| Tuesday, 12th July 2016, 2:34 pm

ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം ശ്രീജേഷ് നയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളിതാരം പി.ആര്‍.ശ്രീജേഷ് നയിക്കും. ഒളിംപിക്‌സിനായി പ്രഖ്യാപിച്ച 16 അംഗ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങുമുണ്ട്. വനിതാ ടീമിനെ സുശീല ചാനു നയിക്കും.

ചാംമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തുണയായത്. ചാംപ്യന്‍സ് ട്രോഫിയിലും ശ്രീജേഷായിരുന്നു ക്യാപ്റ്റന്‍. ഒളിംപിക്‌സ് ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് ശ്രീജേഷ്.

2006ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഒരിടവേളക്കു ശേഷം ഇന്ത്യക്ക് ഒളിമ്പിക്‌സ് യോഗ്യത നല്‍കുന്നതിലും മലയാളി ഗോള്‍കീപ്പര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.

സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള “ധ്രുവബത്ര” പുരസ്‌കാര നേട്ടത്തിനു പിന്നാലെയാണ് ദേശീയ ടീം നായകത്വവും ഇപ്പോള്‍ ഒളിംമ്പിക്‌സില്‍ ഇന്ത്യയുടെ നേതൃസ്ഥാനവും ശ്രീജേഷിന്റെ കൈകളില്‍ എത്തുന്നത്. രണ്ടു വര്‍ഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്.

We use cookies to give you the best possible experience. Learn more