ബാഹുബലിയെന്ന ഒരൊറ്റ ചിത്രത്തിലൂടെ തലവര മാറിയ നടനാണ് പ്രഭാസ്. 20 വര്‍ഷത്തോളമായി സിനിമയിലുണ്ടെങ്കിലും താരമെന്ന രീതിയില്‍ പ്രഭാസിനെ അടയാളപ്പെടുത്തിയത് ബാഹുബലിക്ക് ശേഷമാണ്.
ബാഹുബലി മുതല്‍ രാധേശ്യാം വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ ആകെ നാല് ചിത്രങ്ങളില്‍ മാത്രമാണ് പ്രഭാസ് അഭിനയിച്ചത്. എങ്കിലും ഇന്നും പ്രഭാസ് ആരാധകര്‍ക്ക് ആവേശമാകുന്നത് ബാഹുബലിയെന്ന ആ കഥാപാത്രത്തിലൂടെയാണ്.
തികച്ചും ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു തന്റേതെന്നും തികച്ചും ഒരു നാണക്കാരനായിരുന്നു താനെന്നും പറയുകയാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് അഭിമുഖങ്ങളില്‍ സംസാരിക്കാന്‍ പോലും തനിക്ക് മടിയായിരുന്നെന്നും പ്രഭാസ് പറയുന്നു. തന്റെ ആദ്യ സിനിമയിലെ ചില ഇന്റിമേറ്റ് രംഗങ്ങളൊക്കെ ചെയ്യാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നെന്നും പ്രഭാസ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ സത്യത്തില്‍ വളരെ ഉള്‍വലിഞ്ഞ പ്രകൃതമാണ് ഞാന്‍. ശരിക്കും നാണക്കാരന്‍. എന്റെ ആദ്യസിനിമയില്‍ നായികയെ റോഡില്‍ വെച്ച് കെട്ടിപ്പിടിക്കുന്നൊരു സീനുണ്ട്. എനിക്കവരെ തൊടാന്‍ പോലും മടിയായിരുന്നു. ഷൂട്ടിങ് കാണാന്‍ വന്നവര്‍ക്കാര്‍ക്കും എന്നെ അറിയില്ലെന്നത് പ്ലസ് പോയിന്റാണ്. എങ്കിലും നാണം മാറിയിട്ടില്ല.
ഒട്ടും ശരിയായിട്ടല്ല ഞാന്‍ ആ സീന്‍ അഭിനയിച്ചു തീര്‍ത്തത്. അതുകണ്ടപ്പോള്‍ സംവിധായകന് കുറച്ച് പ്രശ്‌നമായി. നീ നാണമൊക്കെ മാറ്റിവെക്കണമെന്നും അതില്‍ നിന്നൊക്കെ പുറത്തുകടക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പായിരുന്നെങ്കില്‍ എനിക്കിങ്ങനെ സംസാരിക്കാന്‍ പറ്റില്ലായിരുന്നു. ബാഹുബലിക്ക് മുന്‍പ് എന്റെ വളരെ കുറച്ച് അഭിമുഖങ്ങള്‍ മാത്രമേ തെലുങ്കില്‍ വന്നിട്ടുള്ളൂ.
അധികം ആളുകളുമായി ഇടപഴകേണ്ടി വന്നിട്ടില്ല. പക്ഷേ ബാഹുബലിക്ക് ശേഷം എല്ലാം മാറി. പല സംസ്ഥാനങ്ങളില്‍ പോകുന്നു പല ഭാഷകള്‍ സംസാരിക്കുന്നു. പല തരത്തിലുള്ള ആളുകളെ കാണുന്നു. അങ്ങനെ ആ നാണക്കാരനില്‍ നിന്ന് പുറത്തുകടന്നുവെന്നാണ് തോന്നുന്നത്. പക്ഷേ അതിന് കുറച്ചധികം സമയമെടുത്തുവെന്ന് മാത്രം.
‘ പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ദീപിക പദുക്കോണ്‍ ഇതേ ചോദ്യം എന്നോട് ചോദിച്ചിരുന്നു. ദീപികയും അല്‍പം ഉള്‍വലിഞ്ഞ പ്രകൃതമാണ്. എന്നിട്ടും ഞങ്ങള്‍ പെട്ടെന്ന് ഓക്കെയായി. ഷൂട്ടിന്റെ ആദ്യദിവസം വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങള്‍ ഫ്രീയായി സംസാരിച്ചുതുടങ്ങി, പ്രഭാസ് പറയുന്നു.
Content Highlight: Prabhas About His First Movie and Bahubali