ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമെന്ന് പറയാന്‍ പറ്റുന്ന നടനാണ് അദ്ദേഹം, എനിക്കും പ്രചോദനമായത് അദ്ദേഹമാണ്: പ്രഭാസ്
Film News
ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമെന്ന് പറയാന്‍ പറ്റുന്ന നടനാണ് അദ്ദേഹം, എനിക്കും പ്രചോദനമായത് അദ്ദേഹമാണ്: പ്രഭാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 8:15 am

ബാഹുബലി എന്ന സിനമയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ഇന്ത്യ മുഴുവന്‍ ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ താരം പ്രശസ്തനായി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് പ്രഭാസ്. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി 2898 എ.ഡിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ വരുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നീ ഇതിഹാസങ്ങളുടെ കൂടെ സ്‌ക്രീന്‍ പങ്കിടാനായത് ഭാഗ്യമാണെന്നും പ്രഭാസ് പറഞ്ഞു. സാഗരസംഗമം എന്ന സിനിമ കണ്ട് അതിലെ ഡ്രസ് വാങ്ങി കമലിനെപ്പോലെ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാണ് അദ്ദേഹമെന്നും പ്രഭാസ് പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ തന്റെ ഏറ്റവും വലിയ പ്രചോദനം കമല്‍ ഹാസനാണെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു.

‘കല്‍ക്കി എന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങളോടൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിച്ചു. അമിതാഭ് ബച്ചന്‍ സാറുമായും കമല്‍ ഹാസന്‍ സാറുമായും സ്‌ക്രീന്‍ പങ്കിടാന്‍ പറ്റിയത് വലിയ കാര്യമാണ്. എന്റെ കസിന്‍സ് പലരും ചെറുപ്പം മുതല്‌ക്കേ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. എന്റെയൊക്കെ ചെറുപ്പത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാക്കിയ ഓളം വളരെ വലുതാണ്.

അതുപോലെ കമല്‍ ഹാസന്‍ സാര്‍. ഈ സിനിമയില്‍ അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതിന് അദ്ദേഹത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. വളരെ നന്ദിയുണ്ട് സാര്‍. താങ്കളുടെ സാഗരസംഗമം സിനിമ കണ്ട് കുട്ടിക്കാലത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. അതില്‍ അദ്ദേഹം ഇട്ടതുപോലെയുള്ള ഡ്രസ് വാങ്ങി ആ സിനിമയിലേത് പോലെ ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. പ്രത്യേകിച്ച് ആ തലയാട്ടുന്ന ഭാഗം. ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമെന്ന് പറയാന്‍ പറ്റുന്ന നടനാണ് അദ്ദേഹം. എനിക്കും പ്രചോദനമായത് കമല്‍ സാറാണ്,’ പ്രഭാസ് പറഞ്ഞു.

Content Highlight: Prabhas saying that he was inspired by watching movies of Kamal Haasan