|

സി.ബി.ഐ കണ്ട് സ്വാമിയെ വിളിച്ച് മമ്മൂട്ടി, മരക്കാര്‍ കണ്ട് പ്രിയദര്‍ശനെ വിളിച്ച് മോഹന്‍ലാല്‍; ട്രോളില്‍ ട്രെന്‍ഡിങ്ങായി പ്രഭാസിന്റെ കോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് പ്രഭാസിന്റെ ആദിപുരുഷ്. ട്രോളായിട്ടാണ് ആദിപുരുഷ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നേറിയിരിക്കുന്നത്. ആദിപുരുഷ് ടീസറിനെതിരെ വലിയ പരിഹാസമുയര്‍ന്നതിന് പിന്നാലെ സംവിധായകന്‍ ഓം റൗട്ടിനെ തന്റെ റൂമിലേക്ക് വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറലായിരുന്നു.

‘ഓം എന്റെ റൂമിലേക്ക് വാ,’ എന്നാണ് അല്‍പം ദേഷ്യത്തോടെ പ്രഭാസ് പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇതിന്മേല്‍ ട്രോളുകളും നിറയുകയാണ്.

മരക്കാര്‍ കണ്ടതിന് ശേഷം പ്രിയദര്‍ശനെ റൂമിലേക്ക് വിളിക്കുന്ന മോഹന്‍ലാലും എന്‍.ജി.കെ കണ്ടതിന് ശേഷം സെല്‍വരാഘവനെ വിളിക്കുന്ന സൂര്യയും മാമാങ്കത്തിന്റെ കളക്ഷന്‍ നോക്കിയതിന് ശേഷം മമ്മൂട്ടിയെ വിളിക്കുന്ന പ്രൊഡ്യൂസറും സി.ബി.ഐ കണ്ടതിന് ശേഷം എസ്.എന്‍ സ്വാമിയെ വിളിക്കുന്ന മമ്മൂട്ടിയുമൊക്കെയാണ് ട്രോളുകളില്‍ നിറയുന്നത്.

അതേസമയം ആദിപുരുഷ് കുട്ടികള്‍ക്കും ഫാമിലി ഓഡിയന്‍സിനും വേണ്ടി നിര്‍മിച്ച ചിത്രമാണെന്നാണ് പ്രഭാസ് പറഞ്ഞത്. സ്ത്രീകള്‍ക്ക് പോലും എന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയില്‍ നിരവധി ആക്ഷന്‍ സ്വീക്വന്‍സുകളുണ്ട്. കൊമേഴ്സ്യല്‍ സിനിമ എന്ന നിലയില്‍ കൂടിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് ഫാന്‍സിനും സന്തോഷമാകുമെന്നും പ്രഭാസ് പറഞ്ഞു.

ടി-സീരീസും റെട്രോഫിലിസും ചേര്‍ന്ന് നിര്‍മിച്ച ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യും. 2023 ജനുവരി 12നാണ് ആദിപുരുഷിന്റെ റിലീസ്. ചിത്രം വിദേശഭാഷകളിലും പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി ലോസ് ആഞ്ചലസ് ആസ്ഥാനമാക്കിയുള്ള പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Content Highlight: Prabhas’s calling director om raut is trending on trolls

Latest Stories

Video Stories