുമില്ല എന്നതുതന്നെ.
രണ്ടാമതായി, ‘ഹിന്ദുക്കള്‍’ എന്ന് ആദര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ മാത്രം മേധാവിത്വം പ്രഖ്യാപിക്കുന്ന ‘ഹിന്ദു രാഷ്ട്രം’, മറ്റാരേക്കാളും അധികമായി നിലവില്‍ ഹിന്ദുക്കളായിട്ടുള്ള വലിയ ജനസാമാന്യത്തിന് മേല്‍ തന്നെയാണ് സ്വേച്ഛാധിപത്യപരമായി ഭവിക്കാന്‍ പോകുന്നത്.

ന്യൂനപക്ഷ വിഭാഗം കൂട്ടത്തോടെ ഇരയാക്കപ്പെടും എന്നത് ശരിതന്നെ. ഭരണകൂടത്തിന്റെ പരികല്‍പനയുടെ പരിധികളില്‍ വരാത്ത ഭൂരിപക്ഷ സമൂഹങ്ങളും ഹിന്ദുരാഷ്ട്രത്തിലെ മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളിലെ രാജ്യദ്രോഹികളെപ്പോലെ മാത്രമാകും പരിഗണിക്കപ്പെടുക.

എല്ലാ ഹിന്ദുത്വ പദ്ധതികളെയും പോലെ യുക്തിരാഹിത്യമാണ് ഭരണകൂടത്തിന്റെ ആജ്ഞകളുടെയൊക്കെ അടിസ്ഥാനം. യുക്തിരാഹിത്യം എന്നതുകൊണ്ട് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് തെളിവുകളെ അവഗണിച്ച് വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിലാവും ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കള്‍ തീരുമാനങ്ങളെടുക്കുക എന്നതാണ്. ‘തെളിവുകള്‍ വ്യക്തമാക്കുന്നത് എന്ത് തന്നെയായാലും എന്താണ് സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നുവോ അതുതന്നെയാണ് സത്യം’, ഇങ്ങനെയാണ് യുക്തിരാഹിത്യത്തെ ആഘോഷിക്കുന്നവര്‍ പറയുന്നത്.

രാഷ്ട്രീയ തര്‍ക്കങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിനോട് നിങ്ങള്‍ക്ക് വിയോജിപ്പാണെങ്കില്‍, സ്വാഭാവികമായും നിങ്ങള്‍ തെറ്റിന്റെ പക്ഷത്തുതന്നെയാണ്. അതുകൊണ്ടുതന്നെ, ആത്യന്തികമായി അത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാവും വര്‍ത്തിക്കുക. എല്ലാ രാഷ്ട്രീയ പ്രതിയോഗികളും-വര്‍ഗീയ വക്താക്കളല്ലാത്ത യാഥാസ്ഥിതികര്‍ മുതല്‍ ഉല്‍പതിഷ്ണുക്കളും ഇടതും ഉള്‍പ്പെടെ ആരൊക്കെ എതിരഭിപ്രായം ഉയര്‍ത്തുന്നുണ്ടോ അവരൊക്കെയും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. അടിസ്ഥാനപരമായി ഇതും ജനാധിപത്യവിരുദ്ധമാണ്.

ഹിന്ദുരാഷ്ട്രത്തിനുള്ളിലെ ചെയ്തികളൊക്കെയും അതിന്റെ നേതാക്കളുടെയും കൂട്ടാളികളുടെയും കേവല വിശ്വാസത്തില്‍ നിന്നും ഉടലെടുക്കുന്നവ മാത്രമായിരിക്കും. ഈ യുക്തിയില്ലായ്മ പിന്നീടങ്ങോട്ട് ഹിന്ദു രാഷ്ട്രത്തിന്റെ വിവിധ വിഭാഗങ്ങളിലൂടെയും അവരുടെ ജാഗ്രതാ സംഘങ്ങളിലൂടെയും നടപ്പിലാക്കപ്പെടുകയും ചെയ്യും. ഇതുകൂടാതെ, അവര്‍ക്കുള്ളില്‍ത്തന്നെയുള്ള കാവല്‍ സംഘങ്ങള്‍ കയ്യാളുന്ന വിശ്വാസ പ്രമാണങ്ങളിലൂടെ ഇത് കൂടുതല്‍ പ്രചാരം നേടും.

ചുരുക്കത്തില്‍, സാമൂഹിക രാഷ്ട്രീയ മേധാവിത്വം തങ്ങളുടെ കുത്തകയാണെന്ന് കരുതിപ്പോരുന്ന ഭൂരിപക്ഷവിഭാഗങ്ങള്‍ മുതല്‍ അതിന്റെ പ്രാന്ത പ്രദേശത്തു വിഹരിക്കുന്ന കാവല്‍ സംഘങ്ങളും ഉള്‍പ്പടെ ഹിന്ദു രാഷ്ട്രത്തിന് ഉള്ളിലാണ്. ഇവരും ചില കുത്തക വിഭാഗങ്ങളുമായുള്ള അടുത്ത ചങ്ങാത്തവുമാണ് ഹിന്ദു രാഷ്ട്രത്തെ ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റുന്നത്.

അത്തരമൊരു ഫാസിസ്റ്റ് രാഷ്ട്രത്തിലേക്കുള്ള കുതിപ്പിന് തടയിടാന്‍ സാധാരണക്കാരായ സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും, ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ടവരുടെയും, തൊഴിലാളികളുടെയും, വിദ്യാര്‍ത്ഥികളുടെയും, ബുദ്ധിജീവികളുടെയും ചെറുത്തുനില്‍പ്പിലൂടെ ഇതിനോടകം സാധിച്ചിട്ടുണ്ട്. ഈ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിപ്പിടിക്കുന്നത് ഭരണഘടനയും അത് മുന്നോട്ട് വയ്ക്കുന്ന സ്വതന്ത്ര-മതേതര-ജനാതിപത്യ മൂല്യങ്ങളുമാണ്.

സമൂഹത്തിലെ സകല വിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കണമെന്ന ബോധ്യമാണ്. അതുതന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ കാഴ്ചപ്പാട്. അതിനുവേണ്ടിയായിരുന്നു രാഷ്ട്രപിതാവ് തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചത്.

ഫാസിസത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ അതിനെ പ്രതിരോധിക്കുമെന്ന് സ്വാഭാവികമായി നമ്മള്‍ കരുതിയിരുന്നതും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുമെന്ന് പ്രതീക്ഷ വെച്ചിരുന്നതുമായ എല്ലാ ഭരണഘടനാ വ്യവസ്ഥിതികളും യഥാര്‍ത്ഥത്തില്‍ കൊട്ടിയടക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഈ ചെറുത്തുനില്‍പ്പുകളെല്ലാം പരമാര്‍ത്ഥത്തില്‍ ഫാസിസത്തിന്റെ കടന്നാക്രമണത്തിനെതിരായ പ്രതിരോധത്തിന്റെ അവസാന വരികളാണ്.

മാധ്യമങ്ങളും പാര്‍ലമെന്റും മാത്രമല്ല, ജുഡീഷ്യറി പോലും വലിയതോതില്‍ നിര്‍വീര്യമാക്കപ്പെട്ടു. ബാബരി മസ്ജിദ് വിധിയില്‍ കണ്ടതുപോലെ ‘യുക്തി രഹിതമായ’ വാദങ്ങള്‍ അംഗീകരിക്കുന്ന നിലയിലേക്ക് കോടതികള്‍ മുട്ടുകുത്തി വീണു. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതുമായ കേസുകള്‍ വലിച്ചുനീട്ടിയതും പൗരത്വ നിയമവുമായ ബന്ധപ്പെട്ട് സുപ്രീം കോടതി കാണിക്കുന്ന അവധാനതയും ഒക്കെ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇന്ത്യയില്‍ ഫാസിസത്തിന്റെ തേരോട്ടത്തിനിടയില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ നിര്‍ജ്ജീവമാക്കപ്പെടുന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ജനാധിപത്യ രാഷ്ട്രത്തില്‍നിന്നും ഫാസിസ്റ്റ് രാഷ്ട്രത്തിലേക്കുള്ള പരിവര്‍ത്തനം ചരിത്രത്തില്‍ ഒരിക്കലും അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. ഉദാഹരണത്തിന്, ജര്‍മ്മനിയില്‍, പാര്‍ലമെന്ററി മാര്‍ഗങ്ങളിലൂടെ അധികാരത്തിലെത്തിയിട്ടും നാസികള്‍ സൈന്യത്തെ അവരുടെ ഭരണത്തിന് വിധേയമാക്കുന്നതിന് മുമ്പായി പാലിക്കേണ്ടതായി ചില നിബന്ധനകള്‍ അവശേഷിച്ചിരുന്നു. അതേസമയം ഇന്ത്യയിലാകട്ടെ, ഇതിനൊക്കെ വിപരീതമായി, ജനകീയ ചെറുത്തുനില്‍പുകളെ അവരാഗ്രഹിക്കുന്ന രീതിയിലുള്ള അന്വേഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുന്നതിലൂടെ അത് എളുപ്പം സാധിക്കും.

ഈ ചെറുത്തുനില്‍പ്പുകളെല്ലാം ഒടുവിലത്തേതും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധ മാര്‍ഗ്ഗമാണെന്നും അറിയുന്ന ഭരണകൂടം, സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് അതിനെ ദുര്‍ബലമാക്കാനാണ് ശ്രമിക്കുന്നത്. ഭീകരവാദം മുതല്‍ സാമുദായിക ദ്രുവീകരണം വരെ സാധ്യമായ എല്ലാം അവരതിനുവേണ്ടി നിര്‍മ്മിക്കും. അതിജീവിക്കാനും ആര്‍ജ്ജിക്കാനും ചെറുത്തുനില്‍പ്പ് നിലനിര്‍ത്തുക മാത്രമല്ല, ഭരണഘടനയ്ക്കുള്ളിലെ ജനാധിപത്യ ഘടകങ്ങളെ വീണ്ടും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

അത്തരം പുനരുജ്ജീവനത്തിന്റെ വ്യക്തമായ അടയാളങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അടുത്ത കാലം വരെ പ്രകടമായിരുന്ന കീഴടങ്ങാനുള്ള പ്രവണതയില്‍നിന്നും പല ഭരണഘടനാസ്ഥാപനങ്ങളുടെയും തിരിച്ചുവരവ് പ്രകടമായിരുന്നു. കീഴ്‌ക്കോടതികളിടലക്കം പ്രതിഫലിച്ചു. ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചത് ഇതിന് ഉദാഹരണമാണ്. ഇത് ഇത്രകാലം ബാധിച്ചിരുന്ന ഭീരുത്വത്തിന്റെ അറുതിയാണ്.

ഈ ചെറുത്തുനില്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാരുകളെയും സ്വാധീനിക്കുകയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരുമക്കും കാരണമായിട്ടുണ്ട്. പല സംസ്ഥാനങ്ങളും പ്രതിഷേധങ്ങളെ പിന്തുണച്ച് പ്രക്ഷോഭകരുടെ കൂടെ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ സംസ്ഥാനങ്ങളിലെ പൊലീസ് പ്രതിഷേധക്കാരുമായി വലിയ പ്രശ്നങ്ങളിലേക്ക് കടക്കാത്തതും. ഇതിനു വിരുദ്ധമായി, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സേനയില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടലുള്ള ദല്‍ഹിയിലും പൊലീസ് ജനാധിപത്യത്തിന്റെ ശബ്ദങ്ങളെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണ്.

ഫാസിസ്റ്റ് പദ്ധതി തീര്‍ത്തും ഒരു ദീര്‍ഘകാല പരിപാടിയാണെങ്കില്‍ തന്നെയും രാജ്യത്തിന്റെ സമീപ ഭാവി സന്തുലനത്തിന്റേതാണ്. ഈ ബലാബലം ഏതെങ്കിലും ഘട്ടത്തില്‍, ദല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ, ഏതെങ്കിലും ഒരു ഭാഗത്തേക്ക് ഭാരമേറുകയാണെങ്കില്‍ നിര്‍ണായകമായ മാറ്റമായിരിക്കും അത്. ഒന്നുകില്‍ ഫാസിസ്റ്റ് രാഷ്ട്രത്തെ ശക്തിപ്പെടുത്തും, അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തും.

പ്രതിഷേധക്കാരുടെ കരുത്തും ദൃഢനിശ്ചയവും മുക്തകണ്ഠം പ്രശംസിക്കേണ്ടതാണ്. തുര്‍ക്കി വിപ്ലവകവിയായ നാസിം ഹിക്മത് ‘1949 ല്‍ ജയിലില്‍ നിന്ന് ചൈനയുടെ സൈന്യം എന്നെയും രക്ഷിച്ചു’ എന്ന് എഴുതിയതുപോലെ, ‘ഷാഹീന്‍ബാഗ്, പാര്‍ക്ക് സര്‍ക്കസ്, ഘന്ത ഘര്‍ എന്നിവിടങ്ങളിലെ സ്ത്രീകള്‍ എന്നെയും രക്ഷിച്ചു’ എന്ന് നമുക്കും പറയാം.

ടെലഗ്രാഫില്‍ പ്രഭാത് പട്‌നായിക്ക് എഴുതിയ ലേഖനം

പരിഭാഷ: നിമിഷ ടോം

പ്രഭാത് പട്‌നായിക്ക്
സാമ്പത്തിക ശാസ്ത്രജ്ഞന്‍, രാഷ്ട്രീയ നിരീക്ഷകന്‍