സച്ചിന് പകരം കോഹ്‌ലിയെന്ന പോലെ എനിക്ക് പകരവും ഒരാള്‍ വരും; പി.ആര്‍. ശ്രീജേഷ്
Sports News
സച്ചിന് പകരം കോഹ്‌ലിയെന്ന പോലെ എനിക്ക് പകരവും ഒരാള്‍ വരും; പി.ആര്‍. ശ്രീജേഷ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th August 2024, 1:43 pm

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പകരം വിരാട് കോഹ്‌ലി വന്നതുപോലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ വല കാക്കാന്‍ തനിക്ക് പകരം മറ്റൊരാള്‍ ഉറപ്പായും വരുമെന്ന് ഇന്ത്യന്‍ ഇതിഹാസം പി.ആര്‍. ശ്രീജേഷ്.

ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍നേട്ടത്തോടെ താരം തന്റെ ഐതിഹാസിക കരിയറിനോട് വിട പറഞ്ഞിരുന്നു. തന്റെ വിടവ് ഒരിക്കലും ഇന്ത്യന്‍ ടീമിലുണ്ടാകില്ല എന്നാണ് താരം പറയുന്നത്.

 

‘അങ്ങനെയൊരു വിടവ് എപ്പോഴും ഉണ്ടാകില്ല. എനിക്ക് പകരം ആരെങ്കിലും അവിടെയെത്തും. എല്ലാ കായിക ഇനങ്ങളും അങ്ങനെ തന്നെയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവിടെയുണ്ടായിരുന്നു, ഇപ്പോള്‍ നമുക്ക് അതിന് പകരം വിരാട് കോഹ്‌ലി ഉണ്ട്. ഇനി അദ്ദേഹത്തിന് പകരം ആരെങ്കിലും അവിടെയെത്തും.

അതുപോലെ ശ്രീജേഷ് ഇന്നലെ ഉണ്ടായിരുന്നു. ഇനി അതിന് പകരം ആരെങ്കിലും വരും,’ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീജേഷ് പറഞ്ഞു.

ഗോള്‍ വലയ്ക്ക് മുമ്പില്‍ വന്‍മതില്‍ പോലെ ഉറച്ചുനിന്നാണ് ശ്രീജേഷ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. സ്‌പെയ്‌നിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീം എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചപ്പോള്‍ ഇന്ത്യ പാരീസിലെ നാലാം മെഡലും ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കലവും സ്വന്തമാക്കി.

 

2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ നാല് പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടി. അതിന് ചുക്കാന്‍ പിടിച്ചത് ശ്രീജേഷായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഹോക്കി ടീം ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചിരുന്നു. 52 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ കംഗാരുപ്പടയെ അടിയറവ് പറയിച്ചത്! അന്നും ശ്രീജേഷ് വന്മതിലായി നിലകൊണ്ടു.

അതേസമയം, സെമിയില്‍ ജര്‍മനിയോടായിരുന്നു ഇന്ത്യയുടെ പരാജയം. പൊരുതിക്കളിച്ചെങ്കിലും രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ജര്‍മനി ഇന്ത്യയെ പരാജയപ്പെടുത്തി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

 

Content Highlight: PR Sreejesh says someone will replace his position after retirement