കോഴിക്കോട്: സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന ഇ. ശ്രീധരന്റെ തീരുമാനം മാറ്റണമെന്ന് ബി.ജെ.പി നേതാവ് പി.ആര്‍. ശിവശങ്കര്‍. ശ്രീധരനെപ്പോലെ സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ തങ്ങള്‍ക്ക് ഒരു ആചാര്യനെ ഗുരുവിനെ വേണമെന്ന് ശിവശങ്കര്‍ പറഞ്ഞു.
‘അങ്ങയെപ്പോലെ ഒരു സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും. എന്നിട്ടും അങ്ങ് തോറ്റു. അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സജീവ രാഷ്ട്രീയം വിടുകയാണെന്ന് ശ്രീധരന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ. ശ്രീധരന്‍.
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ എം.എല്‍.എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല,’ ശ്രീധരന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീധരനെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ തന്നെ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി വാര്‍ത്തയായിരുന്നു.