| Saturday, 28th September 2024, 8:46 pm

ഇത് അതിശയകരമായ ഒരു ടെസ്റ്റായിരുന്നു, എല്ലാ ക്രെഡിറ്റും ബാറ്റര്‍മാര്‍ക്കാണ് കൊടുക്കേണ്ടത്: പ്രഭാത് ജയസൂര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ്-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗല്ലേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ലങ്കന്‍ സിംഹങ്ങള്‍ 602/5 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ കിവീസ് വെറും 88 റണ്‍സിന് പുറത്താവുകയായിരുന്നു. മോശം സ്‌കോറില്‍ പുറത്തായ കിവീസ് രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയപ്പോള്‍ മഴ പെയ്ത് മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ലങ്കന്‍ ബൗളിങ്ങില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഭാത് ജയസൂര്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് കിവീസിനെ തകര്‍ത്തെറിഞ്ഞത്. 18 ഓവറില്‍ ആറ് മെയ്ഡന്‍ ഉള്‍പ്പെടെ 42 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ താരം സംസാരിച്ചിരുന്നു.

‘ഇത് ഞങ്ങള്‍ക്ക് അതിശയകരമായ ഒരു ടെസ്റ്റ് മത്സരമായിരുന്നു. എല്ലാ ക്രെഡിറ്റും ബാറ്റര്‍മാര്‍ക്കാണ് കൊടുക്കേണ്ടത്. അവര്‍ ബോര്‍ഡില്‍ 600ല്‍ അതിധികം റണ്‍സ് നേടിയപ്പോള്‍ കളി തങ്ങളില്‍ നിന്ന് വഴുതിപ്പോയെന്ന് എതിരാളികള്‍ തിരിച്ചറിഞ്ഞിരിക്കാം.

ഞങ്ങള്‍ക്ക് അഞ്ച് വിക്കറ്റുകള്‍ കൂടി വേണം, ഞങ്ങള്‍ കാര്യങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ടാം ഇന്നിങ്സില്‍ അവര്‍ സമീപനം മാറ്റി ഞങ്ങളെ ആക്രമിച്ചു. എതിരാളികള്‍ ആക്രമണോത്സുകമായി കളിക്കുന്നത് എനിക്കിഷ്ടമാണ്. നിങ്ങള്‍ റണ്‍സ് വഴങ്ങുന്നത് നിര്‍ത്തി വിക്കറ്റുകള്‍ വീഴ്ത്താനുള്ള വലിയ സാധ്യതയുണ്ട്,’ പ്രഭാത് ജയസൂര്യ പറഞ്ഞു.

ജയസൂര്യക്ക് പുറമെ നിഷാന്‍ പീരിസ് മൂന്ന് വിക്കറ്റും അസിതാ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി.
ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്കക്കായി കാമിന്ദു മെന്‍ഡീസ്, ദിനേശ് ചണ്ടിമല്‍, കുശാല്‍ മെന്‍ഡീസ് എന്നിവര്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മെന്‍ഡീസ് 250 പന്തില്‍ പുറത്താവാതെ 116 റണ്‍സാണ് നേടിയത്. 16 ഫോറുകളും നാല് സിക്‌സുകളുമാണ് താരം നേടിയത്.

ദിനേശ് 208 പന്തില്‍ 116 റണ്‍സും കുശാല്‍ 149 പന്തില്‍ 106 റണ്‍സും നേടി. ഏഞ്ചലോ മാത്യൂസ് 88 റണ്‍സും ദിമുത് കരുണരത്‌നെ 46 റണ്‍സും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. കിവീസ് ബൗളിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ടിം സൗത്തി ഒരു വിക്കറ്റും നേടി.

Content Highlight: Prabath Jayasurya Talking About Test Match Against New Zealand

We use cookies to give you the best possible experience. Learn more