| Thursday, 15th September 2022, 4:16 pm

'രാമ ജന്മഭൂമിയില്‍' രാവണ ദഹനം നടത്തി പ്രഭാസിന്റെ ആദിപുരുഷ് | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭാസ് നായകനാവുന്ന ആദിപുരുഷിന്റെ ടീസര്‍ വമ്പന്‍ പ്രൊമോഷന്‍ പരിപാടികളുടെ അകമ്പടിയോടെ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഒക്ടോബര്‍ മൂന്ന് നവരാത്രി ദിനത്തില്‍ അയോധ്യയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ആദിപുരുഷ് ടീസറിന്റെ ഗ്രാന്റ് ലോഞ്ച് നടക്കും. ഇതിന് പുറമേ ഒക്ടോബര്‍ അഞ്ചിന് ലവ് കുശ് രാം ലീലയില്‍ നടക്കുന്ന ദസറ ചടങ്ങിലും പ്രഭാസ് പങ്കെടുക്കും.

‘ദിവ്യമായ രാമന്റെ ജന്മഭൂമിയായ അയോധ്യയില്‍ ആഘോഷപൂര്‍വം ആദിപുരുഷിന്റെ ടീസര്‍ റിലീസ് ചെയ്യും. ടീസര്‍ റിലീസിന് ശേഷം മൂന്ന് മാസം നീളുന്ന ക്യാമ്പെയ്‌നിന് തുടക്കമാവും. 2023 ജനുവരി മൂന്നിന് ആദിപുരുഷ് റിലീസ് ചെയ്യുന്നത് വരെ ആ ക്യാമ്പെയ്ന്‍ നടക്കും,’ ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

നവരാത്രി ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രഭാസ് രാവണ ദഹനവും നിര്‍വഹിക്കും.  തീ കൊളുത്തിയ അമ്പെയ്ത് ഉപയോഗിച്ച് രാവണന്‍റെ കൂറ്റന്‍ രൂപം  അഗ്നിക്കിരയാക്കുന്നതാണ് രാവണ ദഹനം.

ആദിപുരുഷില്‍ രാമനെ അവതരിപ്പിക്കുന്ന പ്രഭാസല്ലാതെ രാവണനെ ദഹിപ്പിക്കാന്‍ ഇപ്പോള്‍ യോഗ്യത മറ്റാര്‍ക്കാണെന്ന് ലവ് കുശ് രാംലീല കമ്മിറ്റി തലവന്‍ അര്‍ജുന്‍ കുമാര്‍ പറഞ്ഞു. മുമ്പ് അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ രാവണ ദഹന ചടങ്ങ് നിര്‍വഹിച്ചിട്ടുണ്ട്.

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷില്‍ കൃതി സെനോണ്‍ ആണ് നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുക. സെയ്ഫ് അലി ഖാനാണ് ലങ്കേഷിനെ അവതരിപ്പിക്കുന്നത്. ഒടുവില്‍ പുറത്ത് വന്ന പ്രഭാസിന്റെ സലാറും രാധേ ശ്യാമും പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ് ആദിപുരുഷ്.

Content Highlight: prabhas starrer Adipurush’s grant teaser is about to be launched in Ayodhya video story 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്