| Wednesday, 20th December 2023, 12:17 pm

കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പേ അവര്‍ ചെയ്തു; മലയാളത്തെ പുകഴ്ത്തി പ്രഭാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം സിനിമ ഇന്ത്യയിലെ വലിയ ഇന്‍ഡസ്ട്രിയാണെന്ന് നടന്‍ പ്രഭാസ്. കാലാപാനി പോലെ ഒരു ചിത്രം മലയാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചെയ്തുവെന്നും അവിടെ മികച്ച ടെക്‌നീഷ്യന്മാരാണ് ഉള്ളതെന്നും പ്രഭാസ് പറഞ്ഞു. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട സംവിധായകന്‍ രാജമൗലി അവതാരകനായ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്. പൃഥ്വിരാജും സംവിധായകന്‍ പ്രശാന്ത് നീലും പ്രഭാസിനൊപ്പം ഉണ്ടായിരുന്നു.

‘കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ മലയാളം ഇന്‍ഡസ്ട്രി ചെയ്തു. ഇത് ഏത് സംസ്ഥാനമാണ്, ഏത് ഭാഷയാണെന്ന് ചിന്തിച്ചാണ് ഞങ്ങളൊക്കെ കാലാപാനി കണ്ടത്. 27 വര്‍ഷം മുമ്പാണ് കാലാപാനി ഇറങ്ങിയത്. മലയാളം വലിയ ഇന്‍ഡസ്ട്രിയാണ്. നിങ്ങള്‍ക്ക് മികച്ച ടെക്‌നീഷ്യന്മാരുണ്ട്,’ പ്രഭാസ് പറഞ്ഞു.

പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്തതിനെ പറ്റി പ്രശാന്ത് നീലും സംസാരിച്ചു. ഏത് രംഗം കൊടുത്താലും അദ്ദേഹം അത് മികച്ചതാണെന്ന് പറയുമെന്നും ഒന്നും മാറ്റാന്‍ അദ്ദേഹം പറയില്ലെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. പ്രഭാസിന് തന്റെ മേല്‍ അമിതമായ വിശ്വാസമുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

‘പ്രഭാസിനോട് ഏതെങ്കിലും ഒരു സീന്‍ വായിച്ച് കേള്‍പ്പിച്ചാല്‍ അത് വളരെ നല്ലതാണെന്ന് അദ്ദേഹം പറയും. ആ സീന്‍ മാറ്റിയാലോ എന്നൊന്നും പറയില്ല. പക്ഷേ സലാറിന്റെ ആദ്യരംഗവും അവസാന രംഗവും ഒരുപോലെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അങ്ങനെ പറയുമെന്ന് ഞാന്‍ വിചാരിച്ചില്ല. ഡയലോഗ് എന്താണ്, ആ ഫൈറ്റ് എങ്ങനെയാണ് നടക്കുന്നത്, ഈ സീന്‍ ഇങ്ങനെ ചെയ്താലോ എന്നൊക്കെ ചോദിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞില്ല.

കഥ വളരെ മികച്ചതാണെന്ന് ഹീറോ തന്നെ പറയുമ്പോള്‍ ഇത് നല്ലതായിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതാണ് പ്രഭാസിന്റെ ഒരു നെഗറ്റീവ് സൈഡ്. അദ്ദേഹത്തിന് എന്റെ മേല്‍ അമിതമായ വിശ്വാസമുണ്ട്,’ പ്രശാന്ത് നീല്‍ പറഞ്ഞു.

ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Prabhas talks about Kaalapani movie

We use cookies to give you the best possible experience. Learn more