ഹൈദരാബാദ്: ആരാധാകരുടെ ബാഹുബലി പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോള്‍ താരത്തിന്റെ ബാച്ചിലര്‍ ജീവിതത്തിന് തിരശ്ശീലയിടാന്‍ കുടുംബം തന്നെ തീരുമാനിച്ചിരിക്കയാണ്.
ഈ വര്‍ഷം തന്നെ പ്രഭാസ് വിവാഹിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ബന്ധുകൂടിയായ കൃഷ്ണാം രാജുവാണ് വിവാഹം ഉടനെ ഉണ്ടാകുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. ഈ വര്‍ഷം തന്നെ പ്രഭാസ് വിവാഹിതനാകും. വിവാഹത്തിന് അവന്‍ സമ്മതം മൂളിയിട്ടുണ്ട്. എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
പ്രഭാസിന്റെ വിവാഹ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന പേരുകൂടിയാണ് നടി അനുഷ്‌ക ഷെട്ടിയുടേത്. അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുകള്‍ മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. “ഞങ്ങള്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുകളാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം” എന്ന് പ്രഭാസ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ബോക്സോഫീസ് തകര്‍ത്ത ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം സാഹോ എന്ന ചിത്രത്തിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. അനുഷ്‌ക ഷെട്ടിയെയാണ് ആദ്യം പരിഗണിച്ചതെങ്കിലും നറുക്ക് വീണത് ശ്രദ്ധയ്ക്കായിരുന്നു.