| Thursday, 10th March 2022, 11:31 pm

പിന്തുണയ്‌ക്കേണ്ടത് സ്ത്രീകളെ; നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രഭാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിലപാട് വ്യക്തമാക്കി പ്രഭാസ്. നടിയാണെങ്കിലും മാധ്യമപ്രവര്‍ത്തകയാണെങ്കിലും ബിസിനസ് ചെയ്യുന്നവരാണെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കണമെന്ന് പ്രഭാസ് പറഞ്ഞു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസ് ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എല്ലായിടത്തും സ്ത്രീകള്‍ ധീരതയോടെ നില്‍ക്കണം. എല്ലാവരും സ്ത്രീകളെയാണ് പിന്തുണക്കേണ്ടത്. അത് നടിയാണെങ്കിലും, മാധ്യമ പ്രവര്‍ത്തകയാണെങ്കിലും, ബിസിനസ് ചെയ്യുന്നവരാണെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കണം. അത് പ്രധാനമാണ്. സ്ത്രീകള്‍ ശക്തരാകും. അവര്‍ ലോകം ഭരിക്കും. അതുവരെ സ്ത്രീകളെ പിന്തുണയ്ക്കണം,’ പ്രഭാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്‍ സൂര്യയും നടിക്ക് പിന്തുണ് അറിയിച്ചിരുന്നു. എതിര്‍ക്കും തുനിന്തവന്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനായി കേരളത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് പറയാന്‍ സാധിക്കില്ല. നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. നടക്കാതെ നമ്മള്‍ നോക്കണം,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം പ്രഭാസിന്റെ രാധേ ശ്യാം മാര്‍ച്ച് 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം അവതരിപ്പിക്കുന്നതിനായി ശബ്ദം നല്‍കിയിരിക്കുന്നത് അമിതാഭ് ബച്ചന്‍, ഡോ. ശിവ രാജ്കുമാര്‍, പൃഥ്വിരാജ്, എസ്, എസ്, രാജമൗലി എന്നിവരാണ്.

ഹസ്തരേഖ വിദഗ്ധനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പൂജ ഹെഗ്‌ഡേയാണ് രാധേ ശ്യാമിലെ നായിക


Content Highligt: prabhas about actress attack case

We use cookies to give you the best possible experience. Learn more