ലോകം മുഴുവന്‍ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് പ്രവേശിച്ച പ്രഭാസ് എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2015ല്‍ റിലീസായ ‘ബാഹുബലി: ദി ബിഗിനിങ്ങി’ലൂടെയാണ് ശ്രദ്ധേയനായത്.
രാധേ ശ്യാം എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. വിക്രമാദിത്യന്‍ എന്ന നായക കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍, നായികയായി പ്രേരണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൂജ ഹെഗ്‌ഡെയാണ്. പ്രഭാസും പൂജ ഹെഗ്ഡെയും താരജോഡികളായെത്തുന്ന ആദ്യ ചിത്രം കൂടിയാണ് രാധേ ശ്യാം.
പത്ത് വര്‍ഷത്തിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
ഒരുമിച്ച് കുറേ ആക്ഷന്‍ പടങ്ങള്‍ ചെയ്തത് കൊണ്ട് ഒരു റൊമാന്റിക് പടം ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നെന്നും, രാധേ ശ്യാമിന്റെ കഥ കേട്ട് തുടങ്ങിയപ്പോള്‍ എങ്ങനെ നോ പറയുമെന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നെങ്കിലും പിന്നീട് ക്ലൈമാക്സ് കേട്ടതിന് ശേഷം ഓക്കെ പറഞ്ഞെന്നും താരം പറഞ്ഞു. കലൈഞ്ജര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്.
”എന്റെ കരിയറില്‍ ബാഹുബലി, സാഹോ പോലുള്ള കുറച്ച് ആക്ഷന്‍ മൂവീസ് ഒന്നിന് പിറകെ ഒന്നായി ഞാന്‍ ചെയ്തു. അതിന് ശേഷം എനിക്ക് റൊമാന്റിക് പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ആ സമയത്താണ് രാധേ ശ്യാമിന്റെ കഥയുമായി യു.വി പ്രൊഡക്ഷന്‍സ് എന്റെ അടുത്ത് വരുന്നത്. ഒരു കൈനോട്ടക്കാരനാണ് എന്റെ കഥാപാത്രം എന്നറിഞ്ഞപ്പോള്‍, എന്നെക്കൊണ്ട് അതിന് സാധിക്കുമോ, എങ്ങനെ ആ വേഷം ചെയ്യും എന്നായിരുന്നു എന്റെ ചിന്ത.
ഞാന്‍ കൈനോട്ടത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയല്ല. എന്നാല്‍ കൈനോട്ടം തെറ്റാണെന്നും ഞാന്‍ പറയില്ല. ഇന്റര്‍വെല്‍ വരെയുള്ള കഥ കേട്ട് കഴിഞ്ഞപ്പോള്‍, എങ്ങനെ അവരോട് നോ പറയുമെന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. ഒരു നോര്‍മല്‍ ലവ് സ്റ്റോറി ആയ ഈ കഥ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എന്റെ സംശയം.
പക്ഷേ ഫസ്റ്റ് ഹാഫിന് ശേഷം കഥ രസകരമായി തോന്നി. സിനിമയുടെ ക്ലൈമാക്സ് കേട്ടതിന് ശേഷം ഉടനെ ഞാന്‍ ഓക്കെ പറയുകയായിരുന്നു. പ്രത്യേകിച്ച് സിനിമയുടെ അവസാനത്തെ 20 മിനിറ്റുകള്‍ എന്നെ ഒരുപാട് ത്രില്ലടിപ്പിച്ചു,” പ്രഭാസ് പറഞ്ഞു.
ഹൈദരാബാദ്, ഇറ്റലി, ജോര്‍ജിയ എന്നിവിടങ്ങളില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം.
കൊവിഡ് മൂലം അണിയറപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ പറഞ്ഞു.
”മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാധേ ശ്യാം ഷൂട്ടിംഗ് തുടങ്ങിയത്. ഇടയില്‍ സാഹോയുടെ ചിത്രീകരണത്തിനായി ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇറ്റലിയില്‍ വെച്ച് ഷൂട്ടിംഗ് പുനരാരംഭിച്ചു.
ആ സമയത്ത് കൊവിഡ് രൂക്ഷമല്ലാത്തതുകൊണ്ട് ഇറ്റലിയിലുള്ള ഷെഡ്യൂളുകളെല്ലാം തീര്‍ക്കുവാന്‍ സാധിച്ചിരുന്നു. അതിന് ശേഷം ജോര്‍ജിയയിലേക്ക് പോയി. എന്നാല്‍ കൊവിഡ് മൂലം അവിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. എന്നിട്ടും 20 ശതമാനം ഷൂട്ട് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. ഒടുവില്‍ ഹൈദരാബാദില്‍ സെറ്റിട്ടാണ് സിനിമ മുഴുവനാക്കിയത്,” താരം കൂട്ടിച്ചേര്‍ത്തു.
രാധാകൃഷ്ണ കുമാറാണ് രാധേ ശ്യാമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. യു.വി ക്രിയേഷന്‍സും ടി സീരീസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയമാണ് ചിത്രീകരിച്ചത്.
1970കളിലെ യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യന് പ്രേരണയോടുള്ള പ്രണയവും, വിധിയുമായുള്ള അയാളുടെ ഏറ്റുമുട്ടലുമാണ് സിനിമയില്‍ പറയുന്നത്.
എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക് പതിപ്പുകളിലായി ചിത്രത്തിന് രണ്ട് വ്യത്യസ്ത സൗണ്ട് ട്രാക്കുകള്‍ ഉണ്ട്. മിഥുന്‍, അമാല്‍ മല്ലിക്, മനന്‍ ഭരദ്വാജ് എന്നിവര്‍ ഹിന്ദി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ തെലുങ്കിലെ ഗാനങ്ങള്‍ ഒരുക്കിയത് ജസ്റ്റിന്‍ പ്രഭാകരനാണ്.
ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് കോത്തഗിരി വെങ്കിടേശ്വര റാവുവും നിര്‍വഹിക്കുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. മാര്‍ച്ച് 11നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Prabhas about Radhe Shyam and how he chose to commit the movie