| Thursday, 4th August 2022, 9:19 am

ദുല്‍ഖര്‍ സല്‍മാന്‍ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒരാള്‍: പ്രഭാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമയാണ് സീതാ രാമം. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് അഭിനയിക്കുന്നത്.

ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രീ റിലീസ് ഇവന്റില്‍ മുഖ്യ അതിഥിയായി എത്തിയത് പ്രഭാസായിരുന്നു.

സീതാ രാമം ട്രെയ്ലര്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇവന്റില്‍ പ്രഭാസ് പറഞ്ഞു. ഒപ്പം തന്നെ സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ രാജ്യത്തെ ഏറ്റവും സുന്ദരനായ നടനമാരില്‍ ഒരാളാണെന്നും. മഹാനടി മികച്ച ചിത്രമാണെന്നും അതുപോലെ തന്നെ സീതാ രാമം കാണാന്‍ കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നു.

‘സീതാ രാമം ട്രെയ്ലര്‍ കണ്ടു അസാധാരണമായിട്ടാണ് തോന്നുന്നത്. രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണ്. മഹാനടി എത്ര മികച്ച ചിത്രമാണ്. സീതാ രാമത്തിലെ ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. എനിക്കും ഇപ്പോള്‍ സിനിമ എത്രയും വേഗം കാണാനാണ് ആഗ്രഹം .

ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ട്രെയ്ലര്‍ കണ്ടപ്പോള്‍ പ്രണയകഥക്കൊപ്പം യുദ്ധ സീനുകളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് തോന്നുന്നത്,’ പ്രഭാസ് പറയുന്നു.

പ്രഭാസിന്റെ സ്പീച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രഭാസ് ആരാധകരും ഒപ്പം ദുല്‍ഖര്‍ ആരാധകരും വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. .

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight : Prabhas says Dulquer salman is India’s Handsome actor

We use cookies to give you the best possible experience. Learn more