ജ്ഞാനപ്പാന പുരസ്‌കാരം വേണ്ടെന്ന് കവി പ്രഭാവര്‍മ; 'കൃഷ്ണ വര്‍ണന' മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് ഹൈക്കോടതി ഒത്തുതീര്‍പ്പാക്കി
Kerala News
ജ്ഞാനപ്പാന പുരസ്‌കാരം വേണ്ടെന്ന് കവി പ്രഭാവര്‍മ; 'കൃഷ്ണ വര്‍ണന' മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് ഹൈക്കോടതി ഒത്തുതീര്‍പ്പാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st July 2023, 9:31 am

കൊച്ചി: 2020ലെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരത്തിന് തനിക്ക് അര്‍ഹതയുണ്ടെങ്കിലും പുരസ്‌കാരം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ. പ്രഭാ വര്‍മയുടെ ‘ശ്യാമമാധവം’ എന്ന കൃതിയില്‍ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് കൃഷ്ണനെ വര്‍ണിച്ചിരിക്കുന്നതെന്ന ഹരജി ഹൈക്കോടതി പരിഗണിക്കവെ ആയിരുന്നു കവി തന്റെ നിലപാടറിയിച്ചത്.

വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണെന്നും സത്യവാങ്മൂലത്തില്‍ പ്രഭാവര്‍മ വ്യക്തമാക്കിയിരുന്നു. ഇത് രേഖപ്പെടുത്തിയ ശേഷമാണ് ഹൈക്കോടതി ഹരജികള്‍ തീര്‍പ്പാക്കിയത്.

ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ തീര്‍പ്പാക്കിയത്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയാണ് 2020ലെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രഭാവര്‍മയുടെ ‘ശ്യാമമാധവം’ എന്ന കൃതി തെരഞ്ഞെടുത്തത്.

ഇത് ചോദ്യം ചെയ്ത് ചാവക്കാട് സ്വദേശി രാജേഷ് എ. നായര്‍ ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ വാദികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വാദം കേട്ടത്. ശ്യാമമാധവം എന്ന കൃതിയില്‍ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് കൃഷ്ണനെ വര്‍ണിച്ചിരിക്കുന്നതെന്നും, അവാര്‍ഡ് നിര്‍ണയത്തിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നും ഹരജിക്കാര്‍ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം, 2023ലെ പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക് നല്‍കാനുള്ള ദേവസ്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് എറണാകുളം ഉദയംപേരൂര്‍ സ്വദേശി രതീഷ് മാധവന്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ ഹരജിയില്‍ നടപടികള്‍ തുടരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മക്ക് നല്‍കുന്നത് 2020 ഫെബ്രുവരി 27ന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. നേരത്തെ ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മക്ക് നല്‍കുന്നതില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നിരുന്നു.

ഭഗവത് ഗീത ഉപദേശിച്ചതില്‍ ശ്രീകൃഷ്ണന്‍ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയമുണ്ടായതായും കൃതിയില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. പ്രഭാവര്‍മക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ദേവസ്വം ചെയര്‍മാന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയിരുന്നു.

Content Highlights: Prabha varma rejected njanappana award, high court cleared case