| Wednesday, 16th March 2022, 12:36 pm

രാധേ ശ്യാമിന്റെ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ആരാധകന്‍ മരിച്ചു; കുടുംബത്തിന് രണ്ട് ലക്ഷം നല്‍കി പ്രഭാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാധേ ശ്യാമിന്റെ ആഘോഷത്തിനിടയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ട ആരാധകന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കി പ്രഭാസ്. രാധേ ശ്യാമിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ ഭാഗമായി തിയേറ്ററില്‍ ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ആരാധകന്‍ മരണപ്പെട്ടതെന്ന് മിര്‍ച്ചി9 റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയിലെ കരംപുടിയിലുള്ള പ്രഭാസിന്റെ കടുത്ത ആരാധകനായ ചല്ലാ കോട്ടേശ്വര റാവുവാണ് അപകടത്തില്‍ മരിച്ചത്. ദരിദ്ര കുടുംബാംഗമായ യുവാവിന്റെ കുടുംബത്തിന് കഴിയാവുന്ന സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് പ്രഭാസ് പറഞ്ഞു.

ഇതാദ്യമാമായല്ല തെലുങ്ക് സിനിമ ആഘോഷങ്ങളുടെ ഭാഗമായി ആരാധകര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം രാധേ ശ്യാമിന് മോശം പ്രതികരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് 24കാരനായ രവി തേജ ആത്മഹത്യ ചെയ്തത്.

‘രാധേ ശ്യാമിന്’ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് റിവ്യൂകളിലും പ്രതികരണങ്ങളിലും യുവാവ് നിരാശനായിരുന്നു.

സിനിമ കണ്ട് തിരിച്ചെത്തിയ രവി തേജ സിനിമ മോശമാണെന്നും പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ നിരാശയുണ്ടെന്നും അമ്മയോട് പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമ കണ്ട് തിരിച്ച് വീട്ടിലെത്തിയ രവി തേജ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

350 കോടി ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന രാധേ ശ്യാമിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാര്‍ ആണ്. മാര്‍ച്ച് 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായികയായെത്തിയത്.


Content Highlight: Prabhas donated Rs 2 lakh to the family of a fan who died in an accident during Radhe Shyam’s celebrations.

We use cookies to give you the best possible experience. Learn more